കണ്ണൂർ മഖ്നയെ മയക്കുവെടിവച്ച് പിടികൂടാൻ നടപടികൾ തുടങ്ങി; മോഴയാനയുടെ ആരോഗ്യനില പ്രത്യേകസംഘം നിരീക്ഷിക്കും

Share our post

ഇരിട്ടി : ആറളം ഫാമിലും ടിആർഡിഎം പുനരധിവാസ മേഖലയിലും തുടർച്ചയായി ജീവഹാനിയും വ്യാപക കൃഷിനാശവും വരുത്തുന്ന കെഎം1 (കണ്ണൂർ മഖ്ന) എന്നു പേരിട്ട മോഴയാനയെ മയക്കുവെടി വച്ചു പിടികൂടുന്നതിനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചു. പ്രദേശവാസികളുടെ നിരന്തര ആവശ്യം മന്ത്രി സണ്ണി ജോസഫ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനത്തുടർന്നു കഴിഞ്ഞ ദിവസം ചീഫ് വൈൽഡ് ലൈഫ് വാർഡൻ മോഴയാനയെ മയക്കുവെടി വച്ചു പിടികൂടാൻ ഉത്തരവിറക്കിയിരുന്നു.

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനുമായി ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സിസിഎഫ്) ബി.എൻ.അഞ്ജൻകുമാറിന്റെ അധ്യക്ഷതയിൽ പ്രത്യേക പ്രാഥമിക യോഗം ചേർന്നു. കേന്ദ്ര സർക്കാരിന്റെ മാർഗരേഖ പാലിച്ചു ആനയെ സുരക്ഷിതമായി മയക്കുവെടി വയ്ക്കുന്നതിനായി പ്രത്യേക അഡ്വൈസറി കമ്മിറ്റി രൂപീകരിക്കാൻ യോഗത്തിൽ തീരുമാനമായി. മയക്കുവെടി വയ്ക്കുന്നതിനും തുടർ നടപടികൾക്കും ആവശ്യമായ വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക ഫീൽഡ് ഓപ്പറേറ്റിങ് സംഘവും സജ്ജമാക്കും.

മയക്കുവെടി വയ്ക്കുന്നതിനു മുന്നോടിയായി കാട്ടാനയുടെ ആരോഗ്യനിലയും നിലവിലെ സ്വഭാവരീതികളും വിശദമായി വിലയിരുത്തുന്നതിനായി ആർആർടി വെറ്ററിനറി സർജൻ ഡോ.ഇല്യാസ് റാവുത്തറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്നു മുതൽ നേരിട്ടുള്ള നിരീക്ഷണം ആരംഭിക്കും. യോഗത്തിൽ കണ്ണൂർ ഡിഎഫ്ഒ കെ.സജി, ആറളം വൈൽഡ് ലൈഫ് വാർഡൻ വി.രതീശൻ, സിസിഎഫിന്റെ ടെക്നിക്കൽ അസിസ്റ്റന്റ് ജി.പ്രദീപ്, എസ്ഐപി എസിഎഫ് എം.പി.രവീന്ദ്രനാഥൻ, ആറളം റേഞ്ച് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, കൊട്ടിയൂർ ആർഎഫ്ഒ ടി.നിതിൻരാജ്, വെറ്ററിനറി സർജൻ ഡോ. ഇല്യാസ് റാവുത്തർ എന്നിവർ പങ്കെടുത്തു.

ചതിരൂരിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; കൃഷിനാശം വ്യാപകം 
ഇരിട്ടി ∙ ആറളം ചതിരൂർ നീലായിയിൽ 10 ദിവസത്തിനിടെ 3–ാം തവണയും കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം വരുത്തി. കാവുങ്കൽ ആന്റണിയുടെ പറമ്പിലെ വാഴ, തെങ്ങ്, ചേമ്പ് എന്നിവ ആന നശിപ്പിച്ചു. സമീപത്തെ ചെറിയൻകുന്നേൽ ജോയിയുടെ പറമ്പിലെ 3 തെങ്ങുകളും കുത്തിവീഴ്ത്തി. ദിവസങ്ങൾക്ക് മുൻപും ഇതേ മേഖലയിൽ ആനക്കൂട്ടം വലിയ നാശം വരുത്തിയിരുന്നു. കൊട്ടിയൂർ വനമേഖലയിൽ നിന്നെത്തുന്ന ആനകളെ തടയാൻ ഫലപ്രദമായ പ്രതിരോധ സംവിധാനങ്ങൾ ഇല്ലാത്തതാണു ആവർത്തിച്ചുള്ള ആക്രമണങ്ങൾക്കു കാരണമാകുന്നതെന്നാണു പ്രദേശവാസികളുടെ പരാതി.

വനാതിർത്തിയിൽ തൂക്കുവേലി സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും കാട്ടാനഭീഷണി തുടരുകയാണ്. ആറളം ഫാമിൽ നിന്ന് തുരത്തുന്ന ആനകളാണ് ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലെ ജനവാസ മേഖലകളിലേക്ക് എത്തുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. ആറളത്തെ ആനമതിൽ പൂർത്തിയാകുന്നതോടെ ചതിരൂർ നീലായ്മല വഴി ആനകൾ ജനവാസ മേഖലയിലേക്ക് കടക്കാനുള്ള സാധ്യതയും നിലനിൽക്കുന്നതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.

ആറളത്ത് വീണ്ടും വീടിനുനേരെ മോഴയാനയുടെ ആക്രമണം 
ഇരിട്ടി ∙ ആറളം പുനരധിവാസ മേഖലയിൽ വീടിനു നേരെ വീണ്ടും മോഴയാനയുടെ ആക്രമണം. ബ്ലോക്ക് 7 ലെ രാജുവിന്റെ വീടിനോട് ചേർന്നുള്ള ഷെഡ് പൂർണമായും തകർത്തു. സംഭവത്തിൽ രാജു അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയായിരുന്നു സംഭവം. മൺകട്ടകൊണ്ട് നിർമിച്ച സുരക്ഷിതമല്ലാത്ത വീട്ടിലുണ്ടായിരുന്ന രാജുവിനെ തുമ്പിക്കൈ നീട്ടിപ്പിടിക്കാൻ ആന ശ്രമിച്ചു. അപകടം മനസ്സിലാക്കിയ രാജു ഉടൻ വീട്ടിൽനിന്ന് ഓടി സമീപത്തെ വീട്ടിൽ അഭയം തേടി. വനം വകുപ്പിനെ വിവരം അറിയിച്ചു. സംഭവസ്ഥലത്ത് കണ്ടെത്തിയ വലിയ കാൽപാടുകൾ നിരീക്ഷിച്ചാണ് ആക്രമണം നടത്തിയതു മോഴയാന തന്നെയാണെന്നു പ്രദേശവാസികൾ ഉറപ്പിച്ചത്. ജനവാസ മേഖലയിൽ തുടർച്ചയായി ആക്രമണം നടത്തുന്ന സാഹചര്യത്തിൽ മോഴയാനയെ മയക്കുവെടി വച്ചു പിടികൂടാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!