ജനകീയപദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രത്യാശിക്കുന്നു-ആശംസയുമായി പിണറായി
തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ വി.ഡി. സതീശനും മന്ത്രിസഭയ്ക്കും അഭിനന്ദനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാരിന്റെ ഇടപെടലുകൾക്ക് ക്രിയാത്മകമായ പിന്തുണ ഉറപ്പ് നൽകുന്നതായി അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ 10.30-ഓടെയാണ് പുതിയ മന്ത്രിസഭയുടെ സത്യാപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും കർണാടക, തെലങ്കാന മുഖ്യമന്ത്രിമാരും പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതിപക്ഷനിരയിലെ നേതാക്കളും വേദിയിൽ സന്നിഹിതരായിരുന്നു.
പിണറായി വിജയന്റെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ വി.ഡി. സതീശനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കും അഭിനന്ദനങ്ങൾ. മുൻ സർക്കാരുകൾ ആരംഭിക്കുകയും പിന്തുടരുകയും ചെയ്ത ജനകീയ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും പുതിയ സർക്കാർ മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രത്യാശിക്കുന്നു. അത്തരം ഇടപെടലുകൾക്ക് ക്രിയാത്മകമായ പിന്തുണ ഉറപ്പ് നൽകുന്നു.
