അച്ഛൻ മരിച്ചത് ഭർത്താവിന്റെ അധിക്ഷേപംമൂലം, പോലീസിൽനിന്ന് നീതി കിട്ടിയില്ല- ആരോപണവുമായി യുവതി
കോഴിക്കോട്: താമരശ്ശേരിയിൽ വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ചത് തന്റെ ഭർത്താവിന്റെ അധിക്ഷേപത്തിൽ മനംനൊന്താണെന്ന ആരോപണവുമായി മകൾ. വിമുക്തഭടൻ കാരാടിപറമ്പത്ത് ഗോപാലൻ (74) കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഭർത്താവിനും പോലീസിനുമെതിരെ ഗുരുതര ആരോപണവുമായി താമരശ്ശേരിയിലെ ബ്യൂട്ടിപാർലർ ഉടമ ദിവ്യയാണ് രംഗത്തെത്തിയത്.
ഭർത്താവ് വിനീഷുമായി മൂന്ന് വർഷമായി താൻ അകന്ന് കഴിയുകയാണ്. രണ്ട് കുട്ടികൾക്കൊപ്പം വാടകയ്ക്ക് താമസിക്കുന്നിടത്ത് വിനീഷെത്തി നിരന്തരം അതിക്രമം കാണിച്ചിരുന്നതായും ദിവ്യ പറയുന്നു. വിനീഷിന്റെ അതിക്രമത്തിൽ നടപടി ആവശ്യപ്പെട്ട് പലതവണ പോലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയുമെടുത്തില്ലെന്നും മണിക്കൂറുകളോളം സ്‌റ്റേഷനിൽ ഇരുത്തുക മാത്രമാണ് ചെയ്തതെന്നും ദിവ്യ ആരോപിക്കുന്നു.
ജൂൺ 14-ന് താൻ നടത്തുന്ന ഷോപ്പിലെത്തിയ അച്ഛനെ വിനീഷ് എത്തി അസഭ്യം പറഞ്ഞ് അവിടെനിന്ന് ഇറക്കിവിട്ട് അധിക്ഷേപിച്ചു. അതിനുശേഷം തന്നെ മർദിച്ചു. ഷോപ്പ് നിൽക്കുന്ന കെട്ടിടത്തിന്റെ കോണിപ്പടിയിൽ വെച്ചായിരുന്നു മർദനം. നേരത്തെയും മർദിക്കുമായിരുന്നു, പലതവണ പോലീസിൽ പരാതിയും നൽകി. പക്ഷെ, ഒരു നടപടിയെടുത്തില്ലെന്നും ദിവ്യ പറയുന്നു.
തനിക്ക് രണ്ട് ചെറിയ കുട്ടികളാണ്. വിനീഷിന്റെ ഭീഷണികൊണ്ട് ഷോപ്പ് തുറക്കാൻ കഴിയാത്ത അവസ്ഥയാണ്. കുട്ടികളുടെ കാര്യമടക്കം ഒറ്റയ്ക്ക് നോക്കേണ്ടതിനാൽ തനിക്ക് സംരക്ഷണം നൽകണമെന്നും ദിവ്യ ആവശ്യപ്പെടുന്നു.
ദിവ്യയെ ക്രൂരമായി മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ജൂൺ 14-ന് ആയിരുന്നു സംഭവം. പിതാവ് കടയിലേക്ക് വരുന്നതും പേരക്കുട്ടികൾ കെട്ടിപ്പിടിക്കുന്നതും വനീഷ് ആട്ടിയോടിക്കുന്നതും ദിവ്യയെ ക്രൂരമായി മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
താമരശ്ശേരി പഴയ ബസ് സ്റ്റാന്റിന് സമീപം വെഴുപ്പൂർ റോഡിലാണ് ദിവ്യ ബ്യൂട്ടി പാർലർ നടത്തുന്നത്. മരുമകനിൽനിന്ന് നേരിട്ട അധിക്ഷേപത്തിൽ മനംനൊന്ത് താമരശ്ശേരി കാരാടിയിൽ കുഴഞ്ഞുവീണാണ് ഗോപാലൻ കുഴഞ്ഞുവീണ് മരിച്ചതെന്നും മകൾ നിരന്തരം നേരിടുന്ന ക്രൂര പീഡനത്തിൽ ഏറെ മനോവിഷമത്തിലായിരുന്നു ഗോപാലൻ എന്നുമാണ് ഉയരുന്ന ആരോപണം.
