ജില്ലയാകുമോ, തലശ്ശേരി? കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ, വടകര എല്ലാം ചേർന്നാൽ പുതിയ ജില്ല
തലശ്ശേരി : തലശ്ശേരി ആസ്ഥാനമായി പുതിയ ജില്ല വേണമെന്ന ആവശ്യം ശക്തമായി. തലശ്ശേരി, ഇരിട്ടി, വടകര താലൂക്കുകളിലെ തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ, വടകര, നാദാപുരം, കുറ്റ്യാടി നിയമസഭാ മണ്ഡലങ്ങളും ധർമടം മണ്ഡലത്തിന്റെ ഒരു ഭാഗവും ഉൾപ്പെടുത്തി പുതിയ ജില്ല വേണമെന്നാണ് ആവശ്യം. ഐഎംഎയും തലശ്ശേരി വികസനവേദിയും വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യത്തെ അനുകൂലിച്ച് ഒടുവിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റിയും രംഗത്തെത്തി. മൂവാറ്റുപുഴ ജില്ല സജീവ ചർച്ചയിലാണെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ പ്രഖ്യാപനത്തോടെ തലശ്ശേരി ജില്ലയും യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ, വടകര, നാദാപുരം, കുറ്റ്യാടി നിയമസഭാ മണ്ഡലങ്ങളും ധർമടം മണ്ഡലത്തിന്റെ ഒരു ഭാഗവും ഉൾപ്പെടുത്തി പുതിയ ജില്ല വേണമെന്ന് ആവശ്യം
ജില്ലയുടെ ചുമതലയുള്ള മന്ത്രി സണ്ണി ജോസഫിനു മുൻപിൽ ഐഎംഎ സംസ്ഥാന സമിതി അംഗം ഡോ.സി.കെ.രാജീവ് നമ്പ്യാരും യുഡിഎഫ് നേതാക്കളും ഈ ആവശ്യമുയർത്തി നിവേദനം സമർപ്പിച്ചപ്പോൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു തീരുമാനം എടുക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. തലശ്ശേരിയുടെ സാധ്യതകൾ മുഖ്യമന്ത്രിക്കു അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വിവിധ സംഘടനകൾ.
എന്തുകൊണ്ട് തലശ്ശേരി ജില്ല ?
250 വർഷം ബ്രിട്ടിഷ് ഭരണത്തിന്റെ മലബാറിലെ സിരാകേന്ദ്രം തലശ്ശേരിയായിരുന്നു. കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, കുടക് പ്രദേശം അടങ്ങിയ പഴയ മലബാറിന്റെ ആസ്ഥാനവും തലശ്ശേരിയായിരുന്നു. കേരള രൂപീകരണഘട്ടത്തിൽ മലബാർ ജില്ലകളിൽ കോഴിക്കോടിനൊപ്പം ആദ്യം പരിഗണിക്കപ്പെട്ട പേരും തലശ്ശേരിയായിരുന്നു. 1866 നവംബർ ഒന്നിനു കോഴിക്കോടിനും പാലക്കാടിനുമൊപ്പം സ്ഥാപിതമായ ആദ്യ നഗരസഭകളിലൊന്നും തലശ്ശേരി തന്നെ. ഇന്ത്യയിൽ ആദ്യമായി സാധാരണക്കാർ ക്രിക്കറ്റ് കളി തുടങ്ങിയ ഈ നഗരത്തിൽ തന്നെയാണ് ഇന്ത്യൻ സർക്കസിന്റെ വളർച്ചയും ബേക്കറി ആരംഭിച്ചതും കേരളത്തിൽ ആദ്യമായി ക്രിസ്മസ് കേക്ക് ഉണ്ടാക്കിയതുമൊക്കെ.
അടിസ്ഥാന സൗകര്യങ്ങളുള്ള നഗരം
പൈതൃക കെട്ടിടമായ സബ് കലക്ടേഴ്സ് ഓഫിസ്, ബംഗ്ലാവ്, ജനറൽ ആശുപത്രി, രാജ്യത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന കോടതി സമുച്ചയം, ലോകോത്തര നിലവാരത്തിലേക്കുയരുന്ന മലബാർ കാൻസർ സെന്റർ, അമ്മയും കുഞ്ഞും ആശുപത്രി, സഹകരണ ആശുപത്രികളും മറ്റു സ്വകാര്യ ആശുപത്രികളും, ജില്ലാ റജിസ്ട്രാർ ഓഫിസ്, ബ്രണ്ണൻ കോളജ്, 1857ൽ സ്ഥാപിതമായ ബിഇഎംപി ഹൈസ്കൂൾ, 1887ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച സേക്രട്ട് ഹാർട്ട് ഗേൾസ് സ്കൂൾ, എൻജിനീയറിങ് കോളജ്, ലോ കോളജ്, സർവകലാശാല കേന്ദ്രം, നഴ്സിങ് കോളജുകൾ, രാജ്യാന്തരതലത്തിൽ ഉയർന്നു നിൽക്കുന്ന സാങ്കേതിക സ്ഥാപനം എൻടിടിഎഫ്, റെയിൽവേ, റോഡ് എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങളേറെയുണ്ടായിരുന്ന തലശ്ശേരി വ്യോമയാത്രാരംഗത്തും മുൻനിരയിലാണ്.
