ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗം; കേസെടുക്കാൻ ഡി.ജി.പിയോട് നിർദേശിച്ച് ചെന്നിത്തല

Share our post

തിരുവനന്തപുരം: മുൻ എം.എൽ.എ. ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിൽ കേസെടുക്കാൻ നിർദേശംനൽകി ആഭ്യന്തര വകുപ്പ്. അജിത് ലാൽ എന്നയാളുടെ പരാതിയിലാണ് നടപടി. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയനോടാണ് കേസെടുക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയത്.

സമൂഹത്തിൽ വലിയ ആശങ്കയുണ്ടാക്കുന്ന പ്രസംഗമാണിതെന്നും ബി.എൻ.എസ്. പ്രകാരം, പരസ്പരം ശത്രുത ഉണ്ടാക്കുന്ന വകുപ്പുകൾ ചുമത്താവുന്ന കുറ്റം പ്രസംഗത്തിൽ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അജിത് ലാൽ പരാതി നൽകിയത്. കണ്ണൂരിൽ രാഷ്ട്രീയ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട സജിത് ലാലിന്റെ സഹോദരനാണ് പരാതിനൽകിയ അജിത് ലാൽ. സജിത് ലാൽ കൊല്ലപ്പെട്ട കേസിൽ ടി.ഐ. മധുസൂദനൻ ആരോപണവിധേയനായിരുന്നു.

കൂത്തുപറമ്പ് രക്തസാക്ഷികളുടെ അനുസ്മരണ ദിനാചരണത്തിൽ സംസാരിക്കുമ്പോഴായിരുന്നു മധുസൂദനന്റെ പരാമർശം. “കണക്ക് പറയുന്നത് കണക്ക് പറഞ്ഞുതന്നെ തീർക്കും. അതിനൊന്നും ഈ പ്രസ്ഥാനത്തിന് യാതൊരു മടിയുമില്ല. ഞങ്ങളെ പരിഹസിക്കുന്ന സോഷ്യൽ മീഡിയ ജീവികളില്ലേ, അവർ ആലോചിക്കണം. നിങ്ങളുടെയൊന്നും വീട്ടിലേക്ക് വരാതിരിക്കാൻ ഞങ്ങൾക്ക് മനസ്സില്ലാത്തതുകൊണ്ടാണ്. ഞങ്ങളുടെ ക്ഷമ പരീക്ഷിച്ച് മുന്നോട്ടുപോകാൻ പരിശ്രമിക്കരുത്”, എന്നായിരുന്നു മധുസൂധനന്റെ പരാമർശം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!