വന്ദേമാതരം വിവാദം; ‘മുഹമ്മദ് റിയാസ് രണ്ടാം മുഹമ്മദലി ജിന്നയോ?’, അധിക്ഷേപ പരാമര്‍ശവുമായി ബിജെപി

Share our post

തിരുവനന്തപുരം: വന്ദേമാതരം വിവാദത്തിന് പിന്നാലെ മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിനെ ജിന്ന എന്ന് വിളിച്ച് അധിക്ഷേപിച്ച് ബിജെപി. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബുവാണ് അധിക്ഷേപ പരാമര്‍ശം നടത്തിയത്. റിയാസ് രണ്ടാം മുഹമ്മദലി ജിന്നയോ എന്നായിരുന്നു പ്രകാശ് ബാബുവിന്റെ പരാമര്‍ശം. വി ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവന്‍ പാടിയതിനെതിരെ മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. ഇതിനെതിരെ കോഴിക്കോട് ബിജെപി റിയാസിന്റെ കോലം കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു. പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു കോലം കത്തിച്ചുളള പ്രതിഷേധം. ഇതിന്റെ വീഡിയോ പങ്കുവെച്ചാണ് പ്രകാശ് ബാബു ‘റിയാസ് രണ്ടാം മുഹമ്മദലി ജിന്നയോ’ എന്ന് കുറിച്ചത്.

സംഭവത്തില്‍ പ്രതികരണവുമായി മുഹമ്മദ് റിയാസ് രംഗത്തെത്തി. വന്ദേമാതരം വിവാദത്തില്‍ തന്റെ വിമര്‍ശനം ശരിയായിരുന്നുവെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയെന്ന് റിയാസ് പറഞ്ഞു. മതനിരപേക്ഷ നിലപാട് ഉയര്‍ത്തിയതിന് താന്‍ വ്യക്തി അധിക്ഷേപം നേരിട്ടെന്നും ശരീരം തന്നെ കത്തിച്ചാലും മതനിരപേക്ഷ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മുഹമ്മദ് റിയാസിൻ്റെ പ്രതികരണം.

‘യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരത്തിന്റെ ആദ്യ ഈരടികള്‍ക്ക് പുറമേ ഗാനം മുഴുവനായും പാടിയത് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷതയെന്ന ആശയത്തിനെതിരാണ് എന്ന നിലപാട് ചൂണ്ടിക്കാട്ടിയിരുന്നു. വി ഡി സതീശന്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഞങ്ങള്‍ ഉയര്‍ത്തിയ നിലപാട് ശരിവെച്ചിരിക്കുകയാണ്. യഥാര്‍ത്ഥ മതവിശ്വാസികള്‍ ഉള്‍പ്പെടെ ആഗ്രഹിക്കുന്ന മതനിരപേക്ഷ നിലപാടുയര്‍ത്തിയതിന് ബിജെപിയുടെ നേതൃത്വത്തില്‍ ഒട്ടേറെ അധിക്ഷേപങ്ങളും കോലം കത്തിക്കലുകളും ഉള്‍പ്പെടെ നേരിടേണ്ടിവന്നു. ഞങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനം ശരിയായിരുന്നു എന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ സ്ഥിരീകരിക്കപ്പെടുകയാണ്. ക്രിയാത്മക പ്രതിപക്ഷ ധര്‍മ്മവും മതനിരപേക്ഷത മുറുകെപ്പിടിക്കുക എന്ന കടമയും ഇവിടെ നിര്‍വഹിക്കപ്പെട്ടിരിക്കുകയാണ്. വന്ദേമാതരം പൂര്‍ണമായും ആലപിക്കുമെന്ന കാര്യം അറിഞ്ഞിരുന്നില്ല എന്ന മുഖ്യമന്ത്രിയുടെ വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും പുതിയ സര്‍ക്കാര്‍ എന്ന നിലയില്‍ അതിപ്പോള്‍ ഉന്നയിക്കുന്നില്ല. കോലമല്ല, സ്വശരീരം തന്നെ കത്തിച്ചാലും മതനിരപേക്ഷ നിലപാടില്‍ നിന്ന് പിറകോട്ട് പോകുന്നവരല്ല ഞങ്ങള്‍’ എന്നാണ് മുഹമ്മദ് റിയാസ് പറഞ്ഞത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!