മഴക്കെടുതി; പേരാവൂർ പഞ്ചായത്തിൽ അടിയന്തര യോഗം ചേർന്നു
പേരാവൂർ: മഴക്കെടുതി രൂക്ഷമായതിനാലും ഒഴുക്കിൽപ്പെട്ട വി.പി.ഹനീഫയെ തിരച്ചിലിൽ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലും പഞ്ചായത്തിൽ അടിയന്തര അവലോകന യോഗം ചേർന്നു. ഹനീഫയെ കണ്ടെത്താനുള്ള തിരച്ചിലിന് മുങ്ങൽ വിദഗ്ദരുടെ സേവനം ലഭ്യമാക്കാൻ ജില്ലാ കളക്ടർക്ക് മെയിലയച്ചു.
ഹനീഫയെ കണ്ടെത്താനുള്ള തിരച്ചിൽ ഏകോപിപ്പിക്കാനും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള കേന്ദ്രങ്ങളൊരുക്കാനും യോഗത്തിൽ തീരുമാനമായി. തിരച്ചിൽ ഏകോപിപ്പിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പ് രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. വെള്ളപ്പൊക്ക ഭീഷണിയിൽ മാറ്റിപ്പാർപ്പിക്കേണ്ട കുടുംബങ്ങളുടെ ലിസ്റ്റ് ഇതിനകം പഞ്ചായത്ത് തയ്യാറാക്കിയിട്ടുണ്ട്.
അടിയന്തര ഘട്ടത്തിൽ മണത്തണ പേരാവൂർ യു.പി.സ്കൂൾ, പേരാവൂർ സെയ്ന്റ് ജോസഫ്സ് ഹൈസ്കൂൾ, മണത്തണ ഗവ.ഹൈസ്കൂൾ എന്നിവയെ ദുരിതാശ്വാസ കേന്ദ്രങ്ങളാക്കി മാറ്റാനും യോഗം തീരുമാനിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി.
വൈസ്.പ്രസിഡന്റ് കെ.എ.രജീഷ്, പഞ്ചായത്തംഗങ്ങളായ കെ.പി.അബ്ദുൾ റഷീദ്, എം.എസ്.രാഖിമോൾ, പേരാവൂർ ഡി.വൈ.എസ്.പി പി.ചന്ദ്രമോഹനൻ, ഇൻസ്പെക്ടർ എസ്.അസീം, വില്ലേജ് ഓഫീസർമാരായ റോയ് ചാക്കോ, എം.രാജീവൻ എന്നിവർ സംബന്ധിച്ചു.
