പാക്കറ്റ് ഭക്ഷ്യവസ്തുക്കളിൽ ഭൂരിഭാഗവുമെത്തുന്നത് കൃത്രിമരുചിയോടെയും നിറത്തോടെയും- റിപ്പോർട്ട്
ഇന്ത്യയിൽ വിൽക്കുന്ന പാക്കറ്റ് ഭക്ഷണങ്ങളിൽ കൃത്രിമരുചിയും നിറവും അമിതമായി ചേർക്കുന്നുവെന്ന് റിപ്പോർട്ട്. ബിസ്കറ്റ്, സിരിയൽസ്, ശീതളപാനീയങ്ങൾ, ഇൻസ്റ്റന്റ് ഭക്ഷണം എന്നിവ ഉൾപ്പെടെയുള്ളവയിൽ കൃത്രിമരുചികളും നിറങ്ങളും ധാരാളമായി ചേർക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. രാജ്യത്തുടനീളമുള്ള 23,000-ലേറെ ഉത്പന്നങ്ങൾ പരിശോധിച്ചതിനൊടുവിലാണ് ഈ വിലയിരുത്തലിലെത്തിയത്. ന്യൂട്രീഷനിസ്റ്റ് പ്ലാറ്റ്ഫോമായ നാറ്റ്ഫസ്റ്റ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
എഐയുടെ സഹായത്തോടെയാണ് ഇരുപത്തിയഞ്ചിലേറെ വരുന്ന പാക്കറ്റ് ഉത്പന്നങ്ങളുടെ ലേബലുകൾ പരിശോധിച്ചത്. തുടർന്നാണ് കുട്ടികൾ ഉൾപ്പെടെ പതിവായി ഉപയോഗിക്കുന്ന ഉത്പന്നങ്ങളിൽപ്പോലും കൃത്രിമരുചിയും നിറവും അമിതമായി ചേർത്തിരിക്കുന്നുവെന്ന് കണ്ടെത്തിയത്. 80ശതമാനധിലധികം ബിസ്ക്കറ്റുകളിലും കുക്കികളിലും ഇവ അമിതമാണെന്നും കണ്ടെത്തി. മധുരമുള്ള സിരിയൽ ഉത്പന്നങ്ങളിൽ കൃത്രിമ ചേരുവകൾ ധാരാളമുണ്ട്. 80% ചോക്ലേറ്റുകളിലും മധുരപലഹാരങ്ങളിലും പഞ്ചസാരയുടെ അളവും സാച്ചുറേറ്റഡ് ഫാറ്റും കൂടുതലാണ്. ഏകദേശം 98% കാർബണേറ്റഡ് പാനീയങ്ങളിലും കൃത്രിമ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.
കുട്ടികൾ കൂടുതലായി ഉപയോഗിക്കുന്ന ഭക്ഷണങ്ങൾ എന്നനിലയിൽ ഈ കണ്ടെത്തൽ ആശങ്കപ്പെടുത്തുന്നതാണെന്ന് റിപ്പോർട്ടിലുണ്ട്. ഭക്ഷണം വാങ്ങുമ്പോൾ പാക്കറ്റുകളുടെ മുൻവശത്തുള്ള കലോറി കണക്കാക്കുന്നതിനൊപ്പം ചേരുവകൾ എന്തൊക്കെയാണെന്നതുകൂടി പരിശോധിക്കണമെന്ന് വ്യക്തമാക്കുകയാണ് ഈ റിപ്പോർട്ട്.
പാക്കറ്റുകളിൽ അടങ്ങിയിരിക്കുന്ന അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ (Ultra-processed foods) നിരന്തരം കഴിക്കുന്നത് ഹൃദ്രോഗത്തിനും അകാലമരണത്തിനുമുള്ള സാധ്യത ഗണ്യമായി വർധിപ്പിക്കുമെന്ന് അടുത്തിടെ ഒരു പഠനം വ്യക്തമാക്കിയിരുന്നു. അമിതമായി സംസ്കരിച്ച ഭക്ഷ്യപദാർഥങ്ങളിൽ പഞ്ചസാര, ഉപ്പ്, അനാവശ്യ കൊഴുപ്പുകൾ എന്നിവ കൂടുതലായിരിക്കും. ഇത് ശരീരത്തിൽ വീക്കം, മെറ്റബോളിക് തകരാറുകൾ, ദഹനപ്രശ്നങ്ങൾ, അമിതമായി ഭക്ഷണം കഴിക്കൽ എന്നിവയ്ക്ക് കാരണമായേക്കാം. ക്രമേണ ഹൃദ്രോഗം ഉൾപ്പെടെയുള്ള നിരവധി രോഗങ്ങളേയും മരണവും വിളിച്ചുവരുത്തുമെന്നും ഗവേഷകർ വ്യക്തമാക്കിയിരുന്നു.
പായ്ക്കറ്റിലാക്കി വിൽപനയ്ക്കെത്തുന്ന ബ്രെയ്ക്ക്ഫാസ്റ്റ് സിരിയലുകൾ, കൃത്രിമ മധുരപാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, ടെട്രാപാക് ജ്യൂസുകൾ, ഇൻസ്റ്റന്റ് സൂപ്പ്, സ്നാക്സ്, ചിക്കൻ നഗ്ഗറ്റ്സ്, സംസ്കരിച്ച മാംസം, പാചകം ചെയ്യാതെ കഴിക്കാവുന്ന പലതരം റെഡി ടു ഈറ്റ് ഭക്ഷണങ്ങൾ എന്നിവയൊക്കെ ഇക്കൂട്ടത്തിൽപ്പെടും. വ്യവസായശാലകളിൽ അമിതമായി സംസ്കരിച്ചെടുക്കുന്നതാണവ. സംസ്കരിച്ച അന്നജമാണ് പലതിലെയും പ്രധാന ഘടകം. അതിൽ രുചി വർധിപ്പിക്കുന്ന വസ്തുക്കൾ, ചീത്തയാകാതിരിക്കാനുള്ള പ്രിസർവേറ്റീവുകൾ, കൃത്രിമമധുരം, നിറങ്ങൾ, വിവിധ ഘടകങ്ങളെ ചേർത്തുനിർത്തുന്ന എമൾസിഫയർ, പൂരിത കൊഴുപ്പ്, ഉപ്പ് തുടങ്ങി പല വസ്തുക്കൾ ചേർക്കുന്നു. ഒടുവിൽ യഥാർഥ ഭക്ഷണത്തിന്റെ അടിസ്ഥാനസ്വഭാവം മാറിയാണ് കൈകളിലെത്തുന്നത്.
