ആനക്കൊട്ടിൽ ഒരുങ്ങുന്നു; കുങ്കിയാനകളെ ഉടൻ ആറളത്തെത്തിക്കും

Share our post

ഇരിട്ടി : ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ കണ്ണൂർ മഖ്ന1 (കെ.എം. 1) എന്ന മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടി സുരക്ഷിതസ്ഥലത്തേക്ക് മാറ്റാനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക്. മയക്കുവെടിവെച്ച് പിടിക്കുന്ന മോഴയെ വയനാട്ടിലെ മുത്തങ്ങയിൽ വനംവകുപ്പിന്റെ നിയന്ത്രണത്തിൽ നിരീക്ഷിക്കുന്നതിനുള്ള ആനക്കൊട്ടിൽ (ക്രാൾ) നിർമാണം അന്തിമഘട്ടത്തിലെത്തി. ഇതിനുള്ള യൂക്കാലിമരങ്ങൾ മുറിച്ച് കൂട് നിർമാണ സ്ഥലത്തേക്കെത്തിച്ചുതുടങ്ങി. നൂറിലധികം മരങ്ങളാണ് ഇതിനായി മുറിച്ചിരിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ കൂട് നിർമാണം പൂർത്തിയാകും. ഇതോടെ ദൗത്യത്തിനായി വയനാട്ടിൽനിന്ന് കുങ്കിയാനകളെ ആറളത്തേക്കെത്തിക്കും.

ആറളത്ത് നിരവധിപ്പേരുടെ ജീവനെടുത്ത മോഴയെ മയക്കുവെടിവെച്ച് പിടിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഒന്നരമാസം മുൻപാണ് ഉത്തരവിട്ടത്. ഓണത്തിന് മുൻപ് ഓപ്പറേഷൻ കണ്ണൂർ മഖ്‌ന എന്ന പേരിൽ നടപ്പാക്കാനിരുന്ന ദൗത്യം നീണ്ടുപോവുകയായിരുന്നു. മയക്കുവെടിവെക്കുന്നതിന് മുൻപ് മോഴയെ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേകസംഘം ആറളത്ത് ക്യാമ്പ് ചെയ്തെങ്കിലും മോഴ പുനരധിവാസമേഖലയിൽനിന്ന് മുങ്ങിനടക്കുന്നത് പ്രതിസന്ധിയായി.

നിലവിൽ കെ.എം. 1 എന്ന മോഴയാന വന്യജീവി സങ്കേതത്തിനുള്ളിലാണെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. ആന ഫാമിലേക്ക് ഇറങ്ങുന്നതിനു മുൻപുതന്നെ കുങ്കിയാനകളെ അവിടെ എത്തിക്കാനാണ് നീക്കം. കുങ്കിയാനകളുടെ ഗന്ധം തിരിച്ചറിഞ്ഞ് മോഴ ഫാമിലേക്ക് കടക്കാതിരിക്കാനുള്ള സാധ്യതപരിഗണിച്ചാണ് ഇവയെ എത്തിക്കുന്ന സമയം ക്രമീകരിക്കുന്നത്.

ക്രാൾ നിർമാണം പൂർത്തിയാക്കുന്നതിനും കുങ്കിയാനകളുടെ സാന്നിധ്യത്തിനും അനുസരിച്ചായിരിക്കും തുടർനടപടികൾ. ആനയുടെ നീക്കവും സാന്നിധ്യവും നിരീക്ഷിച്ചശേഷം മയക്കുവെടി ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. പുനരധിവാസമേഖലയിലെ ജനങ്ങൾക്കും കർഷകർക്കും ഭീഷണിയായ മോഴയാനയെ പിടികൂടാനുള്ള നടപടികൾ വൈകുന്നതിൽ ആശങ്ക ഉയർന്നിരുന്നു. പുതിയ ക്രമീകരണങ്ങളോടെ ദൗത്യം വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!