ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം പഴശ്ശി ആയുർവേദ ആസ്പത്രി തുറന്നില്ല
മട്ടന്നൂർ : പഴശ്ശി കന്നാട്ടുംകാവിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച സർക്കാർ ആയുർവേദ ആസ്പത്രി ഉദ്ഘാടനം ചെയ്ത് ആറുമാസം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങിയില്ല. ദേശീയ ആയുഷ് മിഷന്റെയും സംസ്ഥാന സർക്കാരിന്റെയും നേതൃത്വത്തിലാണ് ആസ്പത്രി നിർമിച്ചത്. പഴശ്ശിയിലെ ബഡ്സ് സ്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ആസ്പത്രി ഇപ്പോഴും പ്രവർത്തിക്കുന്നത്. ഓണത്തിന് ശേഷം പുതിയ കെട്ടിടത്തിലേക്ക് മാറുമെന്ന് അധികൃതർ പറഞ്ഞു.
ഫെബ്രുവരി 20-ന് മുൻ സ്പീക്കർ എ.എൻ. ഷംസീറാണ് ആസ്പത്രി ഉദ്ഘാടനം ചെയ്തത്. ഒരു മാസത്തിനകം പ്രവർത്തനം ഇങ്ങോട്ടേക്ക് മാറുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല. അഞ്ചു നിലകളുള്ള ആസ്പത്രിയുടെ മൂന്നുനിലകൾ ആദ്യഘട്ടത്തിൽ പണി പൂർത്തിയാക്കിരുന്നു. ഇന്റഗ്രേറ്റഡ് ഹെൽത്ത് സെന്റർ എന്ന നിലയിലാണ് ആയുർവേദ ആസ്പത്രിക്കുള്ള പദ്ധതി തയ്യാറാക്കിയത്. കേന്ദ്രപദ്ധതിപ്രകാരം ആദ്യം ഒൻപതുകോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരുന്നത്. ഇത് തികയാതെവന്നതോടെ രണ്ടുകോടി രൂപ കൂടി സംസ്ഥാനസർക്കാർ അനുവദിച്ചു. പിന്നീട് കേന്ദ്ര-സംസ്ഥാന വിഹിതമായി ആറുകോടി രൂപയും ചേർന്ന് 17 കോടി രൂപ ചെലവിലാണ് ആസ്പത്രി നിർമിക്കുന്നത്.
താഴത്തെ നിലയിൽ ഒ.പി. അടക്കമുള്ള സംവിധാനങ്ങളും ഒന്നും രണ്ടും നിലകളിൽ വാർഡുകളുമാണ് ഉണ്ടാകുക. കെ.കെ. ശൈലജ ആരോഗ്യമന്ത്രിയായിരുന്ന കാലത്താണ് മട്ടന്നൂരിന്റെ ആരോഗ്യരംഗത്തിന് കരുത്തേകാൻ ആയുർവേദ ആസ്പത്രി അനുവദിച്ചത്. ആയുർവേദത്തിന്റെ പരമ്പരാഗത ചികിത്സാരീതികൾക്കൊപ്പം തന്നെ ആധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയുള്ള ചികിത്സാസംവിധാനമാണ് ലഭ്യമാക്കുക. 50 കിടക്കകളുള്ള ആസ്പത്രിയിൽ കിടത്തിച്ചികിത്സ തുടങ്ങാൻ പുതിയ ജീവനക്കാരെ നിയമിക്കണം. ഇതിനുള്ള സ്റ്റാഫ് പാറ്റേൺ ഉൾപ്പടെ സർക്കാർ അംഗീകരിക്കണം. ആദ്യഘട്ടത്തിൽ നിലവിൽ പ്രവർത്തിക്കുന്ന രീതിയിൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ആയുർവേദ ആസ്പത്രിയിൽ ദിവസവും നൂറോളം പേർ ചികിത്സ തേടിയെത്തുന്നുണ്ട്.
