കണ്ണൂർ വിമാനത്താവള സ്ഥലമേറ്റെടുപ്പ്; 10 ലക്ഷം വിലയിട്ട വീടിന് ഇപ്പോൾ 63,000 മാത്രം!

Share our post

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ കാറ്റഗറി വൺ അപ്രോച്ച് ലൈറ്റ് സ്ഥാപിക്കുന്നതിനായി ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭൂമിയുടെ വില നിശ്ചയിച്ചതിൽ വെട്ടിലായി ഭൂവുടമകൾ. കാലപ്പഴക്കത്തിന്റെ പേരിൽ നഷ്ടപരിഹാരത്തുക വൻതോതിൽ കുറച്ചതോടെ എന്തു ചെയ്യണമെന്ന് അറിയാത്ത സ്ഥിതിയിലാണ് ഇവർ. ആദ്യം പത്തുലക്ഷം രൂപ നഷ്ടപരിഹാരം കണക്കാക്കിയ വീടിന് ഇപ്പോൾ ലഭിക്കുന്നത് വെറും 63,681 രൂപ മാത്രമാണ്. ഇത് കൊണ്ട് എങ്ങനെ സ്ഥലം വാങ്ങാനും വീടു പണിയാനും സാധിക്കുമെന്നാണ് ഇവർ ചോദിക്കുന്നത്.

ലൈറ്റിങ്ങ് ഏരിയക്കായി 54 പേരുടെ വീടും സ്ഥലവും നേരത്തെ ഏറ്റെടുത്തിരുന്നു. സുരക്ഷ മുൻനിർത്തിയാണ് കല്ലേരിക്കര പാറാപ്പൊയിലിലെ അഞ്ചു വീടുകൾ കൂടി ഏറ്റെടുക്കാൻ തീരുമാനമായത്. ഇവർക്കാണ് ഇപ്പോൾ നഷ്ടപരിഹാരം നാമമാത്രമായി ചുരുങ്ങിയത്. മുമ്പ് സ്ഥലമേറ്റെടുപ്പിന്റെ ഒരു ഘട്ടത്തിലും കാലപ്പഴക്കം കണക്കാക്കിയിട്ടില്ലെന്ന് ഈ വീട്ടുകാർ പറയുന്നു.

ആറു വർഷം മുമ്പ് സ്ഥലം വിട്ടുനൽകിയപ്പോൾ നരിക്കോടൻ സുരേന്ദ്രന്റെ സ്ഥലത്തിന് ലഭിച്ചത് സെന്റിന് 8.40 ലക്ഷം രൂപയാണ്.ഇതേ സ്ഥലത്തിന്റെ ബാക്കിഭാഗം ഏറ്റെടുക്കുമ്പോൾ സെന്റിന് ലഭിക്കുന്ന 5.50 ലക്ഷം രൂപ മാത്രമാണ്. നരിക്കോടൻ ലീല, പുഷ്പ എന്നിവർ താമസിക്കുന്ന വീടിന് ആദ്യം കണക്കാക്കിയ തുക 10,61,354 രൂപയായിരുന്നു. എന്നാൽ കാലപ്പഴക്കം കണിക്കിലെടുക്കുമ്പോൾ ഇപ്പോൾ ലഭിക്കുക 63,681 രൂപ മാത്രമാണ്. മരൂർക്കണ്ടി ബീനയുടെ വീടിന് 26.29 ലക്ഷം രൂപ കണക്കാക്കിയിരുന്നത് 17.26 ലക്ഷമായി ചുരുങ്ങി. 30.43 ലക്ഷം രൂപ വിലയിട്ടിരുന്ന തേരമ്പേത്ത് ബാലന്റെ വീടിന് ഇനി ലഭിക്കുക 19.53 ലക്ഷം മാത്രമാണ്.

സുരക്ഷയെക്കരുതി വീടും സ്ഥലവും ഏറ്റെടുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതാണ് തങ്ങൾക്ക് തിരിച്ചടിയായതെന്ന് ഇവർ പറയുന്നു. ആദ്യം സ്ഥലം വിട്ടു നൽകിയവർക്ക് പാക്കേജ് പ്രകാരം വീടുവെക്കാൻ 10 സെന്റ് സ്ഥലവും കുടുംബങ്ങൾക്ക് ഒരാൾക്ക് ജോലിയുമുണ്ടായിരുന്നു. എന്നാൽ ഇവർക്ക് ഇതൊന്നുമില്ല.  പുതിയ വീട് പണിയാനുള്ള സ്ഥലം വാങ്ങാൻ പോലും ഈ തുക മതിയാകില്ലെന്ന് വീട്ടുകാർ പറയുന്നു.പ്രശ്‌നം റവന്യുവകുപ്പ് അധികൃതരുടെയും മന്ത്രിമാരുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അനുകൂലനടപടിയുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ഇവരുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!