വിമുക്തഭടനെ മദ്യം നൽകി മർദ്ദിച്ച് സ്വർണം കവർന്നു; പ്രതികളെ ധ്യാനകേന്ദ്രത്തിൽ നിന്നും പൊക്കി പോലീസ്

Share our post

തിരുവനന്തപുരം: പോത്തൻകോട് വിമുക്തഭടനെ മദ്യംനൽകി മയക്കിയശേഷം മർദ്ദിക്കുകയും ഭീഷണിപ്പെടുത്തി ഒമ്പത് പവൻ സ്വർണവും പണവും കവരുകയും ചെയ്ത കേസിലെ പ്രതികൾ ആലപ്പുഴയിൽ പിടിയിലായി. നെയ്യാറ്റിൻകര ആറാലുംമുട് സ്വദേശി ദീപ (44), മകൻ അഖിൽ (25), പ്രകാശൻ എന്നിവരാണ് പിടിയിലായത്. ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്.

ഹണിട്രാപ് കേസിൽ ദീപ മുൻപും പിടിയിലായിട്ടുണ്ട്. ഈ കഴിഞ്ഞ ഞായറാഴ്ച പോത്തൻകോടി ചന്തവിളയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടകംപള്ളി ആനയറ സ്വദേശിയായ വിധു (68) ആണ് മർദ്ദനത്തിനും കവർച്ചയ്ക്കും ഇരയായത്. എട്ടുമാസമായി പരിചയത്തിലുള്ള മണക്കാട് സ്വദേശി ദീപ എന്ന യുവതിയും രണ്ട് പുരുഷന്മാരും ചേർന്നാണ് കവർച്ച നടത്തിയത് എന്ന് വിധു പറയുന്നു.

ഇയാൾ പുതുതായി ചന്തവിളയിൽ വാങ്ങിയ വീട് കാണാൻ എന്ന വ്യാജേനയാണ് യുവതിയും മകനും സുഹൃത്തും സംഭവസ്ഥലത്ത് എത്തിയത്. ഇവർ കൊണ്ടുവന്ന മദ്യം അമിത അളവിൽ നിർബന്ധിച്ച് കുടിപ്പിച്ച് ശേഷം മർദ്ദിച്ച് അവശനാക്കിയാണ് സ്വർണ്ണവും പണവും കൈക്കലാക്കിയത് എന്നാണ് വിധു പോത്തൻകോട് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

സ്വർണ്ണമാല, ബ്രേസ്ലെറ്റ്, മൂന്ന് സ്വർണ്ണ മോതിരം എന്നിവയടക്കം ഒമ്പത് പവൻ സ്വർണ്ണാഭരണങ്ങളും, 8000 രൂപ, എടിഎം, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, എക്‌സ് സർവീസ്മാൻ കാർഡ് എന്നിവ അടങ്ങിയ പേഴ്‌സും, മൊബൈൽ ഫോണും സംഘം കൊണ്ടു പോയി. മർദ്ദനത്തിനിടെ വിധുവിന് നെറ്റിയിൽ മുറിവേറ്റിട്ടുണ്ട്. ബോധം വീണപ്പോൾ ആശുപത്രിയിൽ ചികിത്സ തേടി. ശേഷം ചൊവ്വാഴ്ചയാണ് പോത്തൻകോട് പോലീസിൽ പരാതി നൽകിയത്.

എട്ടുമാസം മുമ്പ് നഗരത്തിലെ ഹോട്ടലിൽ വെച്ചാണ് മണക്കാട് സ്വദേശിയായ ദീപയെ പരിചയപ്പെട്ടതെന്നാണ് വിധു പറയുന്നത്. സംഭവ ശേഷം മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെട്ട പ്രതികൾ നേരെ ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിലേക്കാണ് എത്തിയത്. ഇതിലൊരാൾ ഫോൺ ഓൺ ചെയ്തപ്പോഴാണ് പോലീസ് പ്രതികളുടെ ലൊക്കേഷൻ മനസ്സിലാക്കിയത്.

പിന്നാലെ ടവർ ലൊക്കേഷൻ കാണിച്ച് സ്ഥലത്തെ പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടു. പിന്നാലെ മണ്ണഞ്ചേരി പോലീസ് ധ്യാനകേന്ദ്രത്തിലെത്തി പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരെ അധികം വൈകാതെ പോത്തൻകോട് പോലീസിന് കൈമാറും.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!