തുടര്‍ച്ചയായ അഞ്ചു ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല; ഇടപാടുകളുണ്ടെങ്കില്‍ നേരത്തെ പൂര്‍ത്തിയാക്കാം

Share our post

അടുത്താഴ്ച അഞ്ചു ദിവസം രാജ്യത്ത് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ബാങ്കിംഗ് സംഘടനകളുടെ പണിമുടക്കും അവധിയും അടക്കമാണ് അഞ്ചു ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കുന്നത്. ബാങ്ക് ജീവനക്കാരുടെ സംഘടന നടത്തുന്ന പണിമുടക്കിനു മുന്നോടിയായി സേവനങ്ങൾ തടസപ്പെടാതിരിക്കാൻ ഇടപാടുകൾ വരും ദിവസങ്ങളിൽ തന്നെ പൂർത്തിയാക്കണമെന്നാണ് എസ്ബിഐ അറിയിപ്പ് നല്‍കി. ഏഴു ബാങ്കിംഗ് തൊഴിലാളി സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ആണ് മൂന്നു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 

സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയാണ് പണിമുടക്ക്. ഇതിനൊപ്പം 26-ാം തീയതി നാലാം ശനിയും 27-ാം തീയതി ഞായറാഴ്ചയും ചേരുന്നതോടെ അഞ്ചു ദിവസമാണ് ബാങ്കുകള്‍ അടഞ്ഞുകിടക്കുക. 25-ാം തീയതിയാണ് അവസാനമായി ബാങ്കുകളില്‍ നേരിട്ട് സേവനം ലഭിക്കുക. ബാങ്കുകള്‍ അടഞ്ഞുകിടന്നാലും എടിഎം, ഡിജിറ്റല്‍ സേവനങ്ങള്‍ ലഭിക്കുമെന്ന് എസ്ബിഐ വ്യക്തമാക്കി.

പ്രധാനപ്പെട്ട ബാങ്കിംഗ് ഇടപാടുകള്‍ സമരത്തിനു മുന്‍പ് തന്നെ പൂര്‍ത്തിയാക്കാണമെന്നാണ് എസ്ബിഐ നിര്‍ദേശിക്കുന്നത്.  പണമിടപാടിന് എടിഎം സൗകര്യങ്ങളും കസ്റ്റര്‍ സര്‍വീസ് പോയിന്‍റും ഉപയോഗിക്കാനും എസ്ബിഐ ആവശ്യപ്പെടുന്നു. യോനോ, ഇന്‍റര്‍നെറ്റ് ബാങ്കിംഗ്, യുപിഐ സേവനങ്ങൾ എന്നിവ തടസമില്ലാതെ തുടരുമെന്നും ബാങ്ക് വ്യക്തമാക്കി.

2024-ൽ നൽകിയ വാഗ്ദാനമായ അഞ്ച് ദിവസത്തെ ബാങ്കിംഗ് നടപ്പിലാക്കുന്നത് ഉൾപ്പെടെയുള്ള നാല് ആവശ്യങ്ങൾ ഉന്നയിച്ചാണ് യുഎഫ്ബിയു പണിമുടക്കുന്നത്. സെപ്റ്റംബര്‍ 11 ന് നടത്തിയ പണിമുടക്കിന്‍റെ രണ്ടാം ഘട്ടമാണ് സെപ്റ്റംബർ 28 മുതൽ 30 വരെയുള്ള മൂന്നുദിവസത്തെ പണിമുടക്ക്. ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കും സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. 

സംഘടനകളുമായി 2024 മാർച്ചിൽ ഒപ്പുവച്ച കരാറിൽ ശനിയാഴ്ചകൾ അവധി ദിവസങ്ങളായി പ്രഖ്യാപിക്കുമെന്ന് ബാങ്ക് മാനേജ്‌മെന്റുകൾ സമ്മതിച്ചിരുന്നു. തിങ്കൾ മുതൽ വെള്ളി വരെ പ്രവൃത്തി സമയം 40 മിനിറ്റ് വർധിപ്പിക്കാന്‍ യൂണിയനുകളും സമ്മതം അറിയിച്ചതാണ്. ഈ കരാർ ധനകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ രണ്ടുവര്‍ഷമായി തീരുമാനമുണ്ടായിട്ടില്ലെന്ന് യുഎഫ്ബിയു വ്യക്തമാക്കി. 

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!