56,000 കോടിയുടെ ബാധ്യത, കിഫ്ബിയ്ക്ക് ‘കൂച്ചുവിലങ്ങിടും’, വരുമാനം ഇനി നേരിട്ട്, ‘സമാന്തര സർക്കാരിന്റെ’ ഭാവി നാളെ അറിയാം

Share our post

സംസ്ഥാനത്തെ വൻകിട പദ്ധതികൾക്കു പണം കണ്ടെത്താൻ തുടങ്ങുകയും ‘സമാന്തര സർക്കാരായി’ വളർന്നെന്ന് ആക്ഷേപം കേൾക്കുകയും ചെയ്ത കിഫ്ബിയുടെ ഭാവി നാളെ അറിയാം. വി.ഡി.സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ കിഫ്ബിയ്ക്കു വേണ്ടി കരുതിവച്ചിരിക്കുന്നത് എന്താകും? കിഫ്ബി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രഖ്യാപിച്ച പദ്ധതികളുടെ ചെലവും വായ്പകളുടെ തിരിച്ചടവും അടക്കം 56,000 കോടി രൂപയുടെ ബാധ്യതയാണ് കിഫ്ബി. അതുകൊണ്ട് പിരിച്ചുവിടൽ പ്രായോഗികമല്ല. പകരം കിഫ്ബിയുടെ ധനകാര്യ മാനേജ്മെന്റിനെ പൊളിച്ചെഴുതുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം. കിഫ്ബിയുടെ പോരായ്മകളായി ധവളപത്രത്തിൽ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾക്കുള്ള പരിഹാരമാകും വി.ഡി.സതീശന്റെ ആദ്യ ബജറ്റിലുണ്ടാവുകയെന്നാണ് കരുതുന്നത്. 

പെട്രോളിയം സെസ്, മോട്ടോർ വാഹന നികുതി എന്നിവ കിഫ്ബി നേരിട്ടാണ് പിരിക്കുന്നത്. ഇത് സർക്കാരിന്റെ സാമ്പത്തിക അച്ചടക്കത്തെ ബാധിക്കുമെന്ന് ധവളപത്രം ആരോപിക്കുന്നു. പരിഹാരത്തിന് ഈ വരുമാനം സർക്കാർ നേരിട്ടു പിരിച്ചേക്കും. മോട്ടോർ വാഹന നികുതിയായി 17,593 കോടി രൂപയും ഇന്ധന സെസായി 4929 കോടി രൂപയുമാണ് കിഫ്ബി കഴിഞ്ഞ പത്തു വർഷത്തിനിടെ പിരിച്ചത്. ഇത് സർക്കാരിന്റെ വരുമാനമാക്കിയാൽ പ്രതിവർഷം ശരാശരി 2300 കോടി രൂപയെങ്കിലും സംസ്ഥാന സർക്കാരിന് അധിക വരുമാനം ലഭിക്കും.

സർക്കാരിനേക്കാൾ കൂടിയ നിരക്കിലാണ് കിഫ്ബി വായ്പ എടുക്കുന്നതെന്ന് ധവളപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാർ നേരിട്ട് വായ്പ എടുക്കുന്നതിനേക്കാൾ 1 മുതൽ 1.5 ശതമാനം കൂടുതലാണ് കിഫ്ബിക്ക്. കൂടാതെ കിഫ്ബി സ്വീകരിക്കുന്ന കടം സർക്കാരിന്റേതായി കണക്കാക്കുന്നതും തിരിച്ചടിയാണ്. ഇതിനെ നേരിടാൻ കിഫ്ബിയുടെ കടമെടുപ്പ് അധികാരങ്ങളിലും നിയന്ത്രണമുണ്ടാകും. കിബ്ഫിയെ നേരിട്ട് കടമെടുക്കാൻ അനുവദിച്ചേക്കില്ല. പകരം സർക്കാർ എടുക്കുന്ന വായ്പയിൽ കിഫ്ബിക്കും ഒരു വിഹിതം അനുവദിച്ചേക്കും. 

സ്വന്തമായി വരുമാന മാർഗമില്ലാത്ത ഏജൻസിയായി കിഫ്ബി മാറിയെന്നാണ് ധവളപത്രത്തിലെ മറ്റൊരു ആക്ഷേപം. ഇതിനു പരിഹാരം കാണാൻ വരുമാനം ലഭിക്കുന്ന പദ്ധതികളിലേക്ക് കിഫ്ബി നിക്ഷേപങ്ങൾ മാറ്റാം. റോഡുകൾ, പാലങ്ങൾ എന്നിവയുടെ നിർമാണം കിഫ്ബിക്ക് നൽകില്ല. ഇവ പൊതുമരാമത്ത് വകുപ്പിനെ തന്നെ ഏൽപ്പിക്കും. 

സമാന്തര സർക്കാരായി വളർന്ന കിഫ്ബിയുടെ മേൽ ധനവകുപ്പിന് പൂർണ നിയന്ത്രണം നൽകുന്ന പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്.  നിലവിൽ സർക്കാർ സർവീസിൽ നിന്ന് ഡെപ്യുട്ടേഷനിൽ എത്തിയവരും ദിവസ വേതനക്കാരും അടക്കം 512 ജീവനക്കാരാണ് കിഫ്ബിയിലുള്ളത്. ഇവരുടെ നിയമന കാര്യങ്ങളിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!