കള്ളാടി മണ്ണിടിച്ചില്‍; കാണാതായ അഞ്ചുപേർക്കായി തിരച്ചിൽ തുടരുന്നു
വയനാട്: കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അഞ്ചുപേർക്കായി തിരച്ചിൽ തുടരുന്നു. മീനാക്ഷി പാലത്തിന്റെ മുകൾഭാഗത്ത് കൂടുതൽ മണ്ണ് മാന്തി യന്ത്രങ്ങൾ എത്തിച്ച് പരിശോധന നടത്തുകയാണ്. മണ്ണിനടിയിൽ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്നറിയാനായി സ്പോട് ലൊക്കേഷൻ ക്യാമറ ഉപയോഗിച്ചുള്ള തിരച്ചിൽ ആരംഭിച്ചു. ഡ്രോൺ ക്യാമറയും ഉപയോഗിക്കുന്നുണ്ട്.
കഡാവർ നായകളുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്. റോഡുഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം ഊർജിതമായി പുരോഗമിക്കുകയാണ്. അപകടത്തിൽ മൂന്നുപേർ മരിച്ചു എന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇവരെല്ലാം അതിഥി തൊഴിലാളികളാണ്. പോസ്റ്റ്മോർട്ടം നടപടികൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പൂർത്തിയായി. മൃതദേഹങ്ങൾ എംബാം ചെയ്യുന്നതിനായി രാവിലെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.
