വിവാഹവാർഷികത്തിന് വാങ്ങിയ കേക്ക് ചതിച്ചു; ആറ് പേർക്ക് ഭക്ഷ്യവിഷബാധ, ബേക്കറി പൂട്ടി
കാസർകോട്: വിവാഹവാർഷിക ആഘോഷത്തിനായി വാങ്ങിയ കേക്ക് കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനേത്തുടർന്ന് കുട്ടികളടക്കം ആറുപേർ ചികിത്സ തേടി. കാസർകോട് പരപ്പയിലാണ് സംഭവം. കനകപ്പള്ളി സ്വദേശിയായ സലീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി ബേക്കറി അടപ്പിച്ചു.
വിവാഹവാർഷിക ആഘോഷത്തിനായി പരപ്പയിലെ ബേക്കറിയിൽ നിന്നാണ് സലീം കേക്ക് വാങ്ങിയത്. കുട്ടികളുൾപ്പെടെയുള്ളവർ കേക്ക് കഴിച്ചിരുന്നു. കേക്ക് കഴിച്ചവർക്ക് ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ കുടുംബാംഗങ്ങൾ കേക്ക് വിശദമായി പരിശോധിച്ചപ്പോഴാണ് അതിൽ പൂപ്പലുള്ളതായി ശ്രദ്ധയിൽപ്പെട്ടത്.
ദേഹാസ്വാസ്ഥ്യം പ്രകടമായ ആറുപേരെയും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ പ്രാഥമിക ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങിയതായാണ് വിവരം. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതിനെത്തുടർന്ന് ബേക്കറിക്കെതിരെ നടപടി സ്വീകരിക്കുകയും സ്ഥാപനം പൂട്ടിക്കുകയും ചെയ്തു.
