കണിച്ചാർ സാംസ്കാരിക നിലയം കാടൂമൂടി നശിക്കുന്നു
കണിച്ചാർ: പരിപാലനമില്ലാതെ കാടുമൂടിയും ചുവരുകളിൽ വിള്ളലുകൾ വീണും കണിച്ചാർ സാംസ്കാരിക നിലയം നശിക്കുന്നു. നൂറുകണക്കിന് രേഖകൾ അലക്ഷ്യമായി കൂട്ടിയിട്ട നിലയിൽ നശിക്കുകയാണ്. പ്രദേശവാസികളുടെ സാംസ്കാരികവും സാമൂഹികവുമായ കൂട്ടായ്മകൾക്ക് ഉപകാരപ്പെടേണ്ട കെട്ടിടമാണ് അധികൃതരുടെ കടുത്ത അനാസ്ഥ മൂലം നശിച്ചുകൊണ്ടിരിക്കുന്നത്.
ഇതിനിടയിലാണ് ജനങ്ങളുടെ നിർണായക വിവരങ്ങൾ അടങ്ങിയ ഔദ്യോഗിക രേഖകളും നശിക്കുന്നത്. വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താതെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഈ കെട്ടിടം. ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ഓഫീസുകളിൽ സമർപ്പിച്ച അപേക്ഷകളും മറ്റു പ്രധാനപ്പെട്ട രേഖകളുമാണ് തകർച്ചയുടെ വക്കിലുള്ള ഈ കെട്ടിടത്തിനുള്ളിൽ തള്ളിയിരിക്കുന്നത്. പൊതുമുതൽ നശിപ്പിക്കുന്നതിനൊപ്പം ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ അടങ്ങിയ ഔദ്യോഗിക രേഖകൾ സുരക്ഷിതമില്ലാതെ ഉപേക്ഷിച്ചതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. കെട്ടിടം കാടുമൂടിയതിനു പുറമേ പലഭാഗത്തും വലിയ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്.
അലക്ഷ്യമായി തള്ളിയ ഫയലുകൾ ഉടനടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും സാംസ്കാരിക നിലയം നവീകരിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാനും അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
