കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ കണ്ട് 13കാരി, മോഷണം ഐഫോണും ബൈക്കും വാങ്ങാന്‍

Share our post

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ ശിവന്‍കുട്ടി(67)യുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശിവന്‍കുട്ടിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വീഡിയോ കോളില്‍ 13കാരി കണ്ടിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. പെൺകുട്ടിക്ക് ഐഫോണ്‍ വാങ്ങാനും കൂട്ടുപ്രതികളായ പരവൂര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് ബൈക്ക് വാങ്ങുന്നതിനുമാണ് വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്നതെന്നും വിവരമുണ്ട്. ശിവന്‍കുട്ടിയുടെ ബന്ധുവായ 13കാരിയെയും മൂന്ന് വിദ്യാര്‍ത്ഥികളെയുമാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ശിവന്‍കുട്ടിയുടെ ഭാര്യയും മകളും വീട്ടിലില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ശിവന്‍കുട്ടിയുടെ മകളെ പ്രസവത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശിവന്‍കുട്ടിയുടെ ഭാര്യയും ഇവര്‍ക്കൊപ്പമാണ്. ഇതോടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മറ്റൊരു ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞദിവസം പരീക്ഷയുണ്ടെന്ന പേരില്‍ അവിടെ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനിയാണ് വീട്ടിലെത്തി ആദ്യം മൃതദേഹം കണ്ടെന്ന് അറിയിച്ചത്. വീട് തുറക്കാന്‍ കഴിയുന്നില്ല അകത്ത് നിന്നും പൂട്ടിയിരിക്കുകയാണെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. വയോധികൻ മരിച്ചു കിടക്കുന്നത് നേരിട്ട് കണ്ടിട്ടും കുട്ടിക്ക് ഭാവവ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി സംശയിക്കപ്പെട്ടിരുന്നില്ല. തുടര്‍ന്ന് പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ പോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. ഇതോടെ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തായത്.

അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഒരു പ്രൊഫഷണല്‍ കൊലപാതകിയല്ല ഇതിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. വീട്ടിനുള്ളില്‍ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം നിലനില്‍ക്കേയാണ് എട്ടാം ക്ലാസുകാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് മനസിലാക്കിയത്. 67 വയസുള്ള ശിവന്‍കുട്ടിയുടെ മൃതദേഹം വിവസ്ത്രനായ നിലയിലാണ് കണ്ടെത്തിയത്. കൈകളും കാലുകളും ബന്ധിച്ചിരുന്നു. വീട്ടിനുള്ളിലാകെ മുളകുപൊടി വിതറിയിരുന്നു. വീട്ടില്‍ നിന്നും ആറു പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. കൂട്ടുപ്രതികള്‍ കൂടെ പഠിച്ചവരും പരിചയക്കാരുമാണ്.

പ്രായപൂര്‍ത്തിയായ ആരുടെയെങ്കിലും സഹായം പ്രതികള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ശ്വാസം മുട്ടിച്ചാണ് ശിവന്‍കുട്ടിയെ കൊലപ്പെടുത്തിയത്. രാത്രി വീട്ടിലെത്തിയ പ്രതികള്‍ ശൗചാലയത്തിന്റെ വെന്റിലേഷന്‍ വഴിയാണ് അകത്തുകയറിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!