നീതി കിട്ടി, പറയാനുള്ളതെല്ലാം പറഞ്ഞു, ‘അമ്മ’യിൽ ഇന്ന് നടന്നത് ചരിത്രം -അൻസിബ
തനിക്ക് നീതി കിട്ടിയെന്നും അമ്മ ജനറൽ ബോഡി യോഗത്തിൽ ഞായറാഴ്ച നടന്നത് ചരിത്രമെന്നും നടി അൻസിബ ഹസൻ. എല്ലാ അംഗങ്ങളും അവരുടെ അഭിപ്രായം കൃത്യമായി രേഖപ്പെടുത്തിയ ജനറൽ ബോഡിയാണ് നടന്നത്. തന്റെ കാര്യങ്ങളെല്ലാം കൃത്യമായി സംസാരിക്കാൻപറ്റി. ആ അവസരം ചോദിച്ച് വാങ്ങിയതാണ്. അതിന് അമ്മയിലെ ഓരോ അംഗങ്ങളോടും നന്ദി പറയുകയാണ്. ഇവിടെനിന്ന് പോയവരെ തിരിച്ചുവിളിക്കണമെന്നാണ് ഇനി വരുന്ന കമ്മിറ്റിയോട് അഭ്യർത്ഥിക്കാനുള്ളതെന്നും അൻസിബ വ്യക്തമാക്കി.
“32 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും അമ്മയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നതും എല്ലാ കാര്യങ്ങളും അംഗങ്ങളെ വിശദമായി അറിയിക്കുകയും ചെയ്തിട്ടുണ്ടാകുക. അതിൽ ഒരുപാട് സന്തോഷമുണ്ട്. അവിശ്വാസ പ്രമേയത്തിൽ ഇത്രയും അംഗങ്ങൾ പങ്കെടുത്തതും ആദ്യമായിട്ടായിരിക്കും. എല്ലാ അംഗങ്ങളും അവരുടെ അഭിപ്രായം കൃത്യമായി രേഖപ്പെടുത്തിയ ജനറൽ ബോഡിയാണ് നടന്നത്.
കഴിഞ്ഞ ഭരണസമിതിക്ക് വരവുചെലവ് കണക്കുകൾ കൃത്യമായി കാണിക്കാൻ പറ്റിയില്ല. കണക്കിനെക്കുറിച്ച് കമ്മിറ്റിയംഗങ്ങൾ ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു. സമയം നീട്ടിച്ചോദിക്കുകയായിരുന്നു. എന്ത് ബാലിശമായ ചോദ്യങ്ങളായിരുന്നു അത്? അതൊന്നും ജനറൽ ബോഡിയിൽ വിലപ്പോയില്ല. നീനാ കുറുപ്പ് ചേച്ചിയുടെ കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു. ഞാൻ ഉന്നയിച്ച കാര്യങ്ങളുണ്ടായിരുന്നു. എന്റെ കാര്യങ്ങളെല്ലാം കൃത്യമായി സംസാരിക്കാൻപറ്റി. ആ അവസരം ഞാൻ ചോദിച്ച് വാങ്ങിയതാണ്. അതിന് അമ്മയിലെ ഓരോ അംഗങ്ങളോടും ഞാൻ നന്ദി പറയുകയാണ്.
ഉച്ചയ്ക്ക് ശേഷമാണ് എനിക്ക് സംസാരിക്കാൻ സാധിച്ചത്. അതുവരെ എനിക്ക് സംസാരിക്കാൻ കമ്മിറ്റി അവസരം തന്നില്ല. മറ്റുള്ളവർ ഒത്തുചേർന്നാണ് സംസാരിക്കാനുള്ള അവസരം ഉണ്ടാക്കിത്തന്നത്. ഏതൊക്കെ വിഷയങ്ങളിൽ ആരൊക്കെയാണ് ഉൾപ്പെട്ടിരുന്നതെന്ന് കൃത്യമായി പറയാൻ കഴിഞ്ഞു. എല്ലാം തുറന്നുപറയാനായതിൽ സമാധാനമുണ്ട്. ഇപ്പോഴെങ്കിലും നീതി കിട്ടിയെന്ന് എനിക്ക് പറയാനാകും. കാരണം, ഒരു നീതിന്യായ വ്യവസ്ഥയിൽ മുന്നോട്ടുപോകുമ്പോൾ ഒരുപാട് നടപടിക്രമങ്ങളുണ്ട്. അതെല്ലാം തരണംചെയ്തിട്ടുവേണം എനിക്ക് നീതി ലഭിക്കാൻ. ആ നീതിക്കായി ഇനിയും മുന്നോട്ടുപോകും. ഇന്ന് നടന്നത് ചരിത്രപരമായ തീരുമാനങ്ങളായിരുന്നു.
അതിജീവിത ഉൾപ്പെടെ എല്ലാവരേയും തിരിച്ചുകൊണ്ടുവരുമെന്നാണ് ഓഗസ്റ്റിൽ അധികാരമേറ്റപ്പോൾ പ്രസിഡന്റ് പറഞ്ഞത്. ഇവിടെനിന്ന് പോയവരെ തിരിച്ചുവിളിക്കണമെന്നാണ് ഇനി വരുന്ന കമ്മിറ്റിയോട് അഭ്യർത്ഥിക്കാനുള്ളത്. വരുന്നതും വരാതിരിക്കുന്നതും അവരുടെ ഇഷ്ടം.” അൻസിബ പറഞ്ഞു.
