‘പ്രതിപക്ഷ നേതാക്കൾക്കെതിരേ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നു’; പിണറായിക്ക് പിന്തുണയുമായി സ്റ്റാലിൻ

Share our post

ചെന്നൈ: പിണറായി വിജയന്റെ വീടുകളിൽ നടന്ന ഇഡി റെയ്ഡിൽ ശക്തമായ പ്രതിഷേധവുമായി തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽ ലിമിറ്റഡുമായി (സിഎംആർഎൽ) ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്. മുൻ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെയുള്ള ഇഡി റെയ്ഡുകളെ ശക്തമായി അപലപിക്കുന്നുവെന്ന് സ്റ്റാലിൻ എക്‌സിൽ കുറിച്ചു.

നടപടിയെ ശക്തമായി അപലപിച്ച സ്റ്റാലിൻ, കേന്ദ്ര ഏജൻസികളെ പ്രതിപക്ഷ നേതാക്കൾക്കെതിരേ ‘ആയുധമാക്കുന്ന’ പ്രവണതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണ് ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി വിജയനെ എന്തുകൊണ്ടാണ് ബിജെപി ലക്ഷ്യം വയ്ക്കാത്തതെന്ന് ആവർത്തിച്ച് ചോദിച്ചിരുന്ന ചില കോൺഗ്രസ് നേതാക്കളുടെ ആരോപണങ്ങൾ എത്രത്തോളം പൊള്ളയാണെന്ന് ഈ നടപടി വെളിപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറിച്ചു.

അതേസമയം, കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ആയുധമായി മാറ്റുകയാണെന്ന് സിപിഐ(എം) പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. ഈ നടപടി ജനാധിപത്യപരമായ വിയോജിപ്പുകളെ അടിച്ചമർത്താനാണെന്നും രാഷ്ട്രീയ പകപോക്കലാണെന്നും നേതാക്കൾ ആരോപിച്ചു. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ പ്രതികാരത്തിനായി ദുരുപയോഗം ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. ജനാധിപത്യപരമായി പരാജയപ്പെടുത്താൻ കഴിയാത്ത രാഷ്ട്രീയ എതിരാളികളെ ഇഡി, സിബിഐ, ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റ് എന്നിവയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനും നിശബ്ദരാക്കാനുമാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും സിപിഎം ആരോപിച്ചു.

സിഎംആർഎല്ലുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് കേരളത്തിലെ പത്തോളം സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തിയത്. പിണറായി വിജയന്റെ ഭരണകാലത്ത് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ ഈ കേസിലെ ഇഡി അന്വേഷണം റദ്ദാക്കാൻ കഴിയില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ബുധനാഴ്ച രാവിലെ റെയ്ഡുകൾ ആരംഭിച്ചത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!