‘​ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പരനാറികൾ’; അധിക്ഷേപ പരാമർശവുമായി പാലോളി മുഹമ്മദ് കുട്ടി

Share our post

പാലക്കാട്: പാർട്ടി വിട്ട മുന്‍ സിപിഐഎം നേതാവും തളിപ്പറമ്പ് എംഎല്‍എയുമായ ടി കെ ഗോവിന്ദനെയും പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണനെയും അധിക്ഷേപിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പരനാറികളാണെന്ന അധിക്ഷേപ പരാമർശമാണ് പാലോളി മുഹമ്മദ് കുട്ടി നടത്തിയിരിക്കുന്നത് . ഒരു പ്രാദേശിക ചാനലിന് കൊടുത്ത അഭിമുഖത്തിലായിരുന്നു മുഹമ്മദ് കുട്ടിയുടെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ ജനങ്ങളല്ല ഏത് തമ്പ്രാന്‍ അവരെ സ്വീകരിച്ചാലും പരനാറികളാണ് രണ്ടാളും എന്നായിരുന്നു പാലോളി മുഹമ്മദ് കുട്ടി പറഞ്ഞത്.

ടി കെ ഗോവിന്ദൻ പാര്‍ട്ടി സെക്രട്ടറിയേറ്റ് മെമ്പറാണെന്നും അയാള്‍ക്ക് പ്രതിഷേധം രേഖപ്പെടുത്താമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ ഏറ്റവും ശക്തമായ എതിരാളികളുടെ കൂടെ പോയാണ് അവര്‍ സ്ഥാനാര്‍ത്ഥിയായത്. എംഎല്‍എമാരല്ല വൈസ്രോയിമാരായാലും അവര്‍ ചെയ്തത് തെറ്റാണെന്നാണ് താന്‍ പറഞ്ഞതെന്നും മുഹമ്മദ് കുട്ടി പ്രതികരിച്ചു. ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാം, അത് പ്രകടിപ്പിക്കുകയും മാറി നില്‍ക്കുകയുമാണ് വേണ്ടത്, എന്നാല്‍ യുഡിഎഫ് പിന്തുണയോടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് അവര്‍ ചെയ്തതെ’ന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അവര്‍ ഉന്നയിക്കുന്ന ആരോപണം ശരിവയ്ക്കുന്നതാണെങ്കില്‍ അതിന് ശേഷവും അവര്‍ പാര്‍ട്ടിയില്‍ തന്നെ തുടരണമായിരുന്നുവെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു. പാര്‍ട്ടിക്ക് ചില വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട് എന്നത് ശരിയാണെന്നും മുഹമ്മദ് കുട്ടി പറഞ്ഞു. പാര്‍ട്ടിക്ക് വീഴ്ചകള്‍ സംഭവിക്കുമ്പോള്‍ ശത്രുപക്ഷത്ത് അഭയം പ്രാപിക്കുകയല്ല വേണ്ടതെന്നും മറിച്ച് ശക്തിയായി അവരുടെ ആവശ്യം ഉന്നയിക്കുകയും അതിന് വേണ്ടി പ്രവര്‍ത്തുക്കുകയുമാണ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവര്‍ ഉന്നയിച്ച ആവശ്യത്തിന് നീതി ലഭിച്ചില്ലല്ലോ എന്ന ചോദ്യത്തിന് ഇപ്പോള്‍ അവര്‍ നീതി ലഭിക്കുന്ന പാര്‍ട്ടിയിലാണല്ലോ എന്ന് പരിഹസിക്കുകയാണ് മുഹമ്മദ് കുട്ടി ചെയ്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!