എയർപോർട്ട് ലിങ്ക് റോഡ്; ഭൂവുടമകളുടെ അക്കൗണ്ടിൽ പണം ലഭിച്ചു തുടങ്ങി
തളിപ്പറമ്പ്: ചൊറുക്കള-ബാവുപ്പറമ്പ്-മയ്യിൽ-കൊളോളം-ചാലോട് വിമാനത്താവള ലിങ്ക് റോഡിന് ഭൂമി കൈമാറിയവർക്കുള്ള പണം ബാങ്ക് അക്കൗണ്ടുകളിൽ എത്തിത്തുടങ്ങി. രേഖകൾ കൃത്യമായി സമർപ്പിച്ച് പരിശോധന പൂർത്തിയാക്കിയവർക്കാണ് പണം ലഭിച്ചു തുടങ്ങിയത്. ആദ്യഘട്ടമായി കുറുമാത്തൂർ പഞ്ചായത്തിലെയും ആന്തൂർ നഗരസഭയിലെയും ഭുവുടമകൾക്കാണ് പണം നൽകി തുടങ്ങിയത്.
മയ്യിൽ, ആന്തൂർ കുറുമാത്തൂർ, കുറ്റ്യാട്ടൂർ, കൂടാളി, കീഴല്ലൂർ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലൂടെ കടന്നുപോകുന്ന റോഡ് തളിപ്പറന്പ് ഇരിട്ടി സംസ്ഥാനപാതയിൽ ചൊറുക്കളയിൽ നിന്നാരംഭിച്ച് രണ്ട് സ്ട്രെച്ചുകളിലായി 25.25 കിലോമീറ്ററിലാണ് നവീകരിക്കാൻ അനുമതിയായിരുന്നത്. 306.49 കോടി രൂപയ്ക്ക് പദ്ധതി ടെണ്ടറായതിനെ തുടർന്ന് റോഡ് നിർമാണ പ്രവൃത്തി ഉദ്ഘാടനവും നടന്നിരുന്നു. ഉദ്ഘാടനത്തിനൊപ്പം തന്നെ റോഡ് നിർമാണ സഹായ കമ്മിറ്റിയും രൂപീകരിച്ചിരുന്നു.
അതേസമയം, സ്ഥലമുടമകളുടെ അക്കൗണ്ടിൽ പണം എത്തി തുടങ്ങിയതിനു പിന്നാലെ യുഡിഎഫ് ജനങ്ങളെ തെറ്റിദ്ധരിക്കാൻ അവകാശവാദം ഉന്നയിക്കുകയാണെന്ന് റോഡ് നിർമാണ സഹായ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ സർക്കാർ ഭുവുടമകൾക്ക് കൈമാറാനായി റവന്യു വകുപ്പിന് നൽകിയ തുകയാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്.
വസ്തുത ഇതായിരിക്കെയാണ് യുഡിഎഫ് ന വ്യാജപ്രചാരണം നടത്തുന്നതെന്ന് റോഡ് നിർമാണ സഹായ കമ്മിറ്റി ഭാരവാഹികളായ എൻ. അനിൽകുമാറും പി.കെ. കുഞ്ഞിരാമനും പറഞ്ഞു. ഭൂവുടമകൾ എക്കൗണ്ട് പരിശോധിച്ച് പണം ലഭിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും കെആർഎഫ്ബി ടെണ്ടർ ചെയ്ത റോഡ് പ്രവൃത്തി കരാറുകാർ തമ്മിലുള്ള കേസിന്റെ ഭാഗമായിട്ടാണ് ആരംഭിക്കാത്തതെന്നും ഇവർ പ്രസ്താവനയിൽ അറിയിച്ചു.
