മകന്റെ വിവാഹത്തിനുപോലും അവധിയില്ല, മേലുദ്യോഗസ്ഥരുടെ പീഡനം; പോലീസുകാരോടും വേണ്ടേ മനുഷ്യത്വം

Share our post

തൃശ്ശൂർ: പോലീസ് സേനയ്ക്കുള്ളിൽ മാനസികപീഡനം കൂടുന്നുവെന്ന പരാതി വ്യാപകം. ജീവനക്കാരുടെ സംഘടന ഇക്കാര്യത്തിൽ മൗനത്തിലാണെങ്കിലും അമർഷം ചട്ടക്കൂടുഭേദിച്ച് പുറത്തുവരുന്നുണ്ട്. മകന്റെ വിവാഹത്തിന് അവധി നിഷേധിച്ചതോടെ ചാലക്കുടി ഡിവൈ.എസ്.പി. മെഡിക്കൽ അവധിയിൽ പ്രവേശിച്ചു. ഔദ്യോഗിക ഫോൺ സ്റ്റേഷനിൽ ഏൽപ്പിച്ചാണ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചതെന്നാണ് വിവരം. അമ്മയുടെ ചികിത്സയ്ക്കുപോലും അവധി അനുവദിക്കാത്തതിനാൽ ഇക്കാര്യം കാണിച്ച് സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ട് റൂറൽ പോലീസിലെ സിവിൽ പോലീസ് ഓഫീസർ ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവവും കുറച്ചുനാൾമുൻപ് ഉണ്ടായി. അവധി നിഷേധത്തിൽ ഉന്നതനെതിരേ സിഐമാർ സംഘടിക്കുകയും ചെയ്തിരുന്നു.

തീരദേശ പോലീസിൽ അവധികിട്ടാതെ ചികിത്സ മുടങ്ങിയ ജീവനക്കാരൻ വീട്ടിലേക്കുള്ള യാത്രാമധ്യേ ബസിൽ കുഴഞ്ഞുവീണുമരിച്ചതും ഗൗരവമേറിയ സംഭവമാണ്. ഒരു ഉദ്യോഗസ്ഥൻ അവധി നിഷേധിക്കൽ തുടരുക മാത്രമല്ല, കീഴ്ജീവനക്കാർ ഏതു സ്ഥലത്താണ് ജോലിചെയ്യുന്നതെന്നറിയാൻ അവരുടെ പേഴ്‌സണൽ ഫോണിൽനിന്ന് ലൈവ് ലൊക്കേഷൻ അയക്കണമെന്ന് നിർദേശിക്കുകയും ചെയ്യുന്നു. പേഴ്‌സണൽ ഫോൺ ഔദ്യോഗികകാര്യത്തിന് ഉപയോഗിക്കരുതെന്നും വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയുള്ള നിർദേശങ്ങൾ ഔദ്യോഗികമല്ലെന്നും ആഭ്യന്തരമന്ത്രിയുടെ നിർദേശമുണ്ട്. എന്നിട്ടും അതിന്റെ ലംഘനമാണ് നിലവിലെ സംഭവങ്ങൾ.

രണ്ടു തവണ ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ കീഴുദ്യോഗസ്ഥനെ സംഘർഷ സാധ്യതയുള്ള സ്ഥലത്ത് ഡ്യൂട്ടി നൽകി മേലുദ്യോഗസ്ഥൻ പീഡിപ്പിച്ചുവെന്ന പരാതി വന്നത് തൃശ്ശൂർ നഗരത്തിലാണ്. അവധി തരുന്നില്ലെന്നാരോപിച്ച് മേലുദ്യോഗസ്ഥനെതിരേ പരാതി നൽകിയ കീഴ്ജീവനക്കാരനാണ് ഡ്യൂട്ടി നൽകിയത്.

ഡ്യൂട്ടിക്കിടെ നെഞ്ചുവേദന വന്ന പോലീസുകാരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശ്ശൂർ വെസ്റ്റ് സ്റ്റേഷനിലെ സി.ഐ. അവധി അനുവദിക്കാത്തതു സംബന്ധിച്ച പരാതി നൽകിയ മറ്റു മൂന്നുപേരെ സ്ഥലംമാറ്റുകയും ചെയ്തു. പോലീസുകാർക്ക് അവധി അനുവദിക്കണമെന്ന് എ.സി.പി. രേഖാമൂലം നിർദേശം നൽകിയെങ്കിലും കടുത്ത ഡ്യൂട്ടി നൽകി പകപോക്കുകയാണെന്ന് കീഴ്ജീവനക്കാർ ആരോപിക്കുന്നു. ഒരു വർഷമായി വെസ്റ്റ് സ്റ്റേഷനിലെ പോലീസുകാരുടെ കടുത്ത മാനസികസമ്മർദത്തിന്റെ സാഹചര്യത്തിലാണ് പരാതി നൽകിയത്. സംഘടനാ പിൻബലമില്ലാത്തതും ഇവർക്ക് വിനയായി.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!