ബൈക്കിലെത്തി വഴിചോദിക്കും, കഴുത്തിലെ സ്വർണം പൊട്ടിച്ച് കടക്കും; വയോധികയുടെ മാല കവർന്നയാൾ പിടിയിൽ

Share our post

മുക്കം: റോഡിലൂടെ നടന്നു പോവുകയായിരുന്ന വയോധികയുടെ കഴുത്തിലണിഞ്ഞ സ്വർണമാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയിൽ. ചേവായൂർ കോട്ടക്കുന്ന് വില്ലിക്കാട് ഷനൂപ് (26)ആണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ചാത്തമംഗലത്തുവെച്ച് പൂളപ്പറമ്പ് സ്വദേശിനി ദേവകിയമ്മയുടെ കഴുത്തിൽ അണിഞ്ഞ ഒന്നര പവൻ തൂക്കംവരുന്ന സ്വർണാഭരണമാണ് ഇയാൾ പൊട്ടിച്ചെടുത്തത്. ആശുപത്രിയിൽ പോയി മടങ്ങിവരുന്ന സമയത്ത് ബൈക്കിലെത്തിയ പ്രതി ദേവകിയമ്മയോട് വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുത്ത ശേഷം കുറച്ചുദൂരം വണ്ടിയിൽ സഞ്ചരിച്ച് തിരിച്ചെത്തി ദേവകിയമ്മയുടെ കഴുത്തിലണിഞ്ഞ സ്വർണാഭരണം വലിച്ച് പൊട്ടിക്കുകയായിരുന്നു.

തുടർന്ന് ദേവകിയമ്മ കുന്ദമംഗലം പോലീസിൽ പരാതിനൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കുന്ദമംഗലം പോലീസും സ്‌പെഷ്യൽ സ്‌ക്വാഡും അന്നുതന്നെ പ്രതിയെ പിടികൂടുന്നതിന് ഊർജിതമായ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് സമാനമായ വിധത്തിൽ മോഷണം നടത്തിയവരേക്കുറിച്ചുള്ള വിശദവിവരങ്ങൾ ശേഖരിച്ചും പരിസര പ്രദേശങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് ഷനൂപ് പിടിയിലായത്.

ഇയാൾക്കെതിരെ വിധത്തിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ സ്വർണാഭരണം പിടിച്ചുപറിച്ച കേസുകൾ നിലവിലുണ്ട്. കോഴിക്കോട്ടെ ഒരു ഹോട്ടലിൽ മാനേജരായി ജോലി ചെയ്യുകയാണ് പ്രതി. ജോലിയുടെ ഒഴിവുസമയങ്ങളിലാണ് മോഷണത്തിന് ഇറങ്ങുന്നത്. പിടികൂടിയ പ്രതിയെ തെളിവെടുപ്പിനുവേണ്ടി സംഭവസ്ഥലത്ത് എത്തിച്ചു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!