ഒറ്റരാത്രികൊണ്ട് മരുഭൂമിയിൽ വിരിഞ്ഞത് 10 ലക്ഷം ‘ലില്ലികൾ’! ഇത് 5 വർഷത്തിൽ ഒരിക്കൽ സംഭവിക്കുന്ന അദ്ഭുത പ്രതിഭാസം

Share our post

കണ്ണെത്താദൂരത്തോളം പൂത്തുലഞ്ഞു നിൽക്കുന്ന ഒരു അപൂർവ ദൃശ്യം. കാണുന്നവരുടെ മനസ്സിൽ സമയത്തെപ്പോലും നിശ്ചലമാക്കുന്ന സൗന്ദര്യം. വാക്കുകൾ കൊണ്ട് വിവരിക്കാനാകാത്ത സന്ദേശങ്ങൾ നൽകാൻ പൂക്കൾക്ക് എപ്പോഴും പ്രത്യേക കഴിവുണ്ട്. മഴത്തുള്ളികൾ വീഴുമ്പോൾ, വർഷങ്ങളായി വറ്റിവരണ്ട പ്രകൃതി, പൂത്തുലഞ്ഞ് വിസ്മയം തീർക്കും. കഠിനമായ ചൂടിനും കുറഞ്ഞ മഴയ്ക്കും പേരുകേട്ടതാണ് ദക്ഷിണാഫ്രിക്കൻ രാജ്യമായ നമീബിയ. എന്നാൽ, മഴയുടെ ആദ്യ തുള്ളികൾ ഭൂമിയിൽ പതിക്കുമ്പോൾ, ആ വരണ്ട ഭൂമിയിൽ ഒരു വിസ്മയം സംഭവിക്കും.

∙ സാൻഡ്‌ഹോഫ് ഫാമിന്റെ അപൂർവ ഭൂപ്രകൃതി
നമീബ് മരുഭൂമിയുടെ അതിർത്തിയിലുള്ള വിദൂര തെക്കൻ പട്ടണമായ മാൾട്ടഹോഹെയിൽ നിന്ന് 40 കിലോമീറ്റർ വടക്കുമാറിയാണ് ‘സാൻഡ്‌ഹോഫ് ഫാം’ സ്ഥിതി ചെയ്യുന്നത്. കത്തുന്ന ആഫ്രിക്കൻ സൂര്യനു കീഴിൽ വരണ്ടും വിണ്ടുണങ്ങിയും പൂർണമായും നിർജീവമായും കാണപ്പെടുന്ന 700 മുതൽ 800 ഹെക്ടറോളം വരുന്ന കൂറ്റൻ കളിമൺ തടമാണ് ഈ ഫാമിന്റെ പ്രത്യേകത. ഒരു പുൽക്കൊടി പോലും മുളയ്ക്കാതെ കിടക്കുന്ന ഈ മണ്ണിൽ പ്രകൃതി അതിന്റെ നിഗൂഢമായ അദ്ഭുതം ഒളിപ്പിച്ചുവച്ചിട്ടുണ്ട്.

നിദ്രയിൽ നിന്ന് ഉണരുന്ന വർണ്ണവസന്തം
‘ക്രിനം പാലുഡോസം’ എന്ന് ശാസ്ത്രീയനാമമുള്ള സാൻഡ്‌ഹോഫ് ലില്ലികൾ അഥവാ ബുഷ്‌വെൽഡ് ലില്ലികൾ അതിവേഗം വിരിയുന്നത് കാണാം. ചതുപ്പുനിലങ്ങളിലാണ് ഈ പൂക്കള്‍ വിരിയുന്നത്. ആറോ ഏഴോ ദിവസം കൊണ്ട് പിങ്ക് നിറത്തില്‍ നിന്നും വെള്ള നിറത്തിലേക്ക് മാറുന്ന ഈ പൂക്കള്‍ പിന്നീട് വാടിപ്പോകുന്നു. ഏകദേശം 15 മുതൽ 30 സെന്റീമീറ്റർ വരെ മഴവെള്ളം കളിമൺ ചട്ടിയിൽ നിറഞ്ഞുകഴിഞ്ഞാൽ, നിദ്രയിലാണ്ട ബൾബുകൾ ഉണരുകയായി.

ഫണൽ അഥവാ ട്രംപറ്റിന്റെ ആകൃതിയിലുള്ള ഇളം പിങ്കും വെള്ളയും കലർന്ന പൂക്കളാണ് ഇവ. ഏതാണ്ട് ഒരൊറ്റ രാത്രി കൊണ്ടാണ് ചെളി നിറഞ്ഞ മരുഭൂമിയിൽ പത്തു ലക്ഷത്തിലധികം പൂക്കൾ ഒരേസമയം പൂത്തുലയുന്നത്.
ഭൂമിയിൽ ഏറ്റവും കുറഞ്ഞ കാലം മാത്രം നിലനിൽക്കുന്ന സസ്യശാസ്ത്ര അദ്ഭുതങ്ങളിൽ ഒന്നാണ് സാൻഡ്‌ഹോഫ് ലില്ലികൾ. ഓരോ 3 മുതൽ 5 വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഈ പൂത്തുലയൽ കാണാൻ നമീബിയയുടെ നാനാഭാഗങ്ങളിൽ നിന്നും സന്ദർശകർ എത്താറുണ്ട്.

എന്നാൽ, ഈ വിസ്മയത്തിന് അധികം ആയുസ്സില്ല. കഠിനമായ നമീബിയൻ സൂര്യൻ, വെള്ളം വേഗത്തിൽ വറ്റിക്കുന്നതിനാൽ 5 മുതൽ 8 ദിവസം വരെ മാത്രമാണ് ഇവയുടെ ആയുസ്സ്. വാടിവീഴാൻ തയാറെടുക്കുമ്പോൾ, പൂക്കളുടെ ദളങ്ങൾ തിളക്കമുള്ള വെള്ള നിറത്തിൽ നിന്ന് പിങ്ക് നിറത്തിലേക്ക് മാറുന്നു. തുടർന്ന് അവ വീണ്ടും ഭൂമിയിലേക്ക് അപ്രത്യക്ഷമാകുന്നു.

വർഷങ്ങളോളം ഭൂമിക്കടിയിൽ നിർജീവമായി കിടക്കുന്ന ഇവ, കനത്ത മഴയിൽ പാടത്ത് വെള്ളം നിറയുമ്പോൾ പെട്ടെന്ന് മുളപൊട്ടി പടർന്നു പന്തലിക്കുന്നു. വെറും 5 മുതൽ 8 ദിവസം മാത്രമാണ് ഈ അദ്ഭുത പ്രതിഭാസം നീണ്ടുനിൽക്കുന്നത്. പിന്നീട് ഇവ പെട്ടെന്ന് കരിഞ്ഞുണങ്ങി അപ്രത്യക്ഷമാവുകയും ചെയ്യും. നമീബിയയെക്കൂടാതെ ബോട്സ്വാനയിലും വടക്കൻ ക്വാസുലു-നതാൽ മുതൽ ദക്ഷിണാഫ്രിക്കയിലെ ലിംപോപോ വരെയുള്ള ചതുപ്പുനിലങ്ങളിലും ഈ ലില്ലികള്‍ വളരുന്നുണ്ട്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!