വടകര എംഡിഎംഎ കേസിൽ മൂന്നാമത്തെ അധ്യാപികയും അറസ്റ്റിൽ; ഇടപാടുകൾ ഇൻസ്റ്റഗ്രാം വഴി

Share our post

കോഴിക്കോട്∙ വടകരയിലെ എംഡിഎംഎ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ. പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി.നീഷ്മ (30) ആണ് പിടിയിലായത്. സംഭവത്തിൽ രണ്ട് അധ്യാപികമാർ നേരത്തെ അറസ്റ്റിൽ ആയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ മരുതോങ്കര സ്വദേശി കീർത്തന, ചെരുവാളൂർ സ്കൂളിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് കെ.കാവ്യ എന്നിവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം നീഷ്മയെ അറസ്റ്റ് ചെയ്തത്. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടെന്നു കരുതുന്നതായും പൊലീസ് പറഞ്ഞു. കീർത്തനയെയും കാവ്യയെയും സർവീസിൽ നിന്നു പിരിച്ചു വിട്ടിരുന്നു.

ലഹരി വിൽപന വഴിയുള്ള പണം നീഷ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കും എത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയതാണ് അറസ്റ്റിൽ വഴിത്തിരിവായത്. അടുത്ത സുഹൃത്തുക്കളായ അധ്യാപികമാർ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. വടകര ഇൻസ്പെക്ടർ എ.വി.ദിനേശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് കേസിന്റെ അന്വേഷണച്ചുമതല.

ലഹരിക്കെതിരായ ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനകളുടെ ഭാഗമായി വടകര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കീർത്തന അറസ്റ്റിലായത്. കീർത്തനയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തെത്തുടർന്ന് കാവ്യ പിടിയിലായി. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് നീഷ്മയുടെ ബന്ധം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയ ശേഷം നീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

∙ അക്കൗണ്ടുകളിൽ ലക്ഷങ്ങളുടെ ഇടപാട്

ജൂൺ 28ന് വടകര ആവിക്കലിൽ സഫ്‌വാൻ എന്ന യുവാവ് രണ്ടു ഗ്രാം എംഡിഎംഎയുമായി പിടിയിലായിരുന്നു. ഇയാളുടെ മൊഴി അനുസരിച്ചാണ് ജൂലൈ 11 ന് കീർത്തന അറസ്റ്റിലായത്. അക്കൗണ്ടുകളിൽ ഓൺലൈൻ ഇടപാടുകളിലൂടെ 2000 രൂപ വീതം കൈപ്പറ്റിയ ശേഷം മറ്റു ചിലരിലൂടെ ലഹരിമരുന്ന് എത്തിക്കുന്ന രീതിയാണ് അധ്യാപികമാർ പിന്തുടർന്നത് എന്നാണ് കണ്ടെത്തൽ. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ ലഹരി എത്തിക്കുന്നവരുമായി ബന്ധപ്പെട്ടിരുന്നത്. അക്കൗണ്ടുകളിലൂടെ ലക്ഷങ്ങളുടെ ഇടപാടാണ് ഇവർ നടത്തിവന്നതെന്നും കണ്ടെത്തി. കീർത്തനയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിൽ 5 മാസത്തിനിടെ 9 ലക്ഷം രൂപയുമാണ് ഇത്തരത്തിൽ എത്തിയത്.

ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിൽ നിന്ന് പ്രതിമാസം 12,000 രൂപ മാത്രമാണ് ശമ്പളം ലഭിച്ചിരുന്നതെങ്കിലും ഈ വരുമാനത്തേക്കാൾ ആഡംബരം നിറഞ്ഞ ജീവിതരീതിയായിരുന്നു ഇവരുടേത്.  മംഗളൂരുവിലെ ഒരു സുഹൃത്താണ് ഇവരെ ലഹരിമരുന്നു മാഫിയയുമായി ബന്ധപ്പെടുത്തിയതെന്നും സൂചനയുണ്ട്. കാവ്യയും കീർത്തനയും നടത്തിയ ചില ബെംഗളൂരു യാത്രകളുടെ വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പരിശോധിച്ചു വരുന്നു. പ്രതികളിലൊരാളായ കാവ്യ അടുത്തയിടെ പുതിയ കാർ വാങ്ങിയെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചു. ഈ കാറിന്റെ രേഖകളും വാങ്ങാൻ ഉപയോഗിച്ച പണത്തിന്റെ ഉറവിടവും അന്വേഷണസംഘം പരിശോധിച്ചു വരുന്നു. വടകര, കുറ്റ്യാടി, നാദാപുരം മേഖലയിലെ ചില യുവാക്കളും വിദ്യാർഥികളും ഇവരുടെ ഇടപാടുകാരായുണ്ട് എന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ടു പോകുന്നത്.

∙ പിന്നിൽ വലിയ ലഹരി ശൃംഖലയെന്ന് സംശയം

സാധാരണ ലഹരി കേസിനപ്പുറം അധ്യാപികമാരെ രംഗത്തിറക്കിയുളള ലഹരിമരുന്നു വിൽപനയ്ക്കു പിന്നിൽ വലിയൊരു ശൃംഖലയുണ്ടെന്ന സംശയത്തിലാണ് പൊലീസ്. പേരാമ്പ്ര ബിആർസിയിൽ സ്പെഷൽ എജ്യുക്കേറ്ററായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവന്ന കാവ്യയുടെ അക്കൗണ്ടിലേക്ക് മുൻപ് അറസ്റ്റിലായ കീർത്തനയിൽ നിന്ന് ചില സംശയകരമായ പണമിടപാടുകൾ നടന്നെന്ന കണ്ടെത്തലിനെ തുടർന്നാണു കാവ്യയെ അറസ്റ്റ് ചെയ്തത്. ലഹരി ഇടപാടുകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെ മരുതോങ്കര സ്വദേശി കീർത്തനയെ കഴിഞ്ഞ ദിവസം പിരിച്ചുവിടുകയായിരുന്നു.

കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ.കാവ്യയെ വിദ്യാഭ്യാസ വകുപ്പ് തിങ്കളാഴ്ച സർവീസിൽ നിന്ന് പുറത്താക്കി. അരലക്ഷം രൂപയുടെ ഇടപാടിന് മൂവായിരം രൂപ കമ്മിഷൻ ലഭിച്ചിരുന്നതായാണ് കാവ്യയും കീർത്തനയും പൊലീസിനോട് വെളിപ്പെടുത്തിയത്. എന്നാൽ ഇതിലേറെ തുക ഇവർ ചെലവഴിച്ചു വന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ.

എംഡിഎംഎ കേസിൽ അറസ്റ്റിലായ എസ്എസ്കെ സ്പെഷൽ എജ്യുക്കേറ്റർ കീർത്തന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും സജീവമായിരുന്നെന്ന് പേരാമ്പ്ര ബിആർസി പ്രോജക്ട് ഓഫിസർ ഷാജിമ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് സൂംബ പരിശീലനം നൽകാൻ കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക പദ്ധതിയുണ്ടായിരുന്നു. ഇതിൽ ക്ലാസെടുത്തത് കായികാധ്യാപികയായ കീർത്തനയാണ്.

കീർത്തന അറസ്റ്റിലായെങ്കിലും കാവ്യ ജോലിക്ക് എത്തിയിരുന്നു. ഇരുവരും ഒന്നിച്ചാണ് മുൻപ് യോഗങ്ങൾക്ക് എത്തിയിരുന്നത്. കീർ‍ത്തന അറസ്റ്റിലായപ്പോൾ കാവ്യയെ നേരിട്ടു വിളിപ്പിച്ചു ഇക്കാര്യം ചോദിച്ചു. ലഹരി ഇടപാടുകളെക്കുറിച്ച് ചോദിക്കുകയും ചെയ്തു. എന്നാൽ കീർത്തനയുമായി സൗഹൃദം മാത്രമേയുള്ളൂവെന്നും ലഹരി ഇടപാടിൽ പങ്കില്ലെന്നുമാണ് കാവ്യ പറഞ്ഞതെന്നാണ് പ്രോജക്റ്റ് ഓഫിസർ ഷാജിമ വെളിപ്പെടുത്തിയത്.

എംഡിഎംഎ കേസിൽ രണ്ട് അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ വിപുലമായ സംഘമുണ്ടെന്നു കരുതുന്നതായി നർകോട്ടിക് സെൽ ഡിവൈഎസ്‌പി ടി.ഉത്തംദാസ് നൽകിയ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) രൂപീകരിച്ച് അന്വേഷണം വിപുലമാക്കാൻ റൂറൽ എസ്പി മെറിൻ ജോസഫ് നിർദേശിച്ചത്. വടകര, എടച്ചേരി, പയ്യോളി സ്റ്റേഷനുകളിലെ പൊലീസ് സേനാംഗങ്ങളും സൈബർ സെൽ, ജില്ലാ നർകോട്ടിക് സെൽ എന്നിവയിലെ ഉദ്യോഗസ്ഥരുമാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.

സംഭവത്തിൽ കൂടുതൽ പേർ കണ്ണികളായി എന്ന വിവരത്തെ തുടർന്നായിരുന്നു ഇത്. ‌പിടിയിലായ അധ്യാപകരുടെ ഗൂഗിൾ പേ അടക്കമുളള യുപിഐ ഐഡികളിലൂടെ പണം കൈമാറിയവരുടെ വിവരങ്ങളും പൊലീസ് പരിശോധിച്ചു വരുന്നു. പിടിയിലായ അധ്യാപികമാരെ ഒറ്റയ്ക്കും ഒന്നിച്ചും ചോദ്യം ചെയ്യുന്നതിനായി മുൻപ് അറസ്റ്റിലായ കാവ്യയുടെയും കീർത്തനയുടെയും കസ്റ്റഡി അപേക്ഷ വടകര കോടതിയിൽ പൊലീസ് ഉടൻ നൽകുമെന്നാണ് വിവരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!