സർവത്ര തീവില; പാൽവില നാല് രൂപ കൂട്ടിയതുകൊണ്ട് ഒന്നുമാകുന്നില്ലെന്ന് കർഷകർ
തൊടുപുഴ ∙ പാൽവില നാല് രൂപ കൂട്ടിയത് ചെറിയ ആശ്വാസമാണെങ്കിലും ഇതുകൊണ്ട് കാര്യമായ ഗുണമില്ലെന്നു കർഷകർ. പരിപാലനച്ചെലവ് ക്രമാതീതമായി വർധിച്ചതിനാൽ ഈ വിലവർധന അപര്യാപ്തമാണെന്നു കർഷകർ പറയുന്നു. ജൂൺ 1 മുതലാണ് വില വർധന പ്രാബല്യത്തിൽ വരിക. ലീറ്ററിനു 4 രൂപ കൂട്ടുമ്പോൾ ഇതിൽ 3.35 രൂപ കർഷകന് ലഭിക്കും. നിലവിൽ ക്ഷീര സംഘങ്ങളിൽ അളക്കുന്ന ഒരു ലീറ്റർ പാലിന് 43-44 നിരക്കിലാണ് കർഷകന് വില ലഭിക്കുന്നത്. ഇനി 46- 47 എന്ന നിരക്കിൽ വില ലഭിക്കും.
ഇത് എല്ലാ കർഷകർക്കും ലഭിക്കണമെന്നില്ല. പാലിന്റെ കൊഴുപ്പ്, കൊഴുപ്പിതര ഘടകങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് വില നിശ്ചയിക്കുന്നത്. ഉയർന്ന അളവിൽ ഉൽപാദനശേഷിയുള്ള എച്ച്എഫ് വിഭാഗം പോലെയുള്ള പശുക്കളുടെ പാലിൽ പൊതുവേ കൊഴുപ്പിന്റെ അളവ് കുറവായിരിക്കും. കുറഞ്ഞ അളവിൽ ഉൽപാദനമുള്ള ജഴ്സി ഉൾപ്പെടെയുള്ള പശുക്കളുടെ പാലിൽ കൊഴുപ്പ് കൂടുതലായിരിക്കും. നിലവിലെ ഉൽപാദനച്ചെലവ് കണക്കാക്കുമ്പോൾ, ലീറ്ററിന് 50 രൂപയെങ്കിലും കർഷകനു ലഭിക്കണമെന്നാണ് ഇവർ പറയുന്നത്. രാപകൽ കഠിനാധ്വാനം ചെയ്തിട്ടും ക്ഷീര മേഖലയിൽ നിന്നു ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് പശുപരിപാലനവും ജീവിതവും മുന്നോട്ടു പോകില്ലെന്ന് കർഷകർ പറയുന്നു.
സർവത്ര തീവില
കാലിത്തീറ്റ വിലവർധന കാരണം കർഷകർ വലിയ പ്രതിസന്ധിയിലാണ്. 50 കിലോ ചാക്ക് കാലിത്തീറ്റയ്ക്ക് 1,450 രൂപ മുതൽ മുകളിലേക്കാണ് വില. പച്ചപ്പുല്ല് ലഭ്യമല്ലാത്ത സാഹചര്യത്തിൽ കാലിത്തീറ്റയാണ് പശുക്കൾക്ക് പ്രധാനമായും നൽകുന്നത്. ഇതിനുപുറമെ തവിട്, പിണ്ണാക്ക്, വൈക്കോൽ എന്നിവയും നൽകണം. ഇവയുടെയും വില ക്രമാതീതമായി വർധിച്ചു. ഇതിനിടെ പാലുൽപാദനം കുറയൽ, പശുക്കളുടെ രോഗം എന്നിങ്ങനെയുള്ള പ്രതിസന്ധികളുമുണ്ട്. ജില്ലയിൽ ഇരുനൂറോളം ക്ഷീര സംഘങ്ങളാണ് റജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്നത്. നേരത്തേ, പതിനായിരത്തിനു മുകളിൽ കർഷകർ ഈ സംഘങ്ങളിൽ പാൽ അളന്നിരുന്നു. എന്നാൽ, നല്ലൊരു വിഭാഗം കർഷകരും മേഖല ഉപേക്ഷിച്ച് മറ്റ് ഉപജീവനമാർഗങ്ങൾ തേടിപ്പോയി. കാലിത്തീറ്റയ്ക്കു സബ്സിഡിയും സ്ഥിരമായ വിലനിയന്ത്രണ സംവിധാനവും കൊണ്ടുവന്നാലേ ക്ഷീരമേഖലയെ രക്ഷിക്കാനാവൂ എന്ന് കർഷകർ പറയുന്നു.
