ഓപ്പറേഷൻ തൂഫാൻ; കണ്ണൂരിൽ ലാബില്ലാത്തത് വെല്ലുവിളി

Share our post

കണ്ണൂർ: ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാൻ ജില്ലയിൽ ശക്തമാകുമ്പോൾ, ജില്ലക്ക് സ്വന്തമായി ഒരു കെമിക്കൽ എക്സാമിനേഴ്സ് ലാബ് ഇല്ലാത്ത് തുടർ നടപടികളെ പ്രതിസന്ധിയിലാക്കുന്നു. ഓപ്പറേഷനിൽ ഇതിനകം ജില്ലയിൽ അറസ്റ്റിലായത് അമ്പതിലേറെ പേർ. ഓരോ സ്റ്റേഷനിലും ആറംഗ സംഘം രാപ്പകൽ ഭേദമില്ലാതെ പരിശോധന തുടരുന്നു. കർണാടകത്തിൽ നിന്ന് രാത്രിബസ്സുകൾ വഴി എം.ഡി.എം.എ, ഹൈബ്രിഡ് കഞ്ചാവ്, മെഥാഫെറ്റമിൻ തുടങ്ങിയ കഠിന ലഹരി കടത്തുന്ന ശൃംഖലകൾ ഒന്നൊന്നായി പിടിയിലാകുകയാണ്.

കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സാമ്പിളുകൾ കോഴിക്കോട് ലബോറട്ടറിയിലാണ് സ്വീകരിക്കപ്പെടുന്നത്. അതായത്, കണ്ണൂരിൽ ഒരു ലഹരി കേസ് രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ശാസ്ത്രീയ തെളിവ് ഉറപ്പിക്കണമെങ്കിൽ സാമ്പിൾ 100 കിലോമീറ്ററിലേറെ അകലെ കോഴിക്കോട്ടേക്ക് പോകണം.

ഓപ്പറേഷൻ തൂഫാനിൽ സംസ്ഥാനത്ത് 2,800 ലേറെ പേരെ അറസ്റ്റ് ചെയ്യുകയും കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഓരോ അറസ്റ്റും ഓരോ ഫോറൻസിക് സാമ്പിളാണ്. നിലവിലുള്ള ലാബുകളിൽ മികച്ച ഉപകരണങ്ങളുടെ കുറവിനു പുറമേ ജീവനക്കാരുടെ അഭാവവും പ്രതിസന്ധി സൃഷ്ടിക്കുന്നു. ടെക്നിക്കൽ, സീറോളജിക്കൽ അസിസ്റ്റന്റുകളുടെ പി.എസ്.സി റാങ്ക്ലിസ്റ്റ് നിലവിലുണ്ടെങ്കിലും നിയമനം വൈകുന്നു. സാമ്പിളുകളുടെ വർദ്ധനയ്ക്കനുസരിച്ച് ജീവനക്കാരുടെ ഘടന പരിഷ്‌കരിക്കാത്തതും തിരിച്ചടിയാണ്.

കെമിക്കൽ എക്സാമിനേഴ്സ് ലാബുകൾ

സംസ്ഥാനത്ത് ആകെ മൂന്ന് കെമിക്കൽ എക്സാമിനേഴ്സ് ലാബുകളാണ് ഉള്ളത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്. 2026 ഫെബ്രുവരി ഒന്നു വരെയുള്ള കണക്ക് പ്രകാരം 79,228 കേസുകളിലായി 2,02,575 സാമ്പിളുകൾ ഫലം കാത്ത് കെട്ടിക്കിടക്കുന്നു. കോഴിക്കോട് മാത്രം 49,800 സാമ്പിളുകൾ ഫലത്തിനായി കെട്ടിക്കിടക്കുന്നുണ്ട്. കുറ്റകൃത്യങ്ങളിലെ ശാസ്ത്രീയ തെളിവുകൾക്ക് സാമ്പിൾ ഫലം വൈകുന്നത് അന്വേഷണത്തെയും വിചാരണയെപ്പോലും ബാധിക്കുന്നു. തൂഫാൻ ഓപ്പറേഷനിൽ ഏറ്റവും നിർണായക ഘടകം ലഹരിവസ്തുക്കളുടെ ശാസ്ത്രീയ സ്ഥിരീകരണമാണ്.
കൊലപാതകം, കള്ളക്കടത്ത്, ലഹരി കേസുകൾ ഉൾപ്പെടെയുള്ള കേസുകളിൽ കോടതിയിൽ ഏറ്റവും പ്രാധാന്യമുള്ള ശാസ്ത്രീയ തെളിവുകളായാണ് കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പരിഗണിക്കപ്പെടുന്നത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!