മണ്ഡല മകരവിളക്ക്; ശബരിമല നട തിങ്കളാഴ്ച തുറക്കും
ശബരിമല: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തിങ്കളാഴ്‌ച വൈകിട്ട് അഞ്ചിന് തുറക്കും. നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി എ ദാമോദരൻ നമ്പൂതിരി അന്നേ ദിവസം ചുമതലയേൽക്കും. വൃശ്ചികം ഒന്നായ ചൊവ്വ പുലർച്ചെ മൂന്നിന് നട തുറക്കുന്നതോടെ മണ്ഡലകാല പൂജകൾക്കും നെയ്യഭിഷേകത്തിനും ഔദ്യോഗികമായി തുടക്കമാകും.
വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിങ് വഴി ദിവസം 80,000 പേർക്കാണ് ദർശന സൗകര്യം ഒരുക്കിയിരിക്കുന്നത്. 50 ലക്ഷം ടിൻ അരവണ കരുതൽശേഖരമായി ഒരുക്കിയിട്ടുണ്ട്. വിതരണത്തിന് അഞ്ചു കൗണ്ടറുകൾകൂടി തുറക്കും. തപാൽവകുപ്പിന്റെ കൗണ്ടർ മുഖേനയും അരവണയും അപ്പവും ഓർഡർ ചെയ്യാവുന്നതാണ്. തീർഥാടകരുടെ വിലാസത്തിലും അയച്ചുനൽകും. ഡോളി സർവീസുകൾ പ്രീപെയ്‌ഡാണ്. സന്നിധാനത്തെ തിരക്ക് ഒഴിവാക്കാൻ എക്‌സിക്യൂട്ടീവ് ഓഫീസിനുമുന്നിലെ കൗണ്ടറുകൾ മാറ്റും. റൂം ബുക്കിങ്ങിലുണ്ടായ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചു.
സ്പോർട്ട് ബുക്കിങ് സൗകര്യങ്ങളും ഒരുങ്ങി. നിലയ്ക്കലിലാണ് പ്രധാന സ്പോർട്ട് ബുക്കിങ് കേന്ദ്രം. പ്രതിദിനം 10,000 തീർഥാടകൾക്കാണ് നിലയ്ക്കലിൽ നിന്നും പാസ് ലഭിക്കുന്നത്. കാനനപാത വഴി വരുന്നവർക്കായി എരുമേലിയിലും, പുല്ലുമേട് വഴി എത്തുന്നവർക്കായി സത്രത്തിലും, ട്രെയിൻ മാർഗം എത്തുന്ന തീർഥാടകർക്ക് ചെങ്ങന്നൂരിലും സ്പോർട്ട് ബുക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ആധാർകാർഡ്, വോട്ടർ ഐഡി, അല്ലെങ്കിൽ പാസ്‌പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒരു അസ്സൽ തിരിച്ചറിയൽ രേഖ സ്പോർട്ട് ബുക്കിങ്ങിന് ആവശ്യമാണ്. ഓരോ ദിവസത്തെയും തീർഥാടകരുടെ തിരക്കും ഹൈക്കോടതി നിർദ്ദേശങ്ങളും അനുസരിച്ച് സ്‌പോട്ട് ബുക്കിങ് പാസുകളുടെ എണ്ണത്തിൽ ദേവസ്വം ബോർഡ് മാറ്റം വരുത്തും. തിരക്കുള്ള ദിവസങ്ങളിൽ സ്‌പോട്ട് ബുക്കിങ് ക്വാട്ട വേഗം തീരാൻ സാധ്യതയുള്ളതിനാൽ, ശബരിമല ഓൺലൈൻ പോർട്ടൽ വഴി മുൻകൂട്ടി വെർച്വൽ ക്യൂ ബുക്ക് ചെയ്‌ത് യാത്ര തിരിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.
