14കാരിയേയും കൂട്ടുകാരിയേയും 23കാരൻ ഒരേദിവസം പീഡിപ്പിച്ചു; ഇൻസ്റ്റ ബ്ലോക്കാക്കിയതോടെ പരാതി, അറസ്റ്റ്
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ടു വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. കണ്ണൂർ കൂവേരി സ്വദേശി കെ.വി. അനുരാജ് (23) ആണ് പോത്തൻകോട് പൊലീസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെയാണ് ഇയാൾ വീട്ടിലെത്തി പീഡിപ്പിച്ചത്. പ്രണയം നടിച്ച് വിദ്യാർഥിനികളുടെ നഗ്ന ദൃശ്യങ്ങളും ഇയാൾ പകർത്തി.
ആദ്യം ഒരാളെ പരിചയപ്പെട്ട പ്രതി അതിജീവിതയുടെ കൂട്ടുകാരിയുമായും പരിചയത്തിലായി. ഇരുവരുമായും പ്രണയം നടിച്ച് ലൈംഗിക ബന്ധത്തിനായി കണ്ണൂരിൽ നിന്നും പോത്തൻകോട് എത്തി. വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് അതിജീവിയുടെ വീട്ടിനകത്ത് കയറിയ ഇയാൾ അതിജീവിതയെ പീഡിപ്പിച്ചു. തുടർന്ന് അതിജീവിതയുടെ ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് കൂട്ടുകാരിയെയും വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരെയും പീഡിപ്പിച്ചശേഷം രാത്രി 12 മണിയോടെ വീട്ടുകാർ ഉറങ്ങിയപ്പോഴാണ് പ്രതി സ്ഥലം വിട്ടത്.
ഈ സംഭവത്തിന് ശേഷം ഇരുവരുടെയും ഇൻസ്റ്റഗ്രാം ഐഡി ഇയാൾ ബ്ലോക്ക് ചെയ്തു. ഇയാൾ മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിൽ ആയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആദ്യത്തെ പെൺകുട്ടിയുടെ വീട്ടുകാർ പോത്തൻകോട് പോലീസിൽ പരാതി നൽകിയതോടെയാണ് രണ്ടാമത്തെ കുട്ടിയുടെ വിവരവും പുറത്തറിഞ്ഞത്. തുടർന്ന് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. കണ്ണൂരിലെത്തിയാണ് പോത്തൻകോട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നിലവിൽ രണ്ട് പോക്സോ കേസുകൾ തളിപ്പറമ്പ് സ്റ്റേഷനിലുണ്ട്.
