‘തോറ്റവർ തളരരുത്, മക്കളെ ചേർത്തുപിടിക്കണം’; എസ്എസ്എൽസി വിജയികൾക്ക് അഭിനന്ദനവുമായി വി ശിവൻകുട്ടി

Share our post

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളെയും ഹൃദയപൂർവ്വം അഭിനന്ദിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത്തവണ കൈവരിച്ച 99.07 ശതമാനം വിജയം ഏറെ അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ 30,516 മിടുക്കർക്ക് അദ്ദേഹം വലിയൊരു കൈയടിയും നൽകി. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പതറാത്ത പരിശ്രമത്തിന്റെയും മനോഹരമായ ഫലമാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിജയാഘോഷങ്ങൾക്കിടയിൽ പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം നേടാനാകാത്തവരും ഗ്രേഡ് കുറഞ്ഞുപോയവരും ആത്മവിശ്വാസം കൈവിടരുതെന്നും ഇതൊരു അവസാനമല്ല, പുതിയൊരു തുടക്കം മാത്രമാണെന്നും വി ശിവൻകുട്ടി ഓർമ്മിപ്പിച്ചു.

ഒരു പരീക്ഷാഫലം നിങ്ങളുടെ ജീവിതത്തിന്റെ മൂല്യം നിശ്ചയിക്കുന്നില്ല എന്ന തിരിച്ചറിവാണ് ഈ സമയത്ത് കുട്ടികൾക്ക് ഉണ്ടാകേണ്ടത്. ലോകത്തെ കീഴടക്കിയ പല മഹാന്മാരും ജീവിതത്തിൽ പരീക്ഷകളിൽ പരാജയപ്പെട്ടവരോ പിന്നിലായിപ്പോയവരോ ആയിരുന്നു എന്നത് മറക്കരുത്.

‘സേ’ പരീക്ഷയിലൂടെ ഈ വർഷം തന്നെ ഉപരിപഠനത്തിന് യോഗ്യത നേടാൻ സാധിക്കുമെന്നതിനാൽ ഒരല്പം കൂടി ശ്രദ്ധയോടെ പരിശ്രമിച്ചാൽ തീർച്ചയായും ലക്ഷ്യസ്ഥാനത്തെത്താൻ കഴിയും. പാഠപുസ്തകത്തിനപ്പുറം നിങ്ങളിൽ വലിയൊരു പ്രതിഭ ഒളിഞ്ഞിരിപ്പുണ്ടാകാം. ആ കഴിവുകൾ കണ്ടെത്താനുള്ള ഊർജ്ജമായി ഈ സന്ദർഭത്തെ മാറ്റണമെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പ്രിയപ്പെട്ട കുട്ടികൾക്ക് ഹൃദയപൂർവ്വം…

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രിയപ്പെട്ട എല്ലാ കുട്ടികളെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുകയാണ്. നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പതറാത്ത പരിശ്രമത്തിന്റെയും മനോഹരമായ ഫലമാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. ഇത്തവണ 99.07 ശതമാനം വിജയം എന്നത് ഏറെ അഭിമാനകരമായ നേട്ടമാണ്. എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ 30,516 മിടുക്കർക്കും ഞാൻ വലിയൊരു കൈയടി നൽകുന്നു.

ആഘോഷങ്ങൾക്കിടയിൽ മനസ്സ് തളർന്നുനിൽക്കുന്ന ചില കുട്ടികളുണ്ടാകുമെന്ന് എനിക്കറിയാം. ഗ്രേഡ് കുറഞ്ഞവരോ ഉപരിപഠനത്തിന് അർഹത നേടാത്തവരോ ആയ പ്രിയപ്പെട്ട മക്കളോട് എനിക്ക് പറയാനുള്ളത് ഇതൊരു അവസാനമല്ല മറിച്ച് പുതിയൊരു തുടക്കം മാത്രമാണെന്നാണ്. ഒരു പരീക്ഷാഫലം നിങ്ങളുടെ ജീവിതത്തിന്റെ മൂല്യം നിശ്ചയിക്കുന്നില്ല എന്ന തിരിച്ചറിവാണ് ഈ സമയത്ത് നിങ്ങൾക്ക് ഉണ്ടാകേണ്ടത്. ലോകത്തെ കീഴടക്കിയ പല മഹാന്മാരും ജീവിതത്തിൽ പരീക്ഷകളിൽ പരാജയപ്പെട്ടവരോ പിന്നിലായിപ്പോയവരോ ആയിരുന്നു എന്നത് മറക്കരുത്. ‘സേ’ പരീക്ഷയിലൂടെ നിങ്ങൾക്ക് ഈ വർഷം തന്നെ ഉപരിപഠനത്തിന് യോഗ്യത നേടാൻ സാധിക്കുമെന്നതിനാൽ ഒരല്പം കൂടി ശ്രദ്ധയോടെ പരിശ്രമിച്ചാൽ തീർച്ചയായും നിങ്ങൾക്കും ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുന്നതാണ്. പാഠപുസ്തകത്തിനപ്പുറം നിങ്ങളിൽ വലിയൊരു പ്രതിഭ ഒളിഞ്ഞിരിപ്പുണ്ടാകാമെന്നും ആ കഴിവുകൾ കണ്ടെത്താനുള്ള ഊർജ്ജമായി ഈ സന്ദർഭത്തെ മാറ്റണമെന്നും ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നു.

ഫലം എന്തുതന്നെയായാലും ഈ നിമിഷം മക്കൾക്ക് വേണ്ടത് നിങ്ങളുടെ ചേർത്തുപിടിക്കലും ആത്മവിശ്വാസം നൽകുന്ന വാക്കുകളുമാണെന്നാണ് രക്ഷിതാക്കളോട് എനിക്ക് പറയാനുള്ളത്. അവരെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ അവരുടെ പോരായ്മകൾ പരിഹരിക്കാൻ കരുത്തോടെ കൂടെ നിൽക്കുകയാണ് വേണ്ടത്.

തുടർപഠനത്തിന് അർഹത നേടിയവർക്കും കൂടുതൽ കരുത്തോടെ തിരിച്ചുവരാൻ ഒരുങ്ങുന്നവർക്കും എന്റെ എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം നേരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!