ഹോട്ടൽ ഭക്ഷണത്തിനും പൊള്ളുന്ന വില; ദോശയ്ക്കും ഇഡലിക്കും ബിരിയാണിക്കും വിലകൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ ഹോട്ടൽ ഭക്ഷണവില കുത്തനെ ഉയർന്നു. ഭക്ഷണ സാധനങ്ങൾക്ക് മൂന്ന് മുതൽ പതിനഞ്ചു രൂപ വരെയാണ് വർധിച്ചത്. അരി, പച്ചക്കറി, പലവ്യഞ്ജനങ്ങൾ, പാചകഎണ്ണ, പാചകവാതകം തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചതാണ് ഹോട്ടൽ ഭക്ഷണ നിരക്ക് കൂടാൻ കാരണം.
വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു ഇടപെടലും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഭക്ഷണ വില കൂറ്റൻ ഹോട്ടലുകാർ നിർബന്ധിതരായത്. ഹോട്ടൽ നടത്തിപ്പ് ചെലവേറിയതായി. ചെലവുകൾ താങ്ങാനാകാതെ ഹോട്ടലുടമകൾ ഭക്ഷണവില ഉയർത്താൻ നിർബന്ധിതരാകുമ്പോൾ അതിന്റെ ഭാരം പേറേണ്ടിവരുന്നത് സാധാരണക്കാർക്കാണ്.
ദോശയ്ക്കും ഇഡലിക്കും മുതൽ ഊണിനും ബിരിയാണിക്കും വരെ വില വർധിച്ചതോടെ ദിവസേന ഹോട്ടലുകളെ ആശ്രയിക്കുന്ന തൊഴിലാളികളും വിദ്യാർഥികളും യാത്രക്കാരുമാണ് ഏറെ ദുരിതത്തിലായത്. അഞ്ചുമാസം മുമ്പുള്ള നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ദോശയ്ക്കും ഇഡലിക്കും ഉൾപ്പെടെ വില വർധിച്ചിട്ടുണ്ട്. എട്ടു രൂപയായിരുന്ന ദോശയ്ക്ക് ഇപ്പോൾ 10 മുതൽ 12 രൂപ വരെയാണ് വില. പത്തുരൂപയായിരുന്ന ഇഡലിക്ക് 15 രൂപയായി. 12 രൂപയായിരുന്ന അപ്പത്തിന് 15 രൂപയും പൊറോട്ടയ്ക്ക് 12 രൂപയിൽനിന്ന് 15 രൂപയുമായി. 30–35 രൂപയായിരുന്ന ഒരു കുറ്റി പുട്ടിന് ഇപ്പോൾ 40–45 രൂപ വരെ നൽകണം.
കൊച്ചിയിലെ ചില ഭക്ഷണശാലകളിൽ 15–20 രൂപയായിരുന്ന ചായയ്ക്കും കാപ്പിക്കും 30 രൂപ വരെ ഈടാക്കുന്നുണ്ട്. 100 രൂപയായിരുന്ന ഊണിന് 150 രൂപയായതായും റിപ്പോർട്ടുണ്ട്. ഹോട്ടലുകൾക്കനുസരിച്ച് നിരക്കുകളിൽ വ്യത്യാസമുണ്ടെങ്കിലും ഭക്ഷണച്ചെലവിലുണ്ടാകുന്ന വർധന സാധാരണക്കാരുടെ നിത്യജീവിതത്തെ നേരിട്ട് ബാധിക്കുകയാണ്.
ബിരിയാണിക്ക് ഉപയോഗിക്കുന്ന കൈമ അരിയുടെ വിലക്കയറ്റവും ഹോട്ടൽ മേഖലയ്ക്ക് വലിയ തിരിച്ചടിയാണ്. കിലോഗ്രാമിന് 195–210 രൂപ വരെയാണ് കൈമ അരിയുടെ വില. ഒരു വർഷത്തിനിടെ ഏകദേശം 50 രൂപയുടെ വർധനയുണ്ടായി. അരിക്കു പുറമെ കോഴിയിറച്ചി, പച്ചക്കറി, എണ്ണ, മറ്റ് ചേരുവകൾ എന്നിവയ്ക്കും വില ഉയർന്നതോടെ ബിരിയാണി ഉൾപ്പെടെയുള്ള വിഭവങ്ങളുടെ നിർമാണച്ചെലവും വർധിച്ചു.
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിനൊപ്പം പാചകവാതകത്തിന്റെയും ഹോട്ടൽ നടത്തിപ്പിനാവശ്യമായ മറ്റ് ചെലവുകളുടെയും വർധനയും ഉടമകളെ പ്രതിസന്ധിയിലാക്കുന്നു. വില കൂട്ടിയില്ലെങ്കിൽ നഷ്ടം സഹിക്കേണ്ടിവരും. വില കൂട്ടിയാൽ ഉപഭോക്താക്കൾ കുറഞ്ഞുപോകുമെന്ന ആശങ്കയും ഹോട്ടലുടമകൾക്കുണ്ട്. ഈ ഇരട്ടപ്രതിസന്ധിയിൽ ചെറുകിട ഹോട്ടലുകളാണ് ഏറെ ബുദ്ധിമുട്ടുന്നത്.
