ആലുവ പീഡനക്കേസ്; പ്രതി ക്രിസ്റ്റൽ രാജിന് നാല് ജീവപര്യന്തവും 35 വർഷം തടവും

Share our post

പെരുമ്പാവൂർ: മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിലെ ഒന്നാംപ്രതിക്ക് രണ്ട് ഇരട്ട ജീവപര്യന്തവും 35 കൊല്ലം തടവും 21.81 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്റ്റൽ രാജി (36) നാണ് പെരുമ്പാവൂർ അതിവേഗ പോക്‌സോ കോടതി ജഡ്ജി വി. സന്ദീപ് കൃഷ്ണ ശിക്ഷ വിധിച്ചത്. 2023 സെപ്റ്റംബർ ഏഴിനാണ് കേസിന് ആസ്പദമായ സംഭവം. ആലുവ എടയപ്പുറത്തുള്ള വാടകവീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പോക്‌സോ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ക്രിസ്റ്റൽ രാജിനെതിരേ ‘കാപ്പ’യും ചുമത്തിയിട്ടുണ്ട്.

നാലുവകുപ്പുകളിലായാണ് നാല് ജീവപര്യന്തങ്ങൾ. 12 വയസ്സിൽ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പോക്‌സോ കേസുകൾ പ്രകാരവും ഐ.പി.സി.യിലെ രണ്ട് വകുപ്പുകൾ പ്രകാരവുമാണ് നാല് ജീവപര്യന്തം ശിക്ഷ. കുട്ടിയുടെ അമ്മയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചതിന് ഏഴ് കൊല്ലം, വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് 10 കൊല്ലം, ബലാത്സംഗം ചെയ്ത കേസിൽ 10 കൊല്ലം, കുട്ടിയെ മർദിച്ചതിന് ഒരുകൊല്ലം, രഹസ്യഭാഗങ്ങളിൽ മുറിവേൽപ്പിച്ചതിന് ഏഴുകൊല്ലം എന്നിങ്ങനെയാണ് 35 കൊല്ലത്തെ അധിക ശിക്ഷ. നാല് ജീവപര്യന്ത കേസുകളിൽ അഞ്ച് ലക്ഷം രൂപ വീതവും വിവിധ വകുപ്പുകളിൽ മൂന്ന് 50,000, 30,000, 1000 എന്നിങ്ങനെയുമാണ് 21.81 ലക്ഷം രൂപ പിഴ വിധിച്ചത്. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടാം പ്രതിയെ തെളിവുകളുടെ അഭാവത്തിൽ വെറുതേ വിട്ടു.

നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽ നിർണായകമായി

ആലുവയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽ നിർണായകമായതായി വിധിയിൽ പ്രത്യേകം പരാമർശിച്ചു. കുട്ടിയുടെ ജീവൻ അപകടത്തിലാകാതിരുന്നത് നാട്ടുകാരുടെ ഇടപെടലാണെന്ന് ജഡ്ജി എടുത്തുപറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസി സംശയം തോന്നി ഉടൻ ആളുകളെ വിളിച്ചുണർത്തി തിരച്ചിൽ നടത്തി.

പ്രതി കുട്ടിയെ എടുത്തുകൊണ്ടുപോയ പാടത്തേയ്ക്ക് തുടർച്ചയായി നാട്ടുകാരുടെ ടോർച്ച് തെളിച്ചുള്ള അന്വേഷണമെത്തിയതോടെ പ്രതി കുട്ടിയെ സമീപമുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

പിറ്റേന്ന് വൈകീട്ട് ആലുവ പാലത്തിന് സമീപത്തുനിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. തിരിച്ചറിയാനായി പോലീസ് പ്രതിയെ പെൺകുട്ടിക്ക് വീഡിയോ കോളിൽ കാണിച്ചുകൊടുത്തെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞില്ല. പിന്നീട് പെരുമ്പാവൂർ പോക്‌സോ കോടതിയിൽ പ്രതിയെ നേരിട്ട് കാണിച്ചപ്പോൾ പെൺകുട്ടി ഭയന്ന് വാവിട്ടു നിലവിളിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!