ജന്തർ മന്തർ പ്രതിഷേധം; അടച്ചിട്ട ഡൽഹി മെട്രോ സ്റ്റേഷനുകൾ ഉച്ചയോടെ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രിംകോടതി

Share our post

ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭങ്ങളെ തുടർന്ന് അടച്ചിട്ട ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ, പ്രത്യേകിച്ചും സുപ്രിംകോടതി മെട്രോ സ്റ്റേഷൻ, ഉച്ചയോടെ തുറക്കുകയോ അല്ലെങ്കിൽ യാത്രക്കാർക്ക് ബദൽ സംവിധാനം ഒരുക്കയോ ചെയ്യണമെന്ന് സുപ്രിംകോടതിയുടെ താക്കീത്. ഉച്ചയ്ക്ക് മുൻപായി ഇക്കാര്യത്തിൽ കൃത്യമായൊരു പരിഹാരം ഉണ്ടായില്ലെങ്കിൽ കോടതിക്ക് ജുഡീഷ്യൽ ഇടപെടൽ നടത്തേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കി.

വിവിധ വിഷയങ്ങൾ ഉന്നയിച്ചുള്ള വിദ്യാർഥി പ്രക്ഷോഭങ്ങളെ തുടർന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ സുപ്രിംകോടതി മെട്രോ സ്റ്റേഷൻ ഉൾപ്പെടെ പതിനാറോളം സ്റ്റേഷനുകളാണ് അടച്ചിട്ടിരുന്നത്. ഇതോടെ സുപ്രിംകോടതിയിലെത്തുന്ന അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും കക്ഷികൾക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെട്ടത്.

തുടർന്ന് ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിങ് ആണ് ഈ വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പൂർണമായി സ്റ്റേഷൻ അടച്ചിടുന്നതിന് പകരം, സാധുവായ പ്രോക്സിമിറ്റി കാർഡുകളോ സുപ്രിംകോടതിയുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡുകളോ ഉള്ള അഭിഭാഷകർക്കും ഉദ്യോഗസ്ഥർക്കും കൃത്യമായ പരിശോധനകൾക്ക് ശേഷം സ്റ്റേഷൻ എക്സിറ്റ് ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് അദ്ദേഹം കോടതിയോട് അഭ്യർത്ഥിച്ചു.

വിഷയത്തിൽ അനുയോജ്യമായ പരിഹാരം കണ്ടെത്താൻ ഡൽഹി മെട്രോ അധികൃതർക്ക് ഭരണപരമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും, ഉച്ചഭക്ഷണ സമയത്തിന് മുൻപായി പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കി. അല്ലാത്തപക്ഷം ഉച്ചയ്ക്ക് ശേഷം കോടതി ഈ വിഷയത്തിൽ നേരിട്ട് ഇടപെട്ട് ഉത്തരവുകൾ പുറപ്പെടുവിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!