ഒരു പോസ്റ്റും നീക്കാൻ സർക്കാർ മെറ്റയോട് ആവശ്യപ്പെട്ടിട്ടില്ല, വിശദീകരണം വായിച്ചുനോക്കൂ- മുഖ്യമന്ത്രി
തിരുവനന്തപുരം: ഫെയ്സ്ബുക്ക് പോസ്റ്റുകൾ നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട് മെറ്റയുമായി സംസ്ഥാന സർക്കാർ ഒരുതരത്തിലുള്ള ആശയവിനിമയവും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരുതരത്തിലും ഒരു പോസ്റ്റും നീക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നോ പോലീസിന്റെ ഭാഗത്തുനിന്നോ മെറ്റയോട് ആവശ്യപ്പെട്ടിട്ടില്ല. ഇന്ത്യയിൽ മൊത്തം പോസ്റ്റ് നീക്കം ചെയ്യൽ നടക്കുന്നുണ്ട്. എല്ലാ സംസ്ഥാനത്തും നടക്കുന്നുണ്ട്. ഇവിടുത്തെ മാത്രം എടുത്തിട്ട് ഞാൻ മെറ്റയോട് പറഞ്ഞു, മെറ്റ നീക്കി എന്നായിരുന്നു ആദ്യം പറഞ്ഞത്. എന്തൊരു വിലകുറഞ്ഞ പ്രചരണമാണ് കേരളത്തിൽ നടത്തിയത്’, സതീശൻ പറഞ്ഞു.
‘ഇപ്പോൾ മെറ്റയിൽനിന്ന് ലഭിച്ചിരിക്കുന്ന വിശദീകരണം വായിച്ചു നോക്കൂ. അറിയാവുന്നവരോട് ഒന്ന് ചോദിച്ച് നോക്ക്. എന്താണ് ആ വിശദീകരണമെന്ന്. അതിന്റെ അർഥം ഞങ്ങൾ പറഞ്ഞുവെന്നാണോ. ലീഗൽ റിക്വയർമെന്റ് എന്ന് പറഞ്ഞാൽ അതിൽ സർക്കാരിന് എന്താണ് കാര്യം. അത് അവർ പറഞ്ഞതാണ്. അത് അവരുടെ അൽഗോരിതം അനുസരിച്ചുള്ള ലീഗൽ റിക്വയർമെന്റാണ്. ഓരോ ഓൺലൈൻ ചാനലും ചാനലുകളും അവർക്ക് ആവശ്യമുള്ളതുപോലെ വ്യഖ്യാനിക്കുകയാണ്. ലീഗൽ റിക്വയർമെന്റ് എന്ന് പറഞ്ഞാൽ സർക്കാർ ആവശ്യപ്പെട്ടെന്നാണോ അർഥം’, മുഖ്യമന്ത്രി ചോദിച്ചു.
