കടയിൽ നിന്ന് വാങ്ങുന്ന വെളിച്ചെണ്ണ ശുദ്ധമാണോ? വ്യാജനെ മിനിറ്റുകൾക്കുള്ളിൽ തിരിച്ചറിയാൻ നാല് എളുപ്പവഴികൾ
കടയിൽ നിന്ന് വാങ്ങുന്ന വെളിച്ചെണ്ണയിലാണ് നിങ്ങൾ വിഭവങ്ങൾ തയ്യാറാക്കുന്നത് എങ്കിൽ അല്പം ജാഗ്രത വേണം! അതിൽ മായം കലർന്നിട്ടില്ലെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഉത്സവ സീസണുകൾ എത്തുന്നതോടെ വിപണിയിൽ വെളിച്ചെണ്ണയ്ക്ക് തീവിലയാണുണ്ടാകാറ്. ഇതിന്റെ മറവിൽ വ്യാജന്മാരും വിപണിയിൽ സജീവമാകും. വിലക്കുറവ് കണ്ട് കണ്ണടച്ച് വാങ്ങുന്ന വെളിച്ചെണ്ണയിൽ മായം കലർന്നിട്ടുണ്ടെങ്കിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളായിരിക്കും കാത്തിരിക്കുന്നത്.
നിങ്ങൾ അടുക്കളയിൽ ഉപയോഗിക്കുന്ന വെളിച്ചെണ്ണ ശുദ്ധമാണോ അതോ വ്യാജനാണോ? ലളിതമായ ചില പരീക്ഷണങ്ങളിലൂടെ അത് വീട്ടിൽ തന്നെ മിനിറ്റുകൾക്കുള്ളിൽ തിരിച്ചറിയാം
1. ഫ്രിഡ്ജ് ടെസ്റ്റ്
വെളിച്ചെണ്ണയുടെ പരിശുദ്ധി ഉറപ്പാക്കാനുള്ള ഏറ്റവും എളുപ്പവും വിശ്വസനീയവുമായ മാർഗമാണിത്. ഒരു ഗ്ലാസ് പാത്രത്തിൽ അല്പം വെളിച്ചെണ്ണയെടുത്ത് അര മണിക്കൂർ നേരം ഫ്രിഡ്ജിൽ സൂക്ഷിക്കുക (ഫ്രീസറിൽ വെക്കരുത്). എണ്ണ 100 ശതമാനം ശുദ്ധമാണെങ്കിൽ അത് പൂർണമായും കട്ടപിടിക്കുകയും നല്ല വെളുത്ത നിറം കൈവരിക്കുകയും ചെയ്യും. എന്നാൽ മായം ചേർത്തിട്ടുണ്ടെങ്കിൽ, എണ്ണയുടെ ഒരു ഭാഗം മാത്രം കട്ടപിടിക്കുകയും ബാക്കി ഭാഗം ദ്രാവകരൂപത്തിൽ മുകളിലോ താഴെയോ ആയി വേറിട്ട് നിൽക്കുകയും ചെയ്യും.
2. വാട്ടർ ടെസ്റ്റ്
സുതാര്യമായ ഒരു ഗ്ലാസ്സിൽ വെള്ളമെടുത്ത് അതിലേക്ക് രണ്ടോ മൂന്നോ തുള്ളി വെളിച്ചെണ്ണ ഒഴിക്കുക. ശുദ്ധമായ വെളിച്ചെണ്ണ ഒരിക്കലും വെള്ളത്തിൽ ലയിക്കില്ല, പകരം ഉപരിതലത്തിൽ വ്യക്തമായ തുള്ളികളായി അത് ഒഴുകി നടക്കും. മറിച്ച്, ഇതിൽ മറ്റ് രാസവസ്തുക്കളോ എണ്ണകളോ കലർന്നിട്ടുണ്ടെങ്കിൽ അത് വെള്ളവുമായി അല്പം കലങ്ങുകയോ അല്ലെങ്കിൽ ഗ്ലാസ്സിന്റെ താഴേക്ക് പോവുകയോ ചെയ്യും.
3. ഗന്ധവും സ്വാദും
അല്പം വെളിച്ചെണ്ണ കൈവെള്ളയിലെടുത്ത് നന്നായി തിരുമ്മിയ ശേഷം മണത്തു നോക്കുക. നല്ല ഗുണനിലവാരമുള്ള വെളിച്ചെണ്ണയ്ക്ക് ഉണങ്ങിയ കൊപ്രയുടെ സ്വാഭാവിക ഗന്ധമുണ്ടാകും. യാതൊരു മണമില്ലാതിരിക്കുകയോ അല്ലെങ്കിൽ രാസവസ്തുക്കളുടെ കൃത്രിമ ഗന്ധം അനുഭവപ്പെടുകയോ ചെയ്താൽ ആ എണ്ണയിൽ മായം കലർന്നിട്ടുണ്ടെന്ന് ഉറപ്പിക്കാം. അത്തരം എണ്ണകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
4. ചൂടാക്കിയുള്ള പരിശോധന
ഒരു ചെറിയ പാത്രത്തിൽ അല്പം വെളിച്ചെണ്ണയെടുത്ത് ചെറുതായി ചൂടാക്കുക. മായമില്ലാത്ത ശുദ്ധമായ വെളിച്ചെണ്ണ ചൂടാകുമ്പോൾ കറുത്ത പുകയോ കരിഞ്ഞ മണമോ ഉണ്ടാകില്ല. എന്നാൽ മായം കലർന്ന എണ്ണയാണെങ്കിൽ അത് വേഗത്തിൽ പുകയുകയും രൂക്ഷമായ ദുർഗന്ധം വമിക്കുകയും ചെയ്യും. ഇത്തരം എണ്ണകൾ പാചകത്തിനായി ഒരു കാരണവശാലും ഉപയോഗിക്കരുത്.
എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം?
വെളിച്ചെണ്ണ എപ്പോഴും വായുവും ഈർപ്പവും കടക്കാത്ത പാത്രങ്ങളിൽ ഭദ്രമായി അടച്ചു സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സാധാരണ പ്ലാസ്റ്റിക് കുപ്പികൾക്ക് പകരം ചില്ല് ഭരണികൾ ഉപയോഗിക്കുന്നത് വെളിച്ചെണ്ണയുടെ ഗുണമേന്മയും ഗന്ധവും ദീർഘകാലം നിലനിർത്താൻ സഹായിക്കും.
