ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുക്കാന്‍ മുസ്‌ലിം ലീഗ്; പകരം ഫിഷറീസ് വകുപ്പെന്ന് സൂചന

Share our post

മലപ്പുറം: ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുക്കാന്‍ മുസ്‌ലിം ലീഗ്. പകരം ഫിഷറീസ് വകുപ്പ് ലീഗിന് നല്‍കും. അന്തിമപ്രഖ്യാപനം ഉച്ചയോടെ ഉണ്ടാകും. പി സി വിഷ്ണുനാഥിനായിരിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്റെ തുടര്‍ ചര്‍ച്ചകള്‍ ഉടന്‍ നടക്കും. ലീഗ് യോഗം ഉടന്‍ പാണക്കാട് ഹാളില്‍ തുടങ്ങും.

അതേസമയം, യുഡിഎഫ് മന്ത്രിസഭയിലേക്ക് മുസ്‌ലിം ലീഗില്‍ നിന്നും പി കെ ബഷീര്‍ തന്നെയെത്തുമെന്നാണ് പുറത്തുവരുന്ന വിവരം. കെ എം ഷാജിയെ വെട്ടി ബഷീറിനെ പരിഗണിച്ചേക്കും. തന്നെ ഒഴിവാക്കാനുള്ള നീക്കത്തില്‍ ബഷീര്‍ അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍ മന്ത്രി സ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് കെ എം ഷാജിയും.

ബഷീറിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാവുകയാണ്. ‘ഇനിയൊരു അവസരം കിട്ടാൻ സാധ്യതയില്ലാത്ത പികെബിയോട് പാർട്ടി നീതി കാണിക്കണം’, ‘സീതി ഹാജിയോട് ചെയ്ത അനീതി ബഷീറിനോട് കാണിക്കരുത്’, എന്നാണ് ആവശ്യം. ‘വയനാട് പുനരധിവാസം അടക്കം പൂർത്തിയാക്കാൻ മുന്നിൽ നിന്നയാളാണ് ബഷീറെന്നും അദ്ദേഹത്തിന് പാർട്ടി നൽകിയ ഉറപ്പ് പാലിക്കണമെന്നും സൈബറിടത്ത് ആവശ്യം ശക്തമാണ്.

അഞ്ച് മന്ത്രിമാരുടെ പട്ടികയാണ് ലീഗ് തയ്യാറാക്കിയിട്ടുള്ളത്. എന്നാല്‍ നാല് മന്ത്രിസ്ഥാനങ്ങള്‍ മാത്രമേ നല്‍കാനാകൂവെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടനറിയാം. ലീഗിന്റെ മന്ത്രിമാരെ ഉച്ചക്ക് ശേഷം പ്രഖ്യാപിക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം  പറഞ്ഞു. മുഖ്യമന്ത്രിക്ക് ലിസ്റ്റ് കൈമാറും. ഇന്നും ചില കൂടിയാലോചനകള്‍ നടക്കും. വകുപ്പുകളുടെ കാര്യത്തില്‍ വിശദമായ ചർച്ച ഇനിയും നടക്കുമെന്നും അദ്ദേഹം പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!