കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര; ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ അനുവദിച്ചേക്കും

Share our post

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യയാത്ര പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് നിലവിൽ സർക്കാർ ആലോചിക്കുന്നത് എന്നാണ് വിവരം. എത്ര സ്ത്രീകൾ യാത്രയ്ക്കായി കെഎസ്ആർടിസിയെ ആശ്രയിക്കുന്നുണ്ട് എന്ന് കണക്കെടുത്തിരുന്നു. ഇതുപ്രകാരം പ്രതിദിനം പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീ യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്.

ഇവർക്ക് സൗജന്യയാത്ര അനുവദിക്കുന്നതോടെ പ്രതിമാസം ഏകദേശം 60 കോടി രൂപയെങ്കിലും കുറഞ്ഞത് സർക്കാർ കെഎസ്ആർടിസിക്ക് സബ്‌സിഡിയായി നൽകേണ്ടി വരും. ഏതൊക്കെ ബസുകളിൽ, എത്ര ദൂരം വരെ യാത്ര ചെയ്യാം എന്ന കാര്യത്തിൽ നാളത്തെ യോഗത്തിന് ശേഷമേ വ്യക്തതയുണ്ടാകു. ജില്ലകൾക്ക് പുറത്തേക്ക് സൗജന്യയാത്ര അനുവദിക്കണമോ എന്നും എല്ലാ പ്രായക്കാർക്കും ഈ ആനുകൂല്യം നൽകണമോ എന്ന കാര്യത്തിലും സർക്കാർ തീരുമാനമെടുക്കാനുണ്ട്.

കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ സ്ത്രീകളുടെ സൗജന്യയാത്ര പദ്ധതികളും സർക്കാർ നിരീക്ഷിക്കുന്നുണ്ട്. കർണാടകയിൽ എസി, സ്ലീപ്പർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്രയില്ല. തമിഴ്‌നാട്ടിലാകട്ടെ, ഓർഡിനറി ബസുകളിൽ മാത്രമാണ് ഈ ആനുകൂല്യം നൽകുന്നത്. കേരളത്തിൽ ഇതിലും വിപുലമായ രീതിയിൽ ഫാസ്റ്റ് പാസഞ്ചറുകളിൽ കൂടി ആനുകൂല്യം എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് എന്നാണ് സൂചന. പദ്ധതി ജൂൺ 15 മുതൽ നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

കെഎസ്ആർടിസി ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ ഇത്രയും വലിയ തുക സർക്കാർ എവിടെ നിന്ന് കണ്ടെത്തുമെന്നാണ് ഉയരുന്ന വിമർശനങ്ങൾ. ശമ്പളം നൽകാനായി സർക്കാർ പ്രതിമാസം കോടികളാണ് കെഎസ്ആർടിസിക്ക് നൽകുന്നത്. ഇതിന് പുറമെ 60 കോടി രൂപ പ്രതിമാസം സബ്‌സിഡി ചെലവായി നൽകേണ്ടി വരിക എന്നത് സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയായി മാറും. നാളത്തെ ഉദ്യോഗസ്ഥ യോഗത്തിന് ശേഷം പദ്ധതിയുടെ അന്തിമ രൂപരേഖ പുറത്തുവരും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!