ഓണവിപണി പിടിക്കാൻ നിർമിത ബുദ്ധി; ഗൃഹോപകരണ വിപണിയിൽ 6,000 കോടിയുടെ വിൽപന ലക്ഷ്യമിട്ട് കമ്പനികൾ
ഓണക്കാലത്ത് കേരളത്തിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന ഉത്പന്നങ്ങളാണ് ഇലക്ട്രോണിക്സ്-ഗൃഹോപകരണങ്ങൾ. ടി.വി.യും ഫ്രിഡ്ജും വാഷിങ് മെഷീനും എയർ കണ്ടീഷണറും മാത്രമല്ല, സ്മാർട്ട് ഫോണും ലാപ്ടോപ്പും അവയുടെ ആക്സസറികളും അടങ്ങുന്ന ഡിജിറ്റൽ ഉത്പന്നങ്ങളും അടുക്കളജോലികൾ എളുപ്പമാക്കുന്ന കിച്ചൺ അപ്ലയൻസസുമൊക്കെ ചേർന്ന ഈ വിപണി വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ചിപ്പ് ക്ഷാമവും ഗതാഗതച്ചെലവ് ഉയർന്നതുമൊക്കെ കാരണം ഇവയിൽ പലതിന്റെയും വില കൂടാൻ തുടങ്ങിയിട്ടുണ്ട്. ഓണം കഴിയുന്നതോടെ വില കുതിച്ചുയരുമെന്നാണ് കമ്പനികൾ പറയുന്നത്. അതുകൊണ്ടുതന്നെ ഇവ വാങ്ങാൻ ഏറ്റവും പറ്റിയ സമയമാണ് ഇത്. ഇത്തവണ ഓണക്കാലത്ത് ഇലക്ട്രോണിക്സ്-ഗൃഹോപകരണ-ഡിജിറ്റൽ ഉത്പന്നങ്ങളുടെ വിൽപ്പന കേരളത്തിൽ 6,000 കോടി രൂപ കടക്കുമെന്നാണ് കമ്പനികളുടെയും വ്യാപാരശൃംഖലകളുടെയും പ്രതീക്ഷ. ഈ സാമ്പത്തിക വർഷം മൊത്തത്തിൽ പ്രതീക്ഷിക്കുന്നത് 18,000-20,000 കോടി രൂപയുടെ വിൽപ്പനയാണ്. അതായത്, ഒരു വർഷത്തെ മൊത്തം വിൽപ്പനയുടെ ഏതാണ്ട് മൂന്നിലൊന്നും ഓണക്കാലത്ത് നടക്കുമെന്നാണ് പ്രതീക്ഷ.
വില കൂടുംമുൻപ് വാങ്ങാം
ഓണത്തിന് മുന്നോടിയായി വ്യാപാരശൃംഖലകൾ വലിയ തോതിൽ പുതിയ സ്റ്റോക്ക് എടുത്തിട്ടുള്ളതിനാൽ ഉപഭോക്താക്കൾക്ക് വിലക്കയറ്റത്തിന്റെ ഭാരമില്ലാതെ തന്നെ ഉത്പന്നങ്ങൾ വാങ്ങാൻ അവസരമുണ്ട് ഇപ്പോൾ. ലാപ്ടോപ്പ്, സ്മാർട്ട് ഫോൺ എന്നിവയ്ക്ക് മാത്രമല്ല, സകല ഗൃഹോപകരണങ്ങൾക്കും ഓണം കഴിയുന്നതോടെ വില കൂടുമെന്നാണ് കണക്കാക്കുന്നത്. കൈയിൽ മുഴുവൻ പണവും ഇപ്പോൾ ഇല്ലാത്തവർക്കുപോലും ഫിനാൻസ് സൗകര്യങ്ങളും നോ-കോസ്റ്റ് ഇ.എം.ഐ. സൗകര്യങ്ങളും പ്രയോജനപ്പെടുത്തി വലിയ ഓഫറുകളോടെ ഉത്പന്നങ്ങൾക്ക് വില കൂടുംമുൻപ് വാങ്ങാൻ അവസരമുണ്ടെന്ന് മൈജി ചെയർമാൻ എ.കെ. ഷാജി പറഞ്ഞു.
ബിസിനസും ജോലിയും എളുപ്പമാക്കുന്ന ഫോൾഡബിൾ സ്മാർട്ട് ഫോൺ പോലുള്ള ഒട്ടേറെ പുതിയ ഉത്പന്നങ്ങൾ ഇത്തവണ വിപണിയിൽ സജീവമായി വിറ്റഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ഉത്പന്നനിരയിലും ഉപഭോക്താക്കളുടെ ജോലി എളുപ്പമാക്കുന്ന ഫീച്ചറുകൾ ഇത്തവണ കൂടുതലായി കമ്പനികൾ അണിനിരത്തിയിട്ടുണ്ട്. ‘മൈജി ഓണം മാസ് ഓണം’ ഓഫറിലൂടെ മൈജി ഈ ഓണക്കാലത്ത് 30 കോടിയിലധികം രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് നൽകുന്നത്.
താരം ടി.വി.യും ഫ്രിഡ്ജും എ.സി.യും
എൽ.ഇ.ഡി. ടി.വി.കളിൽ 43 ഇഞ്ച് മുതൽ 65 ഇഞ്ച് വരെയുള്ള മോഡലുകൾക്കും ഫ്രിഡ്ജിൽ 232 ലിറ്റർ മുതൽ 350 ലിറ്റർ വരെയുള്ള മോഡലുകൾക്കുമാണ് ഇത്തവണ കൂടുതൽ ഡിമാൻഡ്. അടുക്കളയുടെ ഇന്റീരിയറിന് ഇണങ്ങുന്ന തരത്തിൽ മികച്ച നിറത്തിലും ഫിനിഷിലുമാണ് പുതിയ ഫ്രിഡ്ജുകളെത്തുന്നത്. ഉയർന്ന ബജറ്റ് ഉള്ളവരുടെ ഇടയിൽ സൈഡ് ബൈ സൈഡ് ഫ്രിഡ്ജുകളാണ് ട്രെൻഡിങ്. മഴ കുറഞ്ഞതോടെ എ.സി. വിൽപ്പന വീണ്ടും ടോപ്പ് ഗിയറിലേക്ക് എത്തുകയാണ്. മുൻപ് വേനൽക്കാലത്ത് മാത്രമായിരുന്നു എ.സി. വിൽപ്പന കാര്യമായി നടന്നിരുന്നതെങ്കിൽ ഇപ്പോൾ വർഷത്തിൽ 12 മാസവും വിൽപ്പനയുണ്ടെന്ന് ഗോപു നന്തിലത്ത് ജി-മാർട്ട് ചെയർമാൻ ഗോപു നന്തിലത്ത് വ്യക്തമാക്കി.
‘ലക്കാ ലക്കാ ഓഫറി’ലൂടെ 25 പേർക്ക് ബമ്പർ സമ്മാനമായി മാരുതി ബലേനോ കാർ ഉൾപ്പെടെ നിരവധി സമ്മാനങ്ങളാണ് ഗോപു നന്തിലത്ത് ജി-മാർട്ട് ഒരുക്കുന്നത്. ദിവസേന ഒരാൾക്ക് ഒരു ലക്ഷം രൂപ കാഷ് പ്രൈസുമുണ്ട്.
എ.ഐ. ഓണം
ഓണംവിപണിയിൽ പുതുതായി എത്തിയ ടി.വി.യിലും ഫ്രിഡ്ജിലും വാഷിങ് മെഷീനിലുമൊക്കെ നിർമിതബുദ്ധി (എ.ഐ.) ഫീച്ചറുകൾ അണിനിരത്തിയിട്ടുണ്ട് എന്നതാണ് ഇത്തവണത്തെ പ്രത്യേകതയെന്ന് ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിന്റെ സി.ഇ.ഒ. ഷിജോ കെ. തോമസ് പറഞ്ഞു. വസ്ത്രത്തിന്റെ തൂക്കം, നിലവാരം, അഴുക്ക് എന്നിവ സ്മാർട്ട് എ.ഐ. സെൻസറുകളിലൂടെ മനസ്സിലാക്കി വെള്ളത്തിന്റെ അളവും ഡിറ്റർജന്റ് ഡോസേജും കൃത്യമായി ഉപയോഗിക്കുന്നതാണ് ഇത്തരത്തിലുള്ള വാഷിങ് മെഷീനുകൾ. ഇവ വസ്ത്രങ്ങൾക്ക് കൂടുതൽ ഈട് നൽകുന്നതോടൊപ്പം വെള്ളവും വൈദ്യുതിയും ലാഭിക്കും. മുറിയിലെ അന്തരീക്ഷത്തിനനുസരിച്ച് ക്ലാരിറ്റിയും സൗണ്ടുമൊക്കെ ക്രമീക്കുന്നതാണ് എ.ഐ. പവേർഡ് ടി.വി.കൾ. ഉള്ളിലുള്ള ഉത്പന്നങ്ങൾ എ.ഐ. ക്യാമറ സെൻസറുകൾ പരിശോധിച്ച് കുറവുള്ള സാധനങ്ങളുടെ പട്ടിക ഡോറിലെ സ്ക്രീനിൽ തെളിയുന്ന സ്മാർട്ട് എ.ഐ. ഫ്രിഡ്ജാണ് ഈ നിരയിലെ മറ്റൊരു താരം. ഓക്സിജൻ ഓണക്കാല സെയിലിന് ഇട്ടിരിക്കുന്ന പേര് ‘ന്യൂജെൻ ഓണം പവേർഡ് ബൈ എ.ഐ.’ എന്നാണ്. 30 കോടിയുടെ സമ്മാനങ്ങളാണ് ഓക്സിജൻ ഈ ഓണത്തിന് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
അടുക്കള സ്മാർട്ടാകുന്നു
കിച്ചൺ അപ്ലയൻസുകളിലും സ്മാർട്ട് ഉത്പന്നങ്ങൾ വിപണി പിടിക്കുകയാണ്. പാചകം കൂടുതൽ എളുപ്പവും ആരോഗ്യദായകവുമാക്കുന്ന എയർ ഫ്രയറാണ് ഈ നിരയിലെ പുതിയ താരം. ഏതാണ്ട് 2,500 രൂപ മുതലാണ് ഇവയുടെ വില. പാചകവാതകത്തിന് വില കൂടിയതും ഇവയുടെ ഡിമാൻഡ് ഉയരാൻ കാരണമാണെന്ന് പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിങ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ പറഞ്ഞു. ‘വമ്പൻ ഓണം കൊമ്പൻ ഓഫറി’ലൂടെ പിട്ടാപ്പിള്ളിൽ ഇത്തവണ അയ്യായിരത്തോളം ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ നൽകും. ഇൻഡക്ഷൻ കുക്കറുകളുടെയും വിൽപ്പന കൂടിയിട്ടുണ്ട്. അതേസമയം, മൈക്രോവേവ് ഒവനുകളുടെ വിൽപ്പനയിൽ നേരിയ കുറവുണ്ട്. നൂഡിൽസ്/ഇഡിയപ്പം മേക്കർ പോലുള്ള പുതിയ ഉത്പന്നങ്ങളും ഇത്തവണ വിപണിയിലുണ്ട്. ഏതാണ്ട് 2,000 രൂപ നിലവാരത്തിലാണ് വില. റോബോ വാക്വം ക്ലീനറിനും ആവശ്യക്കാരേറെ.
