മാനത്ത് നാളെ സംഭവിക്കുക അപൂർവ ചാന്ദ്രവിസ്മയം ‘ബ്ലൂ മൂണും മൈക്രോമൂണും’ ഒന്നിച്ചെത്തുന്നു

Share our post

നാളെ ആകാശത്ത് ചന്ദ്രവിസ്മയം. വാനനിരീക്ഷകരെയും ആകാശവിസ്മയങ്ങളെ പ്രണയിക്കുന്നവരെയും ഒരേപോലെ അവേശഭരിതരാക്കാന്‍ കഴിയുന്ന അദ്ഭുതകരമായ ആകാശ വിസ്മയമാണ് കാത്തിരിക്കുന്നത്. ഒരേ കലണ്ടർ മാസത്തിൽ തന്നെ രണ്ട് പൂർണചന്ദ്രന്മാർ പ്രത്യക്ഷപ്പെടുന്ന ‘ബ്ലൂ മൂൺ’ പ്രതിഭാസമാണ് നാളെ നടക്കുക. എന്നാൽ ഇത്തവണത്തെ ചന്ദ്രന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, ഇത് 2026ലെ ഏറ്റവും ചെറിയ പൂർണചന്ദ്രനായ ‘മൈക്രോമൂൺ’ കൂടിയാണ്.

∙ ബ്ലൂ മൂൺ

ഒരു കലണ്ടർ മാസത്തിൽ സംഭവിക്കുന്ന രണ്ടാമത്തെ പൂർണചന്ദ്രനെയാണ് സാധാരണയായി നമ്മൾ ‘ബ്ലൂ മൂൺ’ എന്ന് വിളിക്കുന്നത്. ഒരു പൂർണചന്ദ്രനിൽ നിന്ന് അടുത്ത പൂർണചന്ദ്രനിലേക്കുള്ള ചാന്ദ്ര ചക്രം ഏകദേശം 29.5 ദിവസമാണ്. അതിനാൽ, ഒരു മാസത്തിന്റെ തുടക്കത്തിൽ ആദ്യ പൂർണചന്ദ്രൻ വന്നാൽ, ആ മാസത്തിന്റെ അവസാന നാളുകളിൽ രണ്ടാമതൊരു പൂർണചന്ദ്രൻ കൂടി വരാൻ സാധ്യതയുണ്ട്.

ഈ മേയ് മാസത്തിലെ ആദ്യ പൂർണചന്ദ്രൻ (ഫ്ലവർ മൂൺ) മേയ് 1നായിരുന്നു. മാസാവസാനമായ മേയ് 31ന് രണ്ടാമത്തെ പൂർണചന്ദ്രനും ഉദിച്ചുയരും. ഇത്തരം പ്രതിഭാസങ്ങൾ ഏകദേശം 2 മുതൽ 3 വർഷം കൂടുമ്പോൾ മാത്രമാണ് സംഭവിക്കാറുള്ളത്. ഇക്കുറി, ഈ അപൂർവ കാഴ്ച കാണാൻ സാധിച്ചില്ലെങ്കിൽ അടുത്തൊരു ബ്ലൂ മൂൺ കാണാൻ 2028 ഡിസംബർ 31 വരെ കാത്തിരിക്കേണ്ടി വരും.

∙ ചന്ദ്രൻ ശരിക്കും നീലനിറമാകുമോ?

‘വൺസ് ഇൻ എ ബ്ലൂ മൂൺ’ എന്ന ഇംഗ്ലിഷ് ശൈലി നമ്മൾ കേട്ടിട്ടുണ്ടാകും—വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്നിനെ സൂചിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. എന്നാൽ, ചന്ദ്രൻ നീലനിറത്തിൽ കാണപ്പെടില്ല എന്നതാണ് യാഥാർഥ്യം. ചിത്രങ്ങളിൽ കാണുന്ന നീലച്ചന്ദ്രന്മാർ പലപ്പോഴും പ്രത്യേക ക്യാമറ ഫിൽട്ടറുകളോ ഫോട്ടോഷോപ് പോലുള്ളവ ഉപയോഗിച്ച് നിർമിക്കുന്നതാണ്.

പതിനാറാം നൂറ്റാണ്ടിൽ ‘ചന്ദ്രൻ നീലയാണ്’ എന്ന പ്രയോഗം അസാധ്യമായ കാര്യങ്ങളെ വിവരിക്കാനാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ 1883ൽ ഇന്തൊനീഷ്യയിലെ ക്രാക്കറ്റോവ അഗ്നിപർവതം പൊട്ടിത്തെറിച്ചതോടെ ഈ ധാരണ മാറി. ആ ദുരന്തത്തിന് ശേഷം ഏകദേശം രണ്ട് വർഷത്തോളം അന്തരീക്ഷത്തിൽ നിറഞ്ഞ സൾഫറും പൊടിപടലങ്ങളും പ്രകാശത്തെ പ്രതിഫലിപ്പിച്ചതു കാരണം ലോകമെമ്പാടുമുള്ള ആളുകൾക്ക് ചന്ദ്രൻ നീലകലർന്ന നിറത്തിൽ ദൃശ്യമായിരുന്നു. അതിനുശേഷമാണ് ഈ പ്രയോഗം ‘അസാധ്യം’ എന്നതിൽ നിന്ന് ‘അപൂർവവും അസാധാരണവുമായ പ്രതിഭാസം’ എന്ന അർഥത്തിലേക്ക് മാറിയത്.

∙ മൈക്രോമൂൺ

ഭൂമിയെ ചുറ്റുന്ന ചന്ദ്രന്റെ ഭ്രമണപഥം പൂർണമായും വട്ടത്തിലല്ല, മറിച്ച് ഒരു ദീർഘവൃത്താകൃതിയിലാണ്. ഇതിനാൽ ചന്ദ്രന് ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ഒരു ബിന്ദുവും ഏറ്റവും അകലെയാകുന്ന ഒരു ബിന്ദുവും ഉണ്ട്. ചന്ദ്രൻ അതിന്റെ ഭ്രമണപഥത്തിൽ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള ബിന്ദുവിൽ എത്തുമ്പോൾ സംഭവിക്കുന്ന പൂർണചന്ദ്രനെയാണ് നമ്മൾ മൈക്രോമൂൺ എന്ന് വിളിക്കുന്നത്.

നാസയുടെ കണക്കനുസരിച്ച്, സാധാരണയായി ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏകദേശം 238,855 മൈൽ അകലെയാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഈ വാരാന്ത്യത്തിൽ ചന്ദ്രൻ ഭൂമിയിൽ നിന്ന് 252,334 മൈൽ അകലെയായിരിക്കും. ഈ വലിയ ദൂരം കാരണം, സാധാരണ പൂർണചന്ദ്രനേക്കാൾ അല്പം ചെറുതായും മങ്ങിയതുമായിരിക്കും ഇത് ആകാശത്ത് കാണപ്പെടുക. അതുകൊണ്ട് കൂടിയാണ് ഇത് 2026ലെ ഏറ്റവും ചെറിയ പൂർണചന്ദ്രനാകുന്നത്.

∙ എപ്പോൾ, എവിടെ കാണാം?

കാലാവസ്ഥ അനുകൂലമാണെങ്കിൽ ഈ ആകാശവിസ്മയം കാണാൻ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. ആകാശത്ത് തെക്കുകിഴക്ക് ദിശയിലേക്ക് നോക്കിയാൽ, ചക്രവാളത്തിന് മുകളിലായി ‘സ്കോർപിയസ്’ നക്ഷത്രസമൂഹത്തിലെ തിളക്കമുള്ള ചുവന്ന നക്ഷത്രമായ ‘അന്റാരെസിന്’ അരികിലായി ഈ ചന്ദ്രനെ കണ്ടെത്താം.

അമേരിക്ക, യൂറോപ്, ആഫ്രിക്ക എന്നിവിടങ്ങളിലുള്ളവർക്ക് ഇന്ന് രാത്രിയിലാണ് ചന്ദ്രൻ അതിന്റെ പൂർണ ഘട്ടത്തിൽ എത്തുക. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലും ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലും ഉള്ളവർക്ക് നാളെ, മേയ് 31ന് രാത്രിയിലാണ് ഈ പൂർണചന്ദ്രൻ അതിന്റെ ഏറ്റവും തിളക്കമുള്ള ശോഭയിൽ ദൃശ്യമാകുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!