വൈദ്യുതി പ്രതിസന്ധി രൂക്ഷം; കേരളത്തില്‍ ഇന്നും പവര്‍കട്ട് തുടരും

Share our post

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയാതെ സംസ്ഥാന സര്‍ക്കാര്‍. ഇന്നും പവര്‍കട്ട് തുടരും. സംസ്ഥാനത്തെ പ്രതിദിന ഉപഭോഗം 94 ദശലക്ഷത്തിന് മുകളിലെത്തി.

അതേസമയം, വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ച് എന്‍ടിപിസി സിഎംഡിയുമായി കെഎസ്ഇബി ചെയര്‍മാന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. എന്‍ടിപിസി സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ വലിയ കടമ്പകളില്ലാതെ വാങ്ങാനാവും. എന്‍ടിപിസി അവസാന ഓപ്ഷനല്ലായെന്ന് മന്ത്രി പറഞ്ഞിരുന്നു. വില കൂടുതല്‍ നല്‍കിയാലും വൈദ്യുതി വാങ്ങുകയെന്നതാണ് ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. 30 രൂപക്ക് വാങ്ങുന്നത് സാമ്പത്തിക ബാധ്യതയാണെങ്കിലും അടിയന്തര സാഹചര്യത്തില്‍ വാങ്ങുക എന്നത് മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ആണവനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ സിഎംഡിയും നേരിട്ട് ഇടപെടുന്നുണ്ട്. കൈമാറ്റ കരാര്‍ അവസാനിച്ചതോടെ പീക്ക് ടൈമില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നതാണ് നിലവിലെ ആശ്വാസമെങ്കിലും അതുകൊണ്ട് മാത്രം നിയന്ത്രണം ഒഴിവാക്കാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. അടുത്ത പതിനഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. പ്രതിസന്ധി പരിഹരിക്കാന്‍ ആണവ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബി ചെയര്‍മാന്‍ എം ജി രാജമാണിക്യം മുംബൈയിലെത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!