സിഎംആർഎൽ -എക്സാലോജിക് ഇടപാട്; വീണയ്ക്ക് ഉടൻ സമൻസ് നൽകിയേക്കും, കൂടുതൽ തെളിവ് ലഭിച്ചെന്ന് ഇഡി
തിരുവനന്തപുരം: മാസപ്പടിക്കേസിൽ അന്വേഷണം തുടരാനാവശ്യമായ നിർണായക തെളിവുകൾ ലഭിച്ചുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ ലഭിച്ച തെളിവുകളുടെ വിശദാംശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ഡയറക്ടറേറ്റിനെ അറിയിച്ചുവെന്ന് വിവരം. ചോദ്യംചെയ്യലിന് ഹാജരാകാൻ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണയ്ക്കും സിഎംആർഎൽ ഉദ്യോഗസ്ഥർക്കും ഉടൻ നോട്ടീസ് നൽകും.
വീണയുടെ ഫോൺ പരിശോധനാഫലം നിർണായകമാകും. ഡയറിയിലുള്ള മറ്റ് പേരുകൾ കേന്ദ്രീകരിച്ചും ഇഡി തെളിവുശേഖരണം തുടങ്ങി. പിണറായി വിജയന്റെ വീട്ടിലടക്കം 12-ഓളം കേന്ദ്രങ്ങളിലാണ് ഇഡി കഴിഞ്ഞദിവസം പരിശോധന നടത്തിയത്. നിർണായകമായ പല രേഖകളും ഈ പരിശോധനയിൽ ലഭിച്ചെന്നാണ് ഇഡി ഡയറക്ടറേറ്റിനെ അറിയിച്ചിരിക്കുന്നത്.
സിഎംആർഎല്ലിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ അടക്കം അഞ്ച് ഉദ്യോഗസ്ഥരുടെ മൊഴി നേരത്തേ എടുത്തിരുന്നു. പണം നൽകിയ ആളുകളുടെ പട്ടികയടക്കം മൊഴിയായി നൽകിയത് ഈ ചീഫ് ഫിനാൻഷ്യൽ ഓഫീസറാണ്. അതിനെ സാധൂകരിക്കുന്ന രേഖകൾ ഉൾപ്പെടെ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡുകളിലൂടെ ശേഖരിക്കാനായി എന്നാണ് ഇഡി ഉദ്യോഗസ്ഥർ പറയുന്നത്.
മാസപ്പടി കേസിൽ കള്ളപ്പണ നിരോധന നിയമപ്രകാരം അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനുള്ള പൂർണമായ തെളിവുകൾ ഇപ്പോൾ തങ്ങൾക്ക് ലഭിച്ചതായും ഇഡി പറയുന്നു. മുമ്പ് എസ്എഫ്ഐഓയുടെ (Serious Fraud Investigation Office) അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ തെളിവുകൾ കോടതിയിൽ നിന്ന് പകർപ്പെടുത്തതും ഇപ്പോൾ ഇഡിയുടെ കൈവശമുണ്ട്.
മൊഴികളെ സാധൂകരിക്കാൻ പാകത്തിന് രേഖാമൂലമുള്ള തെളിവുകൾ എല്ലാം ലഭിച്ചതായാണ് ഇഡി സൂചിപ്പിക്കുന്നത്. അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള അനുമതി തേടിക്കൊണ്ടാണ് ഇഡി ഉദ്യാഗസ്ഥർ ഡയറക്ടറേറ്റിനെ സമീപിച്ചിട്ടുള്ളത് എന്നാണ് വിവരം. അവിടെനിന്നും നിർദേശം ലഭിച്ചാലുടൻ വീണയെ ചോദ്യംചെയ്യാനുള്ള നീക്കം ആരംഭിക്കും.
കഴിഞ്ഞ ദിവസം പ്രാഥമിക മൊഴിയെടുക്കൽ മാത്രമാണ് നടന്നതെന്നും തെളിവുകൾ കൂടിവെച്ചുകൊണ്ട് വിശദമായ ചോദ്യംചെയ്യൽ വേണമെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇതിനായി വീണയെ സമൻസ് നൽകി കൊച്ചി ഓഫീസിലേക്ക് വിളിപ്പിക്കേണ്ടിവരും എന്നും ഇഡി വ്യക്തമാക്കി. സിഎംആർഎൽ ഉദ്യോഗസ്ഥരെയും ഇതോടൊപ്പം ചോദ്യംചെയ്യാൻ വിളിപ്പിക്കും.
ഈ നീക്കങ്ങൾ മുന്നിൽക്കണ്ട്, അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സിഎംആർഎൽ കമ്പനി. അടിയന്തര പ്രാധാന്യത്തോടെ ഈ ഹർജി പരിഗണിക്കണം എന്നുകാണിച്ച് സിഎംആർഎൽ കമ്പനിയുടെ അഭിഭാഷകർ നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു എന്നാണ് വിവരം.
