മരിച്ചിട്ടില്ല, പക്ഷെ മരണാനന്തര ചടങ്ങിന് പിരിവ്; ജീവിച്ചിരിക്കുന്ന യുവാവിന്റെ പേരിൽ തട്ടിപ്പ്

Share our post

കൊല്ലം: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചുപോയി എന്ന് തെറ്റായ പ്രചരണം നടത്തി പണം തട്ടിയതായി പരാതി. ഇരവിപുരം കയ്യാലക്കൽ സ്വദേശി സജീവ് മരിച്ചതായി പ്രചരണം നടത്തി നാട്ടുകാരൻ തന്നെ പണം പിരിക്കുകയായിരുന്നു. സജീവിന്റെയും ഭാര്യ സമിതയുടെയും പരാതിയിൽ പോലീസ് കേസെടുത്തു.

സജീവ് അന്തരിച്ചുവെന്നും സംസ്കാര ചടങ്ങുകൾക്കും മറ്റുമായി പണം വേണമെന്നും ആവശ്യപ്പെട്ട് ഇയാൾ പലരെയും ഫോണിൽ വിളിക്കുകയായിരുന്നു. ഗൂഗിൾ പേ വഴി ഏകദേശം 19,000 രൂപയോളം ഇത്തരത്തിൽ ഇയാൾ സ്വന്തമാക്കി. സജീവിന്റെ ഭാര്യ സമിതയ്ക്ക് ഇയാൾ ആളുകളെ ഫോൺ വിളിച്ച് പണം ആവശ്യപ്പെടുന്നതിന്റെ ഓഡിയോ സന്ദേശം ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് ദമ്പതികൾ ഉടൻ തന്നെ ഇരവിപുരം പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ അക്കൗണ്ടിലേക്ക് പണം വന്നതായി പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും താക്കീത് നൽകി വിട്ടയച്ചിട്ടുണ്ട്. നിലവിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം തുടർന്നു വരികയാണ്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!