പാലം കുലുങ്ങിയാലും കുലുങ്ങില്ലെന്ന വാശിയിൽ രണ്ട് പഞ്ചായത്തുകൾ; മരത്തിൽ തൊട്ടാൽ വിവരം അറിയുമെന്ന് വനം വകുപ്പും

Share our post

ഇരിട്ടി ∙ പാലം കുലുങ്ങിയാലും കുലുങ്ങില്ലെന്ന വാശിയിൽ 2 പഞ്ചായത്തുകളും തങ്ങളുടെ മരം തൊട്ടാൽ വിവരം അറിയുമെന്ന നിലപാടിൽ വനം വകുപ്പും നിലയുറപ്പിച്ചതോടെ പാലത്തിൽ കുടുങ്ങിയ മരത്തിന് അണുവിട കുലുക്കമില്ല. ആറളം, മുഴക്കുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലപ്പുഴ പാലത്തിൽ ഒരു വർഷം മുൻപ് കുടുങ്ങിയ മരമാണ് അധികൃതരുടെ പിടിവാശിയിൽ പാലത്തിന്റെ 6 സ്പാൻ നീളത്തിൽ പാരയായി കിടക്കുന്നത്. കഴിഞ്ഞ മഴക്കാലത്ത് ബാവലി പുഴയിലുണ്ടായ മലവെള്ള പാച്ചിലിലാണ് കൂറ്റൻ തേക്ക് മരം കടപുഴകിയെത്തി പാലത്തിന്റെ തൂണുകൾക്ക് കുറുകെ കുടുങ്ങിയത്.

6 തൂണുകളുടെ നീളത്തിൽ മരം പാലത്തിൽ തടഞ്ഞ് നിന്നതോടെ നീരൊഴുക്കിനെയും ബാധിച്ചു. വേനൽക്കാലത്ത് വലിയ പ്രശ്നം ഇല്ലെങ്കിലും മഴക്കാലത്ത് പുഴ നിറഞ്ഞ് വെള്ളം ഒഴുകാൻ തുടങ്ങിയാൽ സ്ഥിതി ഗുരുതരമാവും. ശക്തമായ മഴ പെയ്താൽ പുഴയുടെ ഒഴുക്ക് പാലത്തിന് മുകളിലൂടെയാണ്. കഴിഞ്ഞ തവണ 4 തവണയാണ് ഇങ്ങിനെ പാലം കവിഞ്ഞ് വെള്ളം ഒഴുകിയത്. ചെറുതും വലുതുമായ മരങ്ങളും കാട്ടു ചണ്ടികളും ഒഴുകിയെത്തുന്നതോടെ പുഴയിലെ പാലത്തിലുള്ള തടസ്സം, പാലം തന്നെ തകർന്നു പോകാൻ കാരണമാവാം. വേനൽക്കാലത്ത് പോലും ഒഴുക്കിനെ തടഞ്ഞ് നിർത്തി തടയണയുടെ രൂപത്തിലാണ് പാലമുള്ളത്.

മഴക്കാലത്ത് നീരൊഴുക്ക് സുഗമമാക്കുന്നതിനും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും പഞ്ചായത്തുകൾ മഴക്കാല പൂർവ ശുചീകരണം നടത്തിയെങ്കിലും പാലപ്പുഴ പാലത്തെ അവഗണിക്കുകയായിരുന്നു. ഒരു വർഷത്തോളമായി മരം പാലത്തിന് കുറുകെ കിടന്ന് തടയണയുടെ രൂപം പ്രാപിച്ചു. ചെറിയ മഴ പെയ്താൽ പോലും കിലോമീറ്ററുകൾ ദൂരത്തിൽ നിന്ന് ഒഴുകിയെത്തുന്ന മാലിന്യങ്ങൾ പാലത്തിന് കുറുകെ കുടുങ്ങിയ മരത്തിൽ തങ്ങി നിൽക്കും. ഇതോടെ പുഴയുടെ ഒഴുക്ക് പാലത്തിന് മുകളിലൂടെ ആവുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!