റെയിൽവേ; കേരളത്തിന് ഇനി മൂന്നും നാലും പാതകൾ മാത്രം – റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ

Share our post

ന്യൂഡൽഹി: തിരുവനന്തപുരം-കാസർകോട് അതിവേഗ റെയിൽ ഇടനാഴിക്കു പകരം മംഗളൂരു-ഷൊർണൂർ, ഷൊർണൂർ-എറണാകുളം, എറണാകുളം-കായംകുളം, കായംകുളം-തിരുവനന്തപുരം തുടങ്ങിയ ഭാഗങ്ങളിൽ മൂന്നും നാലും പാതകൾക്കായുള്ള സർവേകളും വിശദ പദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കലുമാണ് നടക്കുന്നതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ പറഞ്ഞു.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ സ്റ്റാൻഡേർഡ് ഗേജിൽ അതിവേഗ റെയിൽ ഇടനാഴി നിർദേശിച്ച് ഇ. ശ്രീധരൻ ഇടക്കാല റിപ്പോർട്ടും കത്തും സമർപ്പിച്ചിരുന്നു. എന്നാൽ, കേരളസർക്കാർ നിയോഗിച്ച വിദഗ്ധസമിതി ഈ റിപ്പോർട്ട് പരിശോധിച്ചശേഷം, നിലവിലെ രൂപത്തിൽ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന നിഗമനത്തിലെത്തി.

ഇതോടെ, സിൽവർലൈനും ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിയും നടപ്പാക്കാൻ പറ്റാതായി. തിരുവനന്തപുരം-കാസർകോട് യാത്രാസമയം നാലു മണിക്കൂറായി കുറയ്ക്കുമെന്ന റെയിൽവേ മന്ത്രിയുടെ മുൻപ്രഖ്യാപനത്തെക്കുറിച്ചും ജോൺ ബ്രിട്ടാസ് ചോദ്യമുന്നയിച്ചിരുന്നു. എന്നാൽ, പദ്ധതിയുടെ ചെലവ്, ഭൂമിയേറ്റെടുപ്പ്, സമയക്രമം തുടങ്ങിയ വിവരങ്ങളൊന്നും കേന്ദ്രം നൽകിയില്ല.

അധികപാതകൾ വരുന്നതോടെ കൂടുതൽ തീവണ്ടികൾ ഓടിക്കാനും യാത്രാസമയം കുറയ്ക്കാനും സഹായിക്കുമെന്ന പൊതുവായ വിശദീകരണം മാത്രമാണുള്ളത്. പദ്ധതികൾക്ക് അനുമതി ലഭിക്കുന്നതിന് ഡി.പി.ആർ., സംസ്ഥാന സർക്കാരുമായുള്ള ചർച്ച, നിതി ആയോഗ് നിർദേശം, ധനമന്ത്രാലയ അനുമതി ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാകേണ്ടതിനാൽ സമയപരിധി ഇപ്പോൾ പറയാനാകില്ലെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.

കേരളത്തിലെ പുതിയ മൂന്നും നാലും പാതാ പദ്ധതികളിൽ ഭൂരിഭാഗവും ഇപ്പോഴും ഫീൽഡ് ലൊക്കേഷൻ സർവേ അല്ലെങ്കിൽ ഡി.പി.ആർ. തയ്യാറാക്കൽ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ അനുവദിച്ച ഒമ്പത് റെയിൽപദ്ധതികളിൽ ആകെ 302 കിലോമീറ്ററിൽ വെറും 40 കിലോമീറ്റർ മാത്രമാണ് മാർച്ച് വരെ പൂർത്തിയായത്.

148 കിലോമീറ്റർ വരുന്ന പുതിയ റെയിൽപ്പാത പദ്ധതികളിൽ ഒരു കിലോമീറ്റർപോലും കമ്മിഷൻ ചെയ്തിട്ടില്ല. 11,650 കോടി രൂപയുടെ പദ്ധതികളിൽ ഇതുവരെ ചെലവഴിച്ചത് 3,867 കോടി രൂപ മാത്രം.

കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഔദ്യോഗികമായി റദ്ദാക്കിയതായി മന്ത്രി മറുപടിയിൽ പറഞ്ഞിട്ടില്ലെങ്കിലും അത് പുനരാരംഭിക്കുമെന്ന ഉറപ്പോ സമയപരിധിയോ പ്രഖ്യാപിച്ചിട്ടുമില്ല. നിലവിലെ റെയിൽവേ ആവശ്യങ്ങൾ കണക്കിലെടുത്താൽ പുതിയ കോച്ച് ഫാക്ടറി സ്ഥാപിക്കേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്രത്തിന്റെ വ്യക്തമായ നിലപാട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!