വൈദ്യുത കമ്പികൾക്കിടയിലൂടെ ഫുട്ബോൾ ആരാധകർ ബാനർ സ്ഥാപിച്ചു; അഴിച്ചുമാറ്റി കെഎസ്ഇബി
ഇരിക്കൂർ ∙ റോഡിനു കുറുകെ വൈദ്യുതകമ്പികൾക്കിടയിലൂടെ ഫുട്ബോൾ ബാനർ കെട്ടിയത് അപകടങ്ങൾക്കിടയാക്കുന്നതിനാൽ അഴിച്ചുമാറ്റി കെഎസ്ഇബി. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിൽ ഇരിക്കൂർ പെടയങ്ങോടും ശ്രീകണ്ഠപുരം-മയ്യിൽ റോഡിൽ മലപ്പട്ടം സെന്ററിലുമാണു ഫുട്ബോൾ ആരാധകർ ബാനർ സ്ഥാപിച്ചത്. സംഭവത്തിൽ കെഎസ്ഇബി ഇരിക്കൂർ സെക്‌ഷൻ അധികൃതർ ഇരിക്കൂർ, മയ്യിൽ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.
ഇരുസ്ഥലത്തും 11 കെവി ലൈനിനും എൽടി ലൈനിനും ഇടയിലൂടെയാണു ബാനർ കെട്ടിയത്. ഇത്തരം പ്രവൃത്തികൾ ഗുരുതര അപകടത്തിനു സാധ്യതയുള്ളതും ജീവനു ഭീഷണിയുള്ളതാണെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു. കൂടാതെ കാറ്റടിക്കുമ്പോൾ ലൈൻ കൂട്ടിയിടിച്ച് വൈദ്യുതി തടസ്സപ്പെടുന്നതിനും കാരണമാകും. സുരക്ഷാമാനദണ്ഡങ്ങൾ മുൻനിർത്തി ലൈൻ ഓഫ് ചെയ്താണു ബാനർ അഴിച്ചു മാറ്റിയത്. ഇതുമൂലം ഇരുസ്ഥലങ്ങളിലുമായി 5000ൽ ഏറെ ഉപഭോക്താക്കൾക്കു ഒരു മണിക്കൂറോളം വൈദ്യുതി തടസ്സമുണ്ടായി. ഇത്തരം പ്രവൃത്തികൾ തടയുന്നതിന് ജനപ്രതിനിധികൾ, ഫുട്ബോൾ ആരാധകർ അടക്കമുള്ള എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു.
