‘ഇന്ത്യ വിട്ടോടിക്കോ’; സുവേന്ദു അധികാരിയുടെ മുന്നറിയിപ്പ്; ബംഗാള്‍ അതിര്‍ത്തിയിലേക്ക് പാഞ്ഞ് ജനം

Share our post

ഇന്ത്യ വിട്ടുപോയില്ലെങ്കില്‍ സര്‍ക്കാര്‍ തിരഞ്ഞു പിടിച്ച് തടങ്കല്‍ പാളയത്തിലേക്ക് മാറ്റുമെന്നും നാടുകടത്തുമെന്നുമുള്ള ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഭീഷണിയെ തുടര്‍ന്ന് ബംഗ്ലദേശിലേക്കുള്ള അതിര്‍ത്തിയിലേക്ക് ജന പ്രവാഹമെന്ന് റിപ്പോര്‍ട്ട്. മതിയായ രേഖകളില്ലാതെ ഇന്ത്യയില്‍ കഴിഞ്ഞിരുന്ന വലിയൊരു വിഭാഗം ജനങ്ങളാണ് നോര്‍ത്ത് 24 പര്‍ഗാനാസിലെ ബിതാരി–ഹക്കിംപുര്‍ അതിര്‍ത്തിയിലേക്ക് എത്തിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അനധികൃത കുടിയേറ്റക്കാരെ തുരത്താന്‍ ബിജെപി സര്‍ക്കാര്‍ ഡിറ്റക്ട്– ഡിലീറ്റ്–ഡീപോര്‍ട്ട് പദ്ധതി നടപ്പിലാക്കുകയാണെന്ന വ്യാപക പ്രചാരണത്തെ തുടര്‍ന്നാണ് ജനങ്ങള്‍ പരിഭ്രാന്തരായത്.

അനധികൃത കുടിയേറ്റക്കാരെന്ന് സംശയിക്കപ്പെടുന്നവരെല്ലാം നടപടി നേരിടേണ്ടി വരും. ‘ എത്രവേഗം ഇന്ത്യ വിടാമോ അത്രയും വേഗം സ്ഥലം വിടണം. അല്ലെങ്കില്‍ ചെയ്യാനുള്ളത് സര്‍ക്കാര്‍ ചെയ്യും’ എന്നായിരുന്നു കല്യാണിയില്‍ നടന്ന യോഗത്തില്‍ സുവേന്ദു അധികാരി പ്രഖ്യാപിച്ചത്. അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തുന്നവരെ പിടികൂടാനും ബംഗാള്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

മാള്‍ഡയിലും മൂര്‍ഷിദാബാദിലുമാണ് അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തുന്നവരെ പാര്‍പ്പിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയത്. എസ്.ഐ.ആറിന് പിന്നാലെ തന്നെ രേഖകള്‍ നഷ്ടപ്പെട്ട വലിയ വിഭാഗം ജനങ്ങള്‍ ബംഗാളില്‍ ആശങ്കയിലായിരുന്നു. സുവേന്ദു അധികാരിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പുരുഷന്‍മാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘങ്ങളാണ് ബംഗ്ലദേശിലേക്ക് പോകുന്നതിനായി സ്വരൂപ്നഗറിലെ അതിര്‍ത്തിയിലെത്തിയത്. ആദ്യം നൂറുപേരോളം വന്നുവെന്നും പിന്നീട് ഇത് ആയിരമായെന്നും അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.

ബംഗ്ലദേശിലേക്ക് സ്വമേധയാ പോകാന്‍ തയാറായി എത്തിയവരിലേറെയും കെട്ടിട നിര്‍മാണ, ഹോട്ടല്‍, മല്‍സ്യബന്ധന തൊഴിലാളികളും വീട്ടുസഹായികളുമാണ്. ഇടനിലക്കാരുടെ സഹായത്തോടെ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയവരും അല്ലാതെ ഇന്ത്യന്‍ പൗരന്‍മാരെന്ന രേഖകള്‍ നഷ്ടപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. ജനിച്ച് വളര്‍ന്നത് ഇന്ത്യയിലാണെന്നും പക്ഷേ രേഖകളൊന്നും കൈവശമില്ലെന്നുമാണ് പലരും പറയുന്നത്. തടങ്കല്‍ പാളയത്തില്‍ പോകാന്‍ താല്‍പര്യമില്ലാത്തതിനാല്‍  രാജ്യം വിടുകയാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.

സുവേന്ദു അധികാരിയുടെ ഉത്തരവിറങ്ങി 48 മണിക്കൂറിനകമാണ് രണ്ട് തടങ്കല്‍ കേന്ദ്രങ്ങള്‍ ബംഗാളില്‍ ഉയര്‍ന്നത്. തിങ്കളാഴ്ച വൈകുന്നേരം വരെയുള്ള കണക്കുകള്‍ പ്രകാരം ബംഗ്ലദേശി പൗരന്‍മാരെന്ന് സംശയിക്കുന്ന 12 പേരെ അധികൃതര്‍ കണ്ടെത്തുകയും ഇവരെ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ കോടതിക്ക് മുന്നിലെത്തിക്കേണ്ട കാര്യമില്ലെന്നും പൊലീസിന് കൈകാര്യം ചെയ്യാനുള്ള അധികാരമുണ്ടെന്നും സുവേന്ദു അധികാരി പറഞ്ഞിരുന്നു. അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയാല്‍ പൊലീസിന് ഇവരെ ബിഎസ്എഫിന് കൈമാറാമെന്നും ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള കരാര്‍ അനുസരിച്ച് പിടിയിലായവര്‍ ബംഗ്ലദേശികളെന്ന് സ്ഥിരീകരിച്ചാല്‍ അവര്‍ ഏറ്റെടുക്കുമെന്നും അധികൃതര്‍ പറയുന്നു. 

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി ജയിലില്‍ ഇട്ട് ഭക്ഷണവും വസ്ത്രവും മരുന്നും നല്‍കി പരിപാലിക്കാന്‍ തന്‍റെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്വയമേ മടങ്ങിപ്പോകാത്തവരെ നിയമവഴിയിലൂടെ ബംഗ്ലദേശിലേക്ക് കടത്തുമെന്നും സുവേന്ദു പറഞ്ഞു. ‘ അവര്‍ ബംഗ്ലദേശികളാണ്, മടങ്ങിപ്പോയേ തീരൂ. അവരുടെ സര്‍ക്കാര്‍ അവരെ സ്വീകരിക്കണം. ഇവരെയൊന്നും പിടികൂടി ജയിലില്‍ ഇടരുതെന്ന് പൊലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. അവര്‍ക്ക് ഭക്ഷണവും വസ്ത്രവും മരുന്നും നല്‍കാന്‍ രാജ്യത്തെ നിയമം അനുശാസിക്കുന്നില്ല. ഇന്ത്യക്കാരല്ലാത്തവര്‍ സ്വയം പോകുന്നതാണ് നല്ലത്. അല്ലെങ്കില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും’ എന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍.  പിടിയിലാകുന്നവരെ വിശദമായി ചോദ്യം ചെയ്യുകയും ഇവരുടെ വിരലടയാളമടക്കം ശേഖരിക്കുകയും ചെയ്യുമെന്നും ശേഷം ബിഎസ്എഫിന് കൈമാറുമെന്നും പൊലീസ് വിശദീകരിച്ചു. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!