ഓണം അവധിക്ക് വേഗം നാട്ടിലെത്താനിരുന്ന ബെംഗളൂരു മലയാളികൾക്ക് ഇരുട്ടടി; വന്ദേഭാരത് വൈകിയത് ആറു മണിക്കൂർ
കൊച്ചി: ഓണം അവധിക്ക് വേഗം നാട്ടിലെത്താനിരുന്ന ബെംഗളൂരു മലയാളികൾക്ക് റെയിൽവേയുടെ ഇരുട്ടടി. ഞായറാഴ്ചത്തെ ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസ് ആറു മണിക്കൂറാണ് വൈകിയത്. ഇതേത്തുടർന്ന് പ്രതിഷേധിച്ച യാത്രക്കാർ റെയിൽ മദത്തിലും മറ്റ് സൈറ്റുകളിലും പരാതി അയച്ചു. വൈകുന്ന വിവരം മുൻകൂട്ടി അറിയിക്കാത്തതിനാൽ മണിക്കൂറുകളോളം സ്റ്റേഷനിൽ കഴിച്ചുകൂട്ടേണ്ടിവന്നുവെന്ന് ചില യാത്രക്കാർ പറഞ്ഞു.
രാവിലെ 5.15-ന് പുറപ്പെടേണ്ട വണ്ടിയാണ് ആറു മണിക്കൂർ വൈകിയത്. ഇതിനെത്തുടർന്ന് എറണാകുളം ജങ്ഷനിൽ നിന്നുള്ള ബെംഗളൂരു വന്ദേഭാരതും വൈകി. ഉച്ചയ്ക്ക് 2.20-ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ രാത്രി എട്ടരയ്ക്കാണ് പോയത്. ഇത്തരത്തിൽ രണ്ടുമാസം മുൻപും മണിക്കൂറുകളോളം ട്രെയിൻ വൈകിയിരുന്നു. ബെംഗളൂരുവിലെ ഗതാഗതക്രമീകരണങ്ങളാണ് ഇതിന് കാരണമെന്നാണ് അന്ന് അധികൃതർ വിശദീകരിച്ചത്.
