ജീൻസോ ടീഷർട്ടോ അല്ല; ഈ വസ്ത്രം ഒരിക്കലും അലക്കാതെ വീണ്ടും ധരിക്കരുത്! രാവിലെ തിരക്കിട്ട് ഓടുന്നതിന് മുമ്പ് ഇത്തിരി ശ്രദ്ധയാവാം

Share our post

ഒരു ഷർട്ടോ പാന്റോ ഒന്നിലധികം ദിവസം ഉപയോഗിക്കുന്നത് നമ്മുടെയെല്ലാം ദൈനംദിന ജീവിതത്തിൽ സാധാരണമാണ്. പ്രത്യേകിച്ച് ജീൻസ് ഒക്കെ മൂന്നും നാലും തവണ വരെ ധരിക്കാറുണ്ട്. എന്നാൽ എല്ലാ വസ്ത്രങ്ങളുടെ കാര്യത്തിലും ഇതത്ര നല്ല ശീലമല്ലെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അത്തരത്തിലൊന്നാണ് സോക്സുകൾ!

ഉപയോഗിച്ച സോക്സുകൾ ബാക്ടീരിയകൾക്കും ഫംഗസുകൾക്കും പെരുകാൻ അനുയോജ്യമായ ഈർപ്പവും ചൂടുമുള്ള സാഹചര്യമാണ് ഒരുക്കുന്നത്. ശരീരത്തിലെ മറ്റ് വസ്ത്രങ്ങളെ അപേക്ഷിച്ച്, വിയർപ്പും മൃതകോശങ്ങളും വലിയ തോതിൽ വലിച്ചെടുക്കുന്നതിനാൽ സോക്സുകൾ സൂക്ഷ്മജീവികളുടെ താവളമായി മാറുന്നു എന്ന് മൈക്രോബയോളജി വിദഗ്ധർ വ്യക്തമാക്കുന്നു.

പാദങ്ങൾ: സൂക്ഷ്മജീവികളുടെ ആവാസകേന്ദ്രം

ശരീരത്തിൽ ഏറ്റവും കൂടുതൽ സൂക്ഷ്മജീവികൾ കാണപ്പെടുന്ന ഇടങ്ങളിലൊന്നാണ് കാൽപാദങ്ങൾ. കാൽവിരലുകൾക്കിടയിലും ഉപ്പൂറ്റിയിലും എപ്പോഴും ഈർപ്പവും ചൂടും നിലനിൽക്കുന്നതാണ് ഇതിന് കാരണം. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ ഫംഗസ് വൈവിധ്യം കാണപ്പെടുന്നത് പാദങ്ങളിലാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) നടത്തിയ പഠനങ്ങളിൽ പറയുന്നു. കഴുകാത്ത സോക്സ് വീണ്ടും ധരിക്കുമ്പോൾ ലക്ഷക്കണക്കിന് സൂക്ഷ്മജീവികൾ നിറഞ്ഞ ഒരിടത്തേക്ക് കാൽ വെച്ചുകൊടുക്കുകയാണ് നാം ചെയ്യുന്നത്.

സോക്സ് മാറ്റാതിരുന്നാൽ കാത്തിരിക്കുന്ന അപകടങ്ങൾ:

  • ബാക്ടീരിയകളുടെ പടർച്ച: കഴുകാത്ത സോക്സ് ധരിക്കുമ്പോൾ അത് പാദങ്ങളിലെ ബാക്ടീരിയകളെ ഷൂസിലേക്കും, തറയിലേക്കും, ഫർണിച്ചറുകളിലേക്കും കിടക്കയിലേക്കും വരെ എത്തിക്കുന്നു
  • രൂക്ഷമായ ദുർഗന്ധം: ഒരുതവണ ഉപയോഗിച്ച സോക്സിൽ വിയർപ്പുള്ള ടീ-ഷർട്ടിലുള്ളതിനേക്കാൾ ദശലക്ഷക്കണക്കിന് ബാക്ടീരിയകളാണുള്ളത്. വിയർപ്പിനെ വിഘടിപ്പിച്ച് ബാക്ടീരിയകൾ പുറപ്പെടുവിക്കുന്ന ‘ഐസോവലെറിക് ആസിഡ്’ (Isovaleric acid) എന്ന സംയുക്തമാണ് ഈ ദുർഗന്ധത്തിന് കാരണം
  • ഫംഗസ് അണുബാധകൾ: ഇത് ‘അത്‌ലറ്റ്‌സ് ഫൂട്ട്’ (Athlete’s foot) പോലുള്ള ഫംഗസ് ബാധകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു
  • ചില ബാക്ടീരിയകൾ ആഴ്ചകളോളം തുണിയിൽ ജീവനോടെയിരിക്കും എന്നതിനാൽ ‘വിയർപ്പുണങ്ങിയ’ സോക്സ് വൃത്തിയുള്ളതാണെന്ന് കരുതരുത്!

സോക്സ് കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • സോക്സുകൾ വെറുതെ തണുത്ത വെള്ളത്തിൽ കഴുകിയെടുത്താൽ പോരാ
  • വിയർപ്പും എണ്ണമയവും പൂർണമായി നീക്കം ചെയ്യാൻ 60°C-ന് മുകളിലുള്ള ചൂടുവെള്ളത്തിൽ എൻസൈമുകൾ അടങ്ങിയ ഡിറ്റർജന്റുകൾ ഉപയോഗിച്ച് കഴുകുന്നതാണ് ഉത്തമം
  • കുറഞ്ഞ താപനിലയിൽ കഴുകുന്നത് ഊർജം ലാഭിക്കുമെങ്കിലും ഫംഗസുകളെ പൂർണമായി നശിപ്പിക്കില്ല
  • കഴുകിയ ശേഷം നല്ല വെയിലത്തിട്ട് ഉണക്കുകയോ ഇസ്തിരിപ്പട്ടി ഉപയോഗിച്ച് പ്രസ്സ് ചെയ്യുകയോ ചെയ്യുക

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!