പേരാവൂർ താലൂക്ക് ആശുപത്രിക്കു മുന്നിൽ വെള്ളക്കെട്ട്

Share our post

പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുന്നിലെ വെള്ളക്കെട്ട് രോഗികൾക്ക് ദുരിതമാകുന്നു. ഒരു മഴ പെയ്താൽ മതി താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നിൽ വെള്ളക്കെട്ട് രൂപപ്പെടാൻ. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് പുറമെ ഒ.പി ചീട്ട് എടുക്കാനായി കാത്തുനിൽക്കുന്നവർക്കും വെള്ളക്കെട്ട് ദുരിതമായിരിക്കുകയാണ്.

അശാസ്ത്രീയമായ മേൽക്കൂര നിർമ്മാണമാണ് രോഗികൾ എത്തുന്ന സ്ഥലത്തേക്ക് വെള്ളം ഒഴുകിയെത്താൻ കാരണം. മേൽക്കൂര നിർമ്മിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും വെള്ളക്കെട്ട് പരിഹരിക്കാൻ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. അശാസ്ത്രീയമായ നിർമ്മാണം മൂലം മേൽക്കൂരയുടെ പലഭാഗങ്ങളിലും ചോർച്ചയുമുണ്ടായിട്ടുണ്ട്. മഴ പെയ്യാൻ തുടങ്ങിയാൽ ഒഴുകിയെത്തി തളംകെട്ടി നിൽക്കുന്ന മലിനജലം ചവിട്ടാതെ രോഗികൾക്ക് ആശുപത്രിയിലേക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.  മലയോരത്തെ പ്രധാന ആശുപത്രിയായതിനാൽ ദിവസവും നൂറുകണക്കിന് രോഗികളാണ് പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സമയത്ത് ജനങ്ങൾക്ക് അഭയമാകേണ്ട ആശുപത്രിയാണ് രോഗികൾക്ക് ദുരിതമാകുന്നതെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!